ദുബൈ; ഐ.സി.സി ഏകദിന റാങ്കിങ്ങിൽ ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. കരിയറിലെ ഏറ്റവും മികച്ച പോയൻറോടെയാണ് (889) കോഹ്ലി ഒന്നാം സ്ഥാനത്തെത്തിയത്. റാങ്കിങ്ങിൽ 887 പോയൻറ് നേട്ടം കൈവരിച്ച ഇന്ത്യൻ റെക്കോർഡ് കോഹ്ലിയുടെയും സച്ചിൻ ടെണ്ടുൽക്കറുടെയും പേരിലായിരുന്നു ഉണ്ടായിരുന്നത്.പുതിയ നേട്ടത്തോടെ ഇക്കാര്യത്തിൽ സചിനെ കോഹ്ലി മറികടന്നു.
ഇന്നലെ കാൺപൂരിൽ കോഹ്ലിയുടെ സെഞ്ചുറിയുടെ പിൻബലത്തിൽ ന്യൂസിലൻഡിനെതിരായ പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. രണ്ട് സെഞ്ച്വറിയടക്കം ന്യൂസീലൻഡിനെതിരായ പരമ്പരയിൽ 263 റൺസാണ് കോഹ്ലി നേടിയത്. മുംബൈ ഏകദിനത്തിൽ 121 റൺസും കാൺപൂരിൽ 113 റൺസും കോഹ്ലി നേടിയിരുന്നു. 872 പോയിന്റുമായി ദക്ഷിണാഫ്രിക്കയുടെ എബി ഡി വില്ലിയേഴ്സ് രണ്ടാം സ്ഥാനത്താണ്. ആസ്ട്രേലിയൻ ഉപനായകൻ ഡേവിഡ് വാർണർ 865 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി പതിനൊന്നാം സ്ഥാനത്താണുള്ളത്.
ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ പരമ്പര ജയം, ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ് പരമ്പരയിലെ അവസാന മത്സരം, പാകിസ്താൻ-ശ്രീലങ്ക പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾ എന്നിവ കൂടി കൂട്ടിച്ചേർത്തതാണ് പുതിയ റാങ്കിങ്. ഇന്ത്യക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത ന്യൂസീലൻഡ് ബാറ്റ്സ്മാൻ ടോം ലതാം 15 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 23-ാം റാങ്കിലെത്തി.
പാക് പേസ് ബൗളർ ഹസൻ അലിയാണ് ബൗളർമാരിൽ ഒന്നാമത്. ഇന്ത്യയുടെ ജസ്പ്രീത് ബുംറ മൂന്നാം സ്ഥാനത്തെത്തി. ന്യൂസീലൻഡിനെ 2-1ന് തോൽപ്പിച്ചെങ്കിലും ടീം റാങ്കിങ്ങിൽ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയെ മറികടക്കാനായില്ല. 121 പോയിന്റുമായി ആഫ്രിക്കൻ സംഘം ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.