കോഹ്ലിയുടെ മികവില്‍ ബാംഗ്ളൂരിന് ഏഴ് വിക്കറ്റ് ജയം

ബംഗളൂരു: തോല്‍വിയുടെ വക്കില്‍നിന്ന് ഒരു ടീമിനെ ഒറ്റക്ക് കൈപിടിച്ച് വിജയത്തിലേക്കത്തെിക്കുക. വിരാട് കോഹ്ലിക്ക് ഇതൊരു പുതുമയുള്ള കാര്യമല്ളെങ്കിലും ഇക്കുറി സെഞ്ച്വറി കൂടിയായപ്പോള്‍ ആരാധകര്‍ക്കും കാണികള്‍ക്കും അതൊരു എക്സ്ട്രാ സമ്മാനമായി. സീസണില്‍ കോഹ്ലി നേടുന്ന രണ്ടാമത്തെ സെഞ്ച്വറിയാണിത്. എം.എസ്. ധോണിയുടെ റൈസിങ് പുണെ സൂപ്പര്‍ ജയന്‍റ്സിനെതിരെയാണ് ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സ് കോഹ്ലിയുടെ സെഞ്ച്വറി (58 പന്തില്‍ പുറത്താകാതെ 108) മികവില്‍ ഏഴു വിക്കറ്റിന് ജയിച്ചുകയറിയത്.
സ്കോര്‍: പുണെ 20 ഓവറില്‍ ആറു വിക്കറ്റിന് 191. ബാംഗ്ളൂര്‍ 19.3 ഓവറില്‍ മൂന്നിന് 195.
അജിന്‍ക്യ രഹാനെയുടെയും (48 പന്തില്‍ 74) സൗരഭ് തിവാരിയുടെയും (39 പന്തില്‍ 52) മിന്നുന്ന അര്‍ധസെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പുണെ കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തിയത്. വെടിക്കെട്ടിന് തിരികൊളുത്തുന്ന മട്ടില്‍ ഉസ്മാന്‍ ഖ്വാജ (6 പന്തില്‍ 16) തുടക്കമിട്ടശേഷം ഒത്തുചേര്‍ന്ന രഹാനെയും തിവാരിയും റണ്‍റേറ്റ് താഴാതെ സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. പതിവിനു വിപരീതമായി രഹാനെയായിരുന്നു കൂടുതല്‍ ആക്രമണകാരി. സ്ഥിരത പുലര്‍ത്തുന്നുണ്ടെങ്കിലും സ്കോറിങ്ങില്‍ പതുക്കെയാണെന്ന വിമര്‍ശകരുടെ വായടപ്പിക്കുന്നതായിരുന്നു രഹാനെയുടെ മുന്നേറ്റം. ബൗളര്‍മാര്‍ക്ക് പഴുതൊന്നും നല്‍കാതെ എട്ടു ഫോറിന്‍െറയും രണ്ടു സിക്സിന്‍െറയും മേമ്പൊടിയോടെ കുതിച്ച രഹാനെയെ വാട്സന്‍ കുറ്റിതെറിപ്പിച്ചതോടെ 106 റണ്‍സ് നീണ്ട കൂട്ടുകെട്ടിന് വിരാമമായി. തിവാരി ഒമ്പതു ഫോര്‍ പായിച്ചു. ക്യാപ്റ്റന്‍ ധോണി ഒമ്പതു റണ്‍സെടുത്ത് പുറത്തായി. തിസാര പെരേര (14), രജത് ഭാട്ടിയ (9*), ആര്‍. അശ്വിന്‍ (10*) എന്നിവരാണ് പുണെയുടെ മറ്റു സ്കോറര്‍മാര്‍. ജോര്‍ജ് ബെയ്ലി റണ്‍സെടുക്കാതെ പുറത്തായി.
ഷെയ്ന്‍ വാട്സന്‍ നാലോവറില്‍ 24 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. എന്നാല്‍, കണ്ടതൊന്നും കളിയായിരുന്നില്ല. കൂറ്റനടിക്കാരന്‍ ക്രിസ് ഗെയ്ലിന്‍െറ പ്രേതം കയറിയപോലെയായിരുന്നു കോഹ്ലിയുടെ ബാറ്റിങ്. വിജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമല്ല എന്ന സൂചന നല്‍കി കോഹ്ലിയും ലോകേഷ് രാഹുലും ബാറ്റുവീശി. ഒന്നാം വിക്കറ്റില്‍ 11.1 ഓവറില്‍ 94 റണ്‍സ് ചേര്‍ത്താണ് ഇരുവരും പിരിഞ്ഞത്. 35 പന്തില്‍ 38 റണ്‍സെടുത്ത രാഹുലിനെ ആഡം സാംപയാണ് പുറത്താക്കിയത്. റണ്‍റേറ്റ് 12ന് മുകളില്‍ വേണ്ട സമയത്ത് കൂറ്റനടിക്കാരന്‍ എബി ഡിവില്ലിയേഴ്സ് (1) കൂടാരം കയറിയത് ബാംഗ്ളൂര്‍ ക്യാമ്പില്‍ ആശങ്ക പരത്തിയെങ്കിലും ഷെയ്ന്‍ വാട്സന്‍ ക്രീസിലത്തെിയതോടെ കോഹ്ലിയും ഗിയര്‍മാറ്റി. പെരേരയെറിഞ്ഞ 14ാം ഓവറില്‍ അഞ്ചു ഫോര്‍ പായിച്ച് വാട്സന്‍ കളിയുടെ ഗതി മാറ്റി. കേവലം 13 പന്തില്‍ അഞ്ചു ഫോറുകളുടെയും രണ്ടു സിക്സറുകളുടെയും സഹായത്തോടെ വാട്സന്‍ 39 റണ്‍സെടുത്ത് പുറത്താകുമ്പേഴേക്കും കളി ഏറക്കുറെ ബാംഗ്ളൂരിന്‍െറ വരുതിയിലായിരുന്നു. 15.3 ഓവറില്‍ 143ല്‍ നില്‍ക്കെയാണ് വാട്സന്‍ പുറത്തായത്. പിന്നീട് 27 പന്തില്‍ ബാംഗ്ളൂരിനാവശ്യം 48 റണ്‍സ്. ട്രെവിസ് ഹെഡിനെ (9*) കൂട്ടുപിടിച്ച് കോഹ്ലി നടത്തിയ ആക്രമണത്തില്‍ ബാംഗ്ളൂര്‍ വിജയം എത്തിപ്പിടിച്ചു. എട്ടു ഫോറും ഏഴു സിക്സും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ മാസ്മരിക ഇന്നിങ്സ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.