മുംബൈ: ഐ.പി.എൽ മത്സരത്തിനിടെ ഡഗ്ഔട്ടിൽ ഫോൺ ഉപയോഗിച്ചതിന് രാജസ്ഥാൻ റോയൽസ് മാനേജർ റോമി ഭിന്ദറിനെതിരെ നടപടിയെടുത്ത് ബി.സി.സി.ഐ. ഒരു ലക്ഷം രൂപയാണ് പിഴയായി ചുമത്തിയത്.
പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് രാജസ്ഥാൻ നൽകിയ വിശദീകരണം തള്ളിയാണ് റോമിക്ക് പിഴ ചുമത്തിയത്. നേരത്തെ, ഗുരുതര ചട്ടലംഘനങ്ങളൊന്നും റോമിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതിനാൽ മത്സരവിലക്കിൽനിന്ന് രക്ഷപ്പെട്ടു. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ കഴിഞ്ഞ മത്സരത്തിലാണ് സംഭവം. മത്സരത്തിനിടെ ഡഡ്ഔട്ടിലിരുന്ന് റോമി ഭിന്ദർ മൊബൈൽ ഫോൺ നോക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. സമീപത്തിരുന്ന് കൗമാര താരം വൈഭവ് സൂര്യവംശിയും ഭിന്ദറിന്‍റെ കൈയിലുള്ള ഫോണിലേക്ക് നോക്കുന്നുണ്ട്.
എന്നാൽ, വൈഭവിനെതിരെ നടപടിയില്ല. ബംഗളൂരു ഉയർത്തിയ 202 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ 11 ഓവറിലാണ് സംഭവം. ഡഗ് ഔട്ടിലിരുന്ന് ഫോൺ ഉപയോഗിക്കുന്നത് ഐ.പി.എൽ പെരുമറ്റച്ചട്ടങ്ങളുടെ ലംഘനമാണ്. മത്സരത്തിനിടെ മൊബൈൽ ഫോണുകളോ മറ്റു ഇലക്ട്രോണിക് ആശയ ഉപകരണങ്ങളോ ഉപയോഗിക്കാൻ പാടില്ലെന്ന് മാച്ച് ഓഫിഷ്യലുകൾക്കുമുള്ള മാർഗനിർദേശങ്ങളിൽ കൃത്യമായി പറയുന്നുണ്ട്. ഡ്രസ്സിങ് റൂം, താരങ്ങൾക്ക് കളി കാണാനുള്ള സ്ഥലം, തേഡ് അമ്പയറുടെ മുറി, മാച്ച് നിയന്ത്രിക്കുന്ന റഫറിമാരുടെ റൂം, മാച്ച് ഓഫിഷ്യലുകൾ ഭക്ഷണം കഴിക്കുന്ന റൂം, ഡഗ്ഔട്ട് എന്നിവിടങ്ങളും ബി.സി.സി.ഐ അഴിമതി വിരുദ്ധ സുരക്ഷ മാനേജർ നിയന്ത്രണം ഏർപ്പെടുത്തുന്ന മറ്റു സ്ഥലങ്ങളിലുമാണ് മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വിലക്കുള്ളത്. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച പ്രത്യേക ടേബിളിൽ ടീം അനലിസ്റ്റിന് ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് ഇളവുണ്ട്. കൂടാതെ, ഡ്രസ്സിങ് റൂമിൽ ടീം മനേജർക്ക് മാത്രം ഫോൺ ഉപയോഗിക്കാനാകും.
സ്റ്റേഡിയത്തിൽ എത്തിയാൽ ഓരോ ടീമിനും അനുവദിക്കുന്ന പ്രത്യേക വിശ്രമ മുറിയിൽ ഫോൺ ഓഫ് ചെയ്ത് സൂക്ഷിക്കണമെന്നാണ് ചട്ടം. സമൂഹമാധ്യമങ്ങളിലടക്കം വിഷയം വലിയ ചർച്ചയായതോടെ ബി.സി.സി.ഐ വിശദീകരണം തേടിയിരുന്നു. പ്രഥമ സീസൺ മുതൽ രാജസ്ഥാൻ ടീം മാനേജർ പദവി വഹിക്കുന്നത് റോമി ഭിന്ദറാണ്. ഈമാസം 19ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് രാജസ്ഥാന്‍റെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.