വാംഖഡെയിൽ ഇന്ത്യൻ കുരുതി; വിൻഡീസ് ഫൈനലിൽ

മുംബൈ: 130 കോടി ഇന്ത്യന്‍ സ്വപ്നങ്ങള്‍ വാംഖഡെയില്‍ ചാമ്പലായി. അഞ്ചു വര്‍ഷം മുമ്പ് രണ്ടാംവട്ടം ഏകദിന ക്രിക്കറ്റില്‍ കിരീടം ചൂടിയപ്പോള്‍ ആഹ്ളാദത്തിരയുയര്‍ന്ന ഗാലറി വ്യാഴാഴ്ച കണ്ണീര്‍ക്കടലായി. ബാറ്റിന് ചൂടുപിടിക്കും മുമ്പ് ക്രിസ് ഗെയില്‍ പുറത്തായിട്ടും കൂറ്റന്‍ സ്കോര്‍ അനായാസം പിന്തുടര്‍ന്ന വെസ്റ്റിന്‍ഡീസ് ഏപ്രില്‍ മൂന്നിന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ നടക്കുന്ന ട്വന്‍റി20 ലോകകപ്പിന്‍െറ കലാശക്കളിക്ക് അര്‍ഹത നേടി. 51 പന്തില്‍ പുറത്താകാതെ 82 റണ്‍സ് നേടിയ ലെന്‍ഡല്‍ സിമ്മണ്‍സും 42 പന്തില്‍ 68 റണ്‍സ് നേടിയ  ജോസണ്‍ ചാള്‍സും 20 പന്തില്‍ 43 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ആന്ദ്രേ റസലുമാണ് ഇന്ത്യയെ കശാപ്പ് ചെയ്തത്. രണ്ട് പന്ത് ബാക്കിനില്‍ക്കെ വിന്‍ഡീസ് ഇന്ത്യയെ ഏഴ് വിക്കറ്റിന് തോല്‍പിച്ചു.

രണ്ട് നോ ബാളുകള്‍ക്ക് ഇന്ത്യ നല്‍കേണ്ടിവന്ന വില ഒരു ലോകകപ്പ്. ഏഴാം ഓവറില്‍ അശ്വിനും 15ാം ഓവറില്‍ ഹര്‍ദിക് പാണ്ഡ്യയും എറിഞ്ഞ പന്തുകളില്‍ ലെന്‍ഡല്‍ സിമ്മണ്‍സിനെ ക്യാച്ച് ചെയ്തതായിരുന്നു. പക്ഷേ, രണ്ടും നോ ബാളുകളായി. ഇന്ത്യ ഉയര്‍ത്തിയ 193 റണ്‍സിന്‍െറ ലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് സ്കോര്‍ ആറ് റണ്‍സില്‍ നില്‍ക്കെ തന്‍െറ ആദ്യ പന്തില്‍ തന്നെ ക്രിസ് ഗെയിലിന്‍െറ കുറ്റി ജസ്പ്രീത് ബുംറ പിഴുതപ്പോള്‍ ഇന്ത്യ ജയം മണത്തിരുന്നു. സ്കോര്‍ 19ല്‍ മര്‍ലോണ്‍ സാമുവല്‍സും പുറത്തായപ്പോള്‍ വിജയം അരക്കിട്ടുറപ്പിച്ചതുമാണ്. പക്ഷേ, ഒരു ഗെയില്‍ മാത്രമല്ല വെസ്റ്റിന്‍ഡീസ് എന്ന് തെളിയിക്കുന്ന ആക്രമണമാണ് തുടര്‍ന്ന് ചാള്‍സും സിമ്മണ്‍സും ഇന്ത്യന്‍ ബൗളിങ് നിരക്കുനേരെ അഴിച്ചുവിട്ടത്. ഉയര്‍ത്തിയടിച്ച ഒറ്റ പന്തും ഗാലറിയിലത്തൊതിരുന്നില്ല. ഇന്ത്യക്കാര്‍ വെറും മൂന്ന് സിക്സറില്‍ ചുരുങ്ങിയപ്പോള്‍ 11 സിക്സറുകളാണ് വിന്‍ഡീസ് ബാറ്റില്‍നിന്ന് വാംഖഡെയിലെ ഗാലറിപ്പടവുകളില്‍ വിശ്രമിച്ചത്. പരിക്കേറ്റ ഫ്ളച്ചറിന് പകരം ടീമിലിടം നേടിയാണ് സിമ്മണ്‍സ് ഇന്ത്യയില്‍ നിന്ന് വിജയം തട്ടിപ്പറിച്ചത്.

ഏകപക്ഷീയമായി അടിച്ചുതകര്‍ത്ത വിന്‍ഡീസിനെതിരെ ധോണി 14ാം ഓവര്‍ എറിയാന്‍ വിളിച്ചത് കോഹ്ലിയെ. ഈ ടൂര്‍ണമെന്‍റില്‍ ഇതുവരെ ബൗള്‍ ചെയ്തിട്ടില്ലാത്ത കോഹ്ലിയുടെ ആദ്യ പന്തില്‍ തന്നെ ചാള്‍സ് വീണു. രോഹിത് ശര്‍മ പിടിച്ച് പുറത്ത്. കോഹ്ലിയുടെ ആ പന്തിനുപോലുമുണ്ടായിരുന്നു നോ ബാളിന്‍െറ നിഴല്‍. കളിയിലേക്ക് തിരിച്ചുവരുമെന്ന് കരുതിയെങ്കിലും ചാള്‍സും റസലും ചേര്‍ന്ന് കളി അപഹരിച്ചെടുത്തു. അവസാന മൂന്ന് ഓവറില്‍ 32 റണ്‍സ് വേണ്ടപ്പോള്‍ മറ്റൊരു ധോണി മാജിക് ഇന്ത്യയെ ജയിപ്പിക്കുമെന്ന് കരുതിയെങ്കിലും റസലും ചാള്‍സും ഒരവസരവും ഇന്ത്യക്ക് നല്‍കിയില്ല. അവസാന ഓവര്‍ എറിയാന്‍ കോഹ്ലിയെ ധോണി പന്തേല്‍പ്പിക്കുമ്പോഴും നേരിയൊരു പ്രതീക്ഷയുണ്ടായിരുന്നു. ജയിക്കാന്‍ വേണ്ടത് ആറ് പന്തില്‍ എട്ട് റണ്‍സ്. ആദ്യ പന്തില്‍ സിമ്മണ്‍സ് വക സിംഗ്ള്‍. രണ്ടാമത്തെ പന്ത് റസലിന് പിഴച്ചപ്പോള്‍ ഡോട്ട് ബാള്‍. മൂന്നാം പന്തില്‍ പിഴ തീര്‍ത്ത് ബൗണ്ടറി. നാലാം പന്ത് റസല്‍ സിക്സര്‍ പറത്തുമ്പോള്‍ ഡാരന്‍ സമിയും കൂട്ടരും മൈതാനത്തേക്ക് ആഹ്ളാദത്തോടെ കുതിക്കുകയായിരുന്നു. ഇന്ത്യന്‍ വിജയം ആഘോഷിക്കാനത്തെിയ പതിനായിരങ്ങള്‍ കണ്ണീരണിഞ്ഞ നിമിഷം.

അടിച്ചെടുത്തത് വെറുതെയായി
നേരത്തെ, ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒരിക്കല്‍കൂടി വിരാട് കോഹ്ലിയുടെ ഉശിരന്‍ പ്രകടനത്തിലൂടെ മികച്ച സ്കോര്‍ കണ്ടത്തെുകയായിരുന്നു. വെറും രണ്ടു വിക്കറ്റിന് 192 റണ്‍സ്. രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്. പരിക്കേറ്റ യുവരാജിന് പകരം മനീഷ് പാണ്ഡെയും ഫോമിലല്ലാത്ത ശിഖര്‍ ധവാന് പകരം അജിന്‍ക്യ രഹാനെയെയുമാണ് ഇന്ത്യ ടീമിലുള്‍പ്പെടുത്തിയത്. ആദ്യ ഓവര്‍ എറിഞ്ഞ ആന്ദ്രെ റസലിനെ പതര്‍ച്ചയോടെയാണ് രോഹിത് ശര്‍മ നേരിട്ടത്. മൂന്നാം ഓവര്‍ എറിയാന്‍ ബ്രാത്വെയ്റ്റ് എത്തിയതോടെ രോഹിത് ഭാവം മാറ്റി. സിക്സറോടെ ബ്രാത്വെയ്റ്റിന് സ്വാഗതം. നാലാം ഓവറും സ്പിന്നറെ ഏല്‍പിച്ച് വിന്‍ഡീസ് ആക്രമണം ശക്തമാക്കിയെങ്കിലും ഇന്ത്യ ചുവടുറപ്പിക്കുകയായിരുന്നു. സാമുവല്‍ ബദ്രിയുടെ ലെഗ് ബ്രേക്കുകളെ ആശങ്കയോടെ കളിച്ച രോഹിത് ഏഴാം ഓവറിലെ രണ്ടാം പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി.

രോഹിത് പുറത്തായശേഷം ക്രീസിലത്തെിയത് കഴിഞ്ഞ കളിയിലെ നായകന്‍ കോഹ്ലി. നിറഞ്ഞ കൈയടികളോടെ ഗാലറി എഴുന്നേറ്റുനിന്ന് സ്വീകരിച്ച കോഹ്ലി തുടരെ രണ്ടു പന്തുകളില്‍ റണ്ണൗട്ടില്‍നിന്ന് രക്ഷപ്പെടുന്നതുകണ്ട് വാംഖഡെ ശ്വാസം മറന്നുപോയി. 13ാമത്തെ ഓവറില്‍ ഇന്ത്യ 100 കടന്നു. അതിനിടയില്‍ പിച്ചിന്‍െറ വേഗം കുറഞ്ഞത് സ്കോറിങ്ങിനെയും ബാധിച്ചു. വേഗം കുറഞ്ഞ ഒൗട്ട് ഫീല്‍ഡ് കൂടിയായപ്പോള്‍ ബൗണ്ടറിയിലത്തൊതെ പന്തുകള്‍ ഫീല്‍ഡറുടെ കൈയില്‍ ഒതുങ്ങി. കഴിഞ്ഞ കളികളില്‍ പുറത്തിരുത്തിയത് തെറ്റായെന്ന് ബോധ്യപ്പെടുത്തിയായിരുന്നു രഹാനെയുടെ ഇന്നിങ്സ്. ഒരറ്റത്ത് ഉറച്ചുനിന്ന് മറുവശത്ത് ചാര്‍ജിലുള്ള ബാറ്റ്സ്മാനെ പ്രചോദിപ്പിച്ചുകൊണ്ടിരുന്ന രഹാനെയുടെ സാന്നിധ്യമായിരുന്നു ഇന്ത്യന്‍ ഇന്നിങ്സിന്‍െറ അടിത്തറ. ഒറ്റ പന്തും പാഴാക്കാതെയും ഇടക്ക് രണ്ട് ബൗണ്ടറി പായിച്ചും ഇന്നിങ്സ് നിരന്തരം ചലിപ്പിച്ച രഹാനെ, ആന്ദ്രെ റസലിനെ സിക്സര്‍ പറത്താനുള്ള ശ്രമം നേരിയ വ്യത്യാസത്തില്‍ പിഴച്ചപ്പോള്‍ ബൗണ്ടറി ലൈനില്‍ കഴുകന്‍ കണ്ണുമായിനിന്ന ബ്രാവോയുടെ മനോഹരമായ ക്യാച്ച്. 35 പന്തില്‍ 40 റണ്‍സായിരുന്നു രഹാനെയുടെ സംഭാവന.കഴിഞ്ഞ കളിയില്‍ നിര്‍ത്തിയിടത്തുനിന്നായിരുന്നു ധോണിയെ കിട്ടിയപ്പോള്‍ കോഹ്ലിയുടെ പ്രകടനം. പരമാവധി സ്ട്രൈക് കോഹ്ലിക്ക് നല്‍കി. അവസാന നാല് ഓവറില്‍ ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത് 59 റണ്‍സ് ആയിരുന്നു. എട്ട് ബൗണ്ടറിയും ഒരു സിക്സറും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.