സചിൻെറ ടെസ്റ്റ് റെക്കോർഡ് തകർക്കാനൊരുങ്ങി അലിസ്റ്റർ കുക്ക്

ലണ്ടൻ: ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറുടെ ടെസ്റ്റ് റെക്കോർഡ് മറികടക്കാനൊരുങ്ങി ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് എന്ന സചിൻെറ റെക്കോർഡ് തകർക്കാൻ ക്രിക്കറ്റ് ലോകത്ത് നിലവില്‍ ഏറ്റവും സാധ്യത കല്‍പ്പിക്കുന്നയാളായി കുക്ക് മാറി. ഏറ്റവും കൂടുതല്‍ ടെസ്റ്റ് കളിച്ച താരമെന്ന റെക്കോഡും കുക്ക് കൊണ്ടു പോയേക്കും.

32 വയസുള്ള കുക്ക് നിലവിലെ ഫോം തുടരുകയാണെങ്കിൽ സചിനെ മറികടക്കും. 200 ടെസ്റ്റ് മല്‍സരങ്ങള്‍ കളിച്ച സച്ചിന്റെ അക്കൗണ്ടില്‍ 15,921 ടെസ്റ്റ് റണ്‍സാണുള്ളത്. 145 ടെസ്റ്റുകളില്‍ നിന്ന് 11,568 റണ്‍സാണ് കുക്കിന്റെ സമ്പാദ്യം. സചിൻെറ റെക്കോഡിനേക്കാള്‍ 4,361 പിന്നിലാണ് കുക്ക്. ക്യാപ്റ്റന്‍ പദവി ഒഴിഞ്ഞ് ബാറ്റിങില്‍ കൂടുതല്‍ ശ്രദ്ധനല്‍കുന്ന കുക്ക് നിലവിൽ അപാര ഫോമിലാണ്. വിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടിയതോടെ കുക്ക് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ആദ്യ 10ല്‍ തിരിച്ചെത്തിയിരുന്നു.

ടെസ്റ്റ് മത്സരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന രീതിയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിൻെറത്. ഒരു വര്‍ഷം 15 ടെസ്റ്റ് മല്‍സരങ്ങളെങ്കിലും ടീം കളിക്കാറുണ്ട്. ഇത് കുക്കിന് അനുകൂല ഘടകമാണ്. 40 വയസുവരെ രാജ്യാന്തര ക്രിക്കറ്റ് കളിച്ചാണ് സചിൻ ഈ റെക്കോർഡിൽ എത്തിയത്. 32കാരനായ കുക്കിന് പരിക്ക് പിടികൂടിയില്ലെങ്കില്‍ സചിന്റെ റെക്കോഡുകള്‍ അനായാസം മറികടക്കാമെന്നും വിലയിരുത്തലുകൾ ഉണ്ട്.

പോണ്ടിങ് (13,378 റൺസ്), ജാക്ക് കാലിസ് (13,289 റൺസ്) , രാഹുൽ ദ്രാവിഡ് (13,288 റൺസ്), കുമാർ സംഗക്കാര (12,400 റൺസ്), ബ്രയാൻ ലാറ (11,953 റണ്ണുകൾ), ശിവനാരായൺ ചന്ദർപോൾ (11,867),  മഹേല ജയവർധനെ (11,814 റൺസ്) എന്നിവരാണ് സചിന് തൊട്ടുപിന്നിലുള്ള താരങ്ങൾ. ഇവരെല്ലാം ക്രിക്കറ്റിൽ നിന്നും വിരമിച്ചിട്ടുണ്ട്.

Tags:    
News Summary - Alastair Cook remains threat to Sachin Tendulkar’s record- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.