ഐ.പി.എൽ വിട്ട് പി.എസ്.എല്ലിൽ കളിക്കാനുള്ള കാരണം വെളിപ്പെടുത്തി ഇംഗ്ലീഷ് ഓൾ റൗണ്ടർ

ലണ്ടൻ: ഇന്ത്യൻ പ്രീമിയർ ലീഗ്, പാകിസ്താൻ സൂപ്പർ ലീഗ് മത്സരക്രമങ്ങൾ ഒന്നിച്ചുവന്നത് വിദേശതാരങ്ങളെ വലിയ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ഒന്നുങ്കിൽ ഐ.പി.എൽ, അല്ലെങ്കിൽ പി.എസ്.എൽ, ഇതിൽ ഏതെങ്കിലും ഒരു ലീഗിലേ കളിക്കാനാകു. സ്വഭാവികമായും ഭൂരിഭാഗം താരങ്ങളും ഐ.പി.എല്ലിൽ തുടരാൻ തന്നെയാണ് തീരുമാനിച്ചത്. ഐ.പി.എല്ലിൽ അവസരം ലഭിക്കാത്ത താരങ്ങൾ മറ്റു ലീഗുകളിലേക്ക് പോയി. എന്നാൽ, ചില താരങ്ങൾ ഏവരെയും അത്ഭുതപ്പെടുത്തി ഐ.പി.എൽ വിട്ട് പി.എസ്.എൽ കളിക്കാൻ തീരുമാനിച്ചു.

മുൻ ഇംഗ്ലണ്ട് ഓൾ റൗണ്ടർ മുഈൻ അലിയാണ് അതിലൊരു താരം. 38കാരനായ മുഈൻ ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനുവേണ്ടിയാണ് (കെ.കെ.ആർ) കളിച്ചിരുന്നത്. താരം ഐ.പി.എൽ വിട്ടതുമായി ബന്ധപ്പെട്ട് പലവിധ അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. ഒടുവിൽ താരം തന്നെ വിശദീകരണവുമായി രംഗത്തുവന്നിരിക്കുകയാണ്. ‘നിരവധി കാരണങ്ങളുണ്ട്. എനിക്ക് 38 വയസ്സായി, ഇനിയും കളിക്കണം, മികച്ച പ്രകടനം കാഴ്ചവെക്കണം, കഴിയുന്നത്ര ക്രിക്കറ്റ് കളിക്കണമെന്നാണ് ആഗ്രഹം. കറാച്ചിയും എന്റെ തീരുമാനത്തിൽ വലിയൊരു ഘടകമായിരുന്നു. പി.എസ്.എൽ ചെറിയൊരു മത്സരപരമ്പരയാണ്, അതുകൊണ്ടുതന്നെ എനിക്കും കുടുംബത്തിനും ഏറ്റവും അനുയോജ്യമായത് പി.എസ്.എല്ലാണ്’ -മുഈൻ അലി പറഞ്ഞു.

2025 ഐ.പി.എൽ സീസണിൽ രണ്ടു കോടി രൂപക്കാണ് മുഈനെ കെ.കെ.ആർ ടീമിലെടുത്തത്. ആറു മത്സരങ്ങൾ കളിച്ച താരത്തിന് രണ്ടു തവണയാണ് ബാറ്റിങ്ങിന് അവസരം ലഭിച്ചത്. നേടിയത് അഞ്ചു റൺസും. കളിക്കാനുള്ള അവസരങ്ങൾ കുറയുന്നതും ടൂർണമെന്‍റിന്‍റെ ദൈർഘ്യവും ഐ.പി.എൽ വിട്ട് പി.എസ്.എല്ലിലേക്ക് ചുവടുമാറ്റാനുള്ള പ്രധാന കാരണങ്ങളിലൊന്നായി താരം പറയുന്നു.

കഴിഞ്ഞവർഷം ഐ.പി.എല്ലിൽ, പകുതി മത്സരങ്ങളിൽ മാത്രമാണ് കളിച്ചത്. അപൂർവമായി, അതും രണ്ടു മത്സരങ്ങളിൽ മാത്രമാണ് ബാറ്റിങ്ങിന് അവസരം ലഭിച്ചത്. ഈഘട്ടത്തിലും ക്രിക്കറ്റിൽ സജീവമാകണമെന്നാണ് ആഗ്രഹം. ബാറ്റ് ചെയ്യണം, കരിയറിന്‍റെ അവസാനത്തിലും മികച്ച നിലയിൽ ക്രിക്കറ്റ് കളിക്കണം. കരിയർ മുന്നോട്ടുകൊണ്ടുപോകണമെന്നും മുഈൻ കൂട്ടിച്ചേർത്തു. പി.എസ്.എല്ലിൽ കറാച്ചി കിങ്സിനുവേണ്ടിയാണ് താരം കളിക്കുന്നത്. 2.14 കോടി രൂപയാണ് വാർഷിക ശമ്പളം.

Tags:    
News Summary - Moeen Ali reveals Why he Quit IPL To Play In Pakistan Super League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.