പിച്ച് വിൽപനക്ക്; ഒളികാമറ കെണിയിൽ കുടുങ്ങി പുണെ പിച്ച് ക്യൂറേറ്റർ

പുണെ: ഇന്ത്യാ ടുഡേ റിപ്പോർട്ടർമാരുടെ ഒളികാമറ കെണിയിൽ കുടുങ്ങി പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലെ ക്യൂറേറ്റർ. തങ്ങളുടെ ആവശ്യങ്ങൾ അനുസരിച്ച് പിച്ച് നിർമിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ ഇയാളെ സമീപിച്ചത്. ഇന്ന് ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള രണ്ടാമത്തെ ഏകദിന മത്സരത്തിന് ഏതാനും മണിക്കൂറുകൾ മുമ്പാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന സംഭവം.

മുൻ മഹാരാഷ്ട്ര ബൗളറും മഹാരാഷ്ട്ര രഞ്ജി ട്രോഫി ചീഫ് സെലക്ടറുമായ പാണ്ഡുരംഗ് സാൽഗോൻകർ ആണ് ഒളികാമറ ഒാപറേഷനിൽ കുടുങ്ങിയത്. ബുക്കികളുടെ വേഷത്തിലെത്തിയ റിപ്പോർട്ടർമാരെ പുണെ പിച്ച് കാണാൻ അനുവദിക്കുക ചെയ്തു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) നിയമങ്ങൾക്ക് വിരുദ്ധമാണിത്. സംഭവത്തെ തുടർന്ന് സാൽഗോൻക്കറിനെ സസ്പെൻഡ് ചെയ്തു. സംഭവം അന്വേഷിക്കാൻ അഴിമതി വിരുദ്ധ വിഭാഗം തലവൻ നീരജ് കുമാറിനോട് ബി.സി.സി.ഐ ആക്ടിംഗ് പ്രസിഡന്റ് സി.കെ. ഖന്ന ആവശ്യപ്പെട്ടു.

താൻ തയ്യാറാക്കിയ പിച്ചിൽ ഉയർന്ന സ്കോറായിരിക്കുമെന്ന് ഒരു കാറിൽ ഇരുന്ന് സാൽഗോൻകർ പറയുന്നു. വളരെ നല്ല പിച്ചാണിത്, തീർച്ചയായും 337 റൺസെടുക്കാനും  പിന്തുടരാനും കഴിയുന്ന പിച്ചായിരിക്കും ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു ദിവസം മുമ്പ് കാണിച്ചുതന്നെ അതേ പിച്ച് തന്നെയാണോ എന്ന് ചോദിച്ചപ്പോൾ അതെയെന്നായിരുന്നു മറുപടി. പിച്ച് പരിശോധിക്കാൻ ഇതുവരെ ആരെയും അനുവദിച്ചിട്ടില്ലെന്ന്  അദ്ദേഹം റിപ്പോർട്ടറോട് പറയുന്നു.ബി.സി.സി.ഐ ക്യുറേറ്റർക്കൊപ്പമാണ് പിച്ച് തയ്യാറാക്കിയതെന്നും അദ്ദേഹം പറയുന്നുണ്ട്.

ഫെബ്രുവരിയിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്ന ആദ്യ ടെസ്റ്റിൽ പിച്ചിന് മോശം മാർക്കാണ് ഐ.സി.സി  റഫറി ക്രിസ് ബോർഡ് നൽകിയിരുന്നത്. മത്സരത്തിൽ ഇന്ത്യ 333 റൺസിന് തോറ്റിരുന്നു.

 

Tags:    
News Summary - Pitch curator for 2nd India-NZ ODI in the dock for pitch tampering -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.