ഐ.പി.എല്‍: കോഹ്ലിക്ക് 15 കോടി; ധോണിക്ക് 12.5 കോടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ എം.എസ്. ധോണിയെ വെട്ടി വിരാട് കോഹ്ലി മൂല്യമേറിയ താരം. താരലേലത്തിന് മുമ്പായി ടീമുകള്‍ കളിക്കാരെ നിലനിര്‍ത്തിയപ്പോള്‍ ധോണിയെക്കാള്‍ കൂടിയ തുകക്ക് കോഹ്ലിയെ ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സ് നിലനിര്‍ത്തി. 15 കോടിയാണ് കോഹ്ലിയുടെ വേതനം. പഴ്സ് ഡിഡക്ഷന്‍ തുകയായ 12.5 കോടിയെക്കാള്‍ രണ്ടരക്കോടി അധികം മുടക്കിയാണ് കോഹ്ലിയെ സ്വന്തമാക്കിയത്. 12.5 കോടിക്കാണ് എം.എസ്. ധോണിയെ പുതിയ ഫ്രാഞ്ചൈസിയായ പുണെ അടുത്തിടെ സ്വന്തമാക്കിയത്. 

ഗൗതം ഗംഭീര്‍ (10 കോടി-കൊല്‍ക്കത്ത), രോഹിത് ശര്‍മ (11.5 കോടി-മുംബൈ), ശിഖര്‍ ധവാന്‍ (12.5 കോടി), അജിന്‍ക്യ രഹാനെ (എട്ടു കോടി), അശ്വിന്‍ (7.5 കോടി) എന്നിവരാണ് ടീമുകള്‍ നിലനിര്‍ത്തിയ ഇന്ത്യന്‍ താരങ്ങള്‍. വിദേശ താരങ്ങളില്‍ കീരണ്‍ പൊള്ളാഡ് (9.7 കോടി-മുംബൈ), മലിംഗ (8.1 കോടി-മുംബൈ), ക്രിസ് ഗെയ്ല്‍ (8.4 കോടി-ബാംഗ്ളൂര്‍) എന്നിവര്‍ നേട്ടമുണ്ടാക്കി. എ.ബി ഡിവില്ലിയേഴ്സിനെ (9.5 കോടി-ബാംഗ്ളൂര്‍) ബി.സി.സി.ഐ നിശ്ചയിച്ച തുകയില്‍ തന്നെ നിലനിര്‍ത്തി. ഡേവിഡ് മില്ലര്‍, മനാന്‍ വോറ, ഗൗതം ഗംഭീര്‍, സുനില്‍ നരെയ്ന്‍ എന്നിവരെ നിശ്ചയിച്ചതിലും കുറഞ്ഞ മൂല്യത്തിനാണ് ടീമുകള്‍ നിലനിര്‍ത്തിയത്.  എട്ടു ടീമുകള്‍ 37 വിദേശ താരങ്ങളെയും 101 ഇന്ത്യക്കാരെയും നിലനിര്‍ത്തി. 

യുവി, സെവാഗ്, ഇശാന്ത് ലേലത്തിന്
ഫ്രാഞ്ചൈസികള്‍ കരാര്‍ പുതുക്കാന്‍ വിസമ്മതിച്ചതോടെ യുവരാജ് സിങ്, വീരേന്ദര്‍ സെവാഗ്, ഇശാന്ത് ശര്‍മ എന്നിവര്‍ ഐ.പി.എല്‍ ലേലവിപണിയിലേക്ക്. ഹൈദരാബാദിന്‍െറ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്നെയും ടീം കൈവിട്ടു. കഴിഞ്ഞ സീസണില്‍ 16 കോടിക്ക് ഡല്‍ഹി സ്വന്തമാക്കിയ യുവരാജ് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെച്ചിരുന്നില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.