കണ്ണൂര്‍: ഇടവഴികളിലും പാടത്തും ക്രിക്കറ്റ് സ്റ്റമ്പുകള്‍ കാണപ്പെടുന്നതിനു മുമ്പുള്ള കാലത്തെ സൂപ്പര്‍ താരമായിരുന്നു ഇന്നലെ വിടപറഞ്ഞ ആദ്യകാല കേരള രഞ്ജി താരം സാന്‍റി ആറോണ്‍. കണ്ണൂരിലെ ആദ്യത്തെയും കേരളത്തിലെ ആദ്യകാല രഞ്ജി തലമുറയിലെയും തലയെടുപ്പുള്ള താരം. തലശ്ശേരിയുടെ പെരുമയിലേക്ക് ബ്രിട്ടീഷുകാര്‍ വിത്തിട്ടുപോയ ക്രിക്കറ്റിനെ പില്‍ക്കാലത്ത് ജനകീയമാക്കിയത് ഇദ്ദേഹമുള്‍പ്പെടെയുള്ളവരായിരുന്നു. 1950 മുതല്‍ ’55 വരെയുള്ള കാലയളവിലാണ് രഞ്ജി ടീമിനു വേണ്ടി സാന്‍റി ആറോണ്‍ പാഡണിയുന്നത്. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ് അണിയുന്ന മഹാരഥന്മാര്‍ ഉള്‍പ്പെട്ടെ ടീമുകള്‍ക്കെതിരെയായിരുന്നു മത്സരങ്ങള്‍. അന്ന് ദക്ഷിണേന്ത്യയില്‍ ഏറ്റവും കരുത്തരായിരുന്നത് കര്‍ണാടക, മൈസൂരു രഞ്ജി ടീമുകളായിരുന്നു. ഇന്ത്യന്‍ ടീമിലുള്ള മിക്കവാറും കളിക്കാരും ഈ ടീമംഗങ്ങളായിരുന്നു. സാങ്കേതികമായി മുന്നിലുള്ള ഈ കളിക്കാര്‍ക്കെതിരെ പിടിച്ചുനില്‍ക്കുകയെന്നതുതന്നെ അന്ന് വെല്ലുവിളിയായിരുന്നു. എന്നാല്‍, ഭയമില്ലാതെയാണ് സാന്‍റി ഗ്രൗണ്ടിലിറങ്ങിയിരുന്നത്. ഉയരവും കരുത്തുമുള്ള അദ്ദേഹം ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ചവെച്ചു. അഞ്ചു വിക്കറ്റ് നേട്ടങ്ങളില്ലാതെ ഗ്രൗണ്ടില്‍ നിന്ന് അപൂര്‍വമായി മാത്രമേ അദ്ദേഹം തിരിച്ചു കയറിയിരുന്നുള്ളൂവെന്ന് അക്കാലത്തെ കളിയനുഭവങ്ങള്‍ കേട്ടവര്‍ പറയുന്നു. കുറച്ചുമാത്രം രഞ്ജി മത്സരങ്ങളുള്ള കാലമായിരുന്നെങ്കിലും സോണല്‍ മത്സരങ്ങള്‍ ധാരാളമുണ്ടായിരുന്നു. ഏതാണ്ട് 45 വര്‍ഷം അദ്ദേഹം ക്രീസിലുണ്ടായിരുന്നു. കളിക്കുന്ന കാലത്തുതന്നെ അദ്ദേഹം നിരവധി പേരെ കളിക്കളത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയിട്ടുണ്ട്. പുതിയവര്‍ക്ക് കളിയുടെ ബാലപാഠങ്ങള്‍ പകര്‍ന്നുനല്‍കുകയും പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നു. പ്രായമായതോടെ ക്രിക്കറ്റ് സംഘാടനത്തിലേക്ക് മാറി. കേരള രഞ്ജി ക്രിക്കറ്റ് സെലക്ടറായി പ്രവര്‍ത്തിച്ച അദ്ദേഹം കണ്ണൂര്‍ ലക്കിസ്റ്റാര്‍, മലബാര്‍ ഫുട്ബാള്‍ അസോസിയേഷന്‍ എന്നിവയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.