?????? ?????? ????????????

ട്വന്‍റി20: തിരിച്ചടിച്ച് ഇന്ത്യ

റാഞ്ചി: നായകന്‍െറ നാട്ടില്‍ മുന്‍നിര ബാറ്റ്സ്മാന്മാര്‍ അരങ്ങുവാണപ്പോള്‍ ശ്രീലങ്കക്കെതിരായ രണ്ടാം ട്വന്‍റി20 മത്സരത്തില്‍ ഇന്ത്യക്ക് മികച്ച ജയം. ആദ്യ മത്സരതോല്‍വിക്ക് പകരംവീട്ടിയ ഇന്ത്യ 69 റണ്‍സ് ജയവുമായി പരമ്പരയില്‍ ഒപ്പമത്തെി. ശിഖര്‍ ധവാന്‍ കൊളുത്തിയ വെടിക്കെട്ടിന് ഹാര്‍ദിക് പാണ്ഡ്യ മരുന്നിട്ടപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. 19ാം ഓവറില്‍ തിസര പെരേര നേടിയ ഹാട്രിക്കാണ് ശ്രീലങ്കയുടെ ഏക ആശ്വാസം.  ഇന്ത്യക്കായി അശ്വിന്‍ മൂന്ന് വിക്കറ്റ് എടുത്തു.

ടോസിലെ ഭാഗ്യം തുണച്ചപ്പോള്‍ കഴിഞ്ഞ കളിയിലെ ഓര്‍മയിലാവാം ശ്രീലങ്കന്‍ നായകന്‍ ദിനേശ് ചണ്ഡിമല്‍ ബാളുമെടുത്തിറങ്ങിയത്. റാഞ്ചിയിലെ ചത്ത പിച്ചിലേക്ക് ബാളെറിഞ്ഞവരെല്ലാം അടി വാങ്ങിക്കൂട്ടുന്നതാണ് പവര്‍പ്ളേയില്‍ കണ്ടത്. 22ാം പന്തില്‍ അര്‍ധശതകത്തിലത്തെിയ ശിഖര്‍ ധവാനാണ് (51) ഏറ്റവും അപകടകാരിയായത്. ആദ്യ ആറ് ഓവര്‍ പിന്നിട്ടപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 70 കടന്നു. രോഹിത് ശര്‍മ( 43), റെയ്ന (30), രഹാനെ (25) എന്നിവര്‍ റണ്‍റേറ്റ് കുറയാതെ സൂക്ഷിച്ചു. 12 പന്തില്‍ രണ്ടു സിക്സും ഒരു ഫോറുമടക്കം 27 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യ അവസാന ഓവറുകളില്‍ സ്കോറിങിന് വേഗം കൂട്ടി. 19ാം ഓവറിലെ അവസാന മൂന്നു പന്തില്‍ പാണ്ഡ്യക്ക് പുറമെ ധോണിയെയും യുവരാജിനെയും പൂജ്യത്തിന് പുറത്താക്കിയാണ് പെരേര ഹാട്രിക് കുറിച്ചത്.

അരങ്ങേറ്റത്തില്‍ ഇന്ത്യയെ വിറപ്പിച്ച കസുന്‍ രജിതയാണ് ഇക്കുറി ഏറ്റവും കൂടുതല്‍ പ്രഹരം ഏറ്റുവാങ്ങിയത്, നാല് ഓവറില്‍ 45 റണ്‍സ്.
മറുപടിക്ക് ബാറ്റുമായിറങ്ങിയ ശ്രീലങ്കക്ക് ആദ്യ പന്തില്‍ തന്നെ ദില്‍ഷനെ നഷ്ടമായി. അശ്വിന്‍െറ പന്തില്‍ ധോണി അതിവേഗ സ്റ്റമ്പിങിലൂടെ ദില്‍ഷന്‍ മടക്കിയപ്പോള്‍ ശ്രീലങ്കക്ക് എക്സ്ട്രാ ഇനത്തില്‍ ലഭിച്ച രണ്ട് റണ്‍സ് മാത്രമായിരുന്നു സാമ്പാദ്യം. തൊട്ടടുത്ത ഓവറില്‍ ഒരു റണ്ണെടുത്ത പ്രസന്നയെ നെഹ്റ മടക്കി. രണ്ട് റണ്‍സെടുത്ത ഗുണതിലകയും നെഹ്റക്കുമുന്നില്‍ കുടുങ്ങി. ചണ്ഡീമലും (31) കുപുഗേദരയും (32) രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും തുടര്‍ച്ചയായ പന്തുകളില്‍ ജദേജ ഇരുവരെയും പവലിയനിലത്തെിച്ചു. പിന്നീടെല്ലാം ചടങ്ങ് മാത്രമായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.