വിജയം ഇന്ത്യക്കരികില്‍

ബംഗളൂരു: ഒരു ദിവസവും എട്ടു വിക്കറ്റും ശേഷിക്കെ ബംഗ്ളാദേശ് ഇന്നിങ്സ് പരാജയം ഒഴിവാക്കുമോ എന്നു മാത്രമാണ് ഇനി അറിയാനുള്ളത്. ഇന്ത്യ എ-ബംഗ്ളാദേശ് എ ത്രിദിന മത്സരത്തിന്‍െറ രണ്ടാം ദിവസം സ്റ്റംപെടുക്കുമ്പോള്‍ കളി ഇന്ത്യന്‍ വരുതിയിലാണ്. ബാറ്റെടുത്തവരൊക്കെ വെളിച്ചപ്പാടുകണക്കെ ഉറഞ്ഞുതുള്ളിയപ്പോള്‍ അഞ്ച് വിക്കറ്റിന് 411 റണ്‍സെടുത്ത് ഡിക്ളയര്‍ ചെയ്ത ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് ലീഡ് മറികടക്കാന്‍ ബംഗ്ളാ നിരക്ക് ഇനിയും വേണ്ടത് 147 റണ്‍സ്. ശേഷിക്കുന്നത് എട്ട് വിക്കറ്റ്.

183 റണ്‍സിന്‍െറ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ ഇന്ത്യക്കെതിരെ ബാറ്റിങ്ങിനിറങ്ങിയ ബംഗ്ളാദേശിന് ഒന്നാമിന്നിങ്സിന് സമാനമായ തുടക്കമായിരുന്നു. സ്കോര്‍ബോര്‍ഡില്‍ വെറും നാല് റണ്‍സെത്തേണ്ട താമസം, ഓപണര്‍ അനാമുല്‍ ഹഖ് റണ്‍സെടുക്കാതെ പുറത്തായി. ഈശ്വര്‍ പാണ്ഡെയുടെ പന്തില്‍ കരുണ്‍ നായര്‍ പിടികൂടുകയായിരുന്നു. മറ്റൊരു ഓപണറായ സൗമ്യ സര്‍ക്കാറിനെ 19 റണ്‍സിന് ജയന്ത് യാദവിന്‍െറ പന്തില്‍ കരുണ്‍ നായര്‍ തന്നെ പിടിച്ച് പുറത്താക്കി. ഒമ്പതു റണ്‍സുമായി മൊമിനുല്‍ ഹഖും ഏഴ് റണ്‍സുമായി ലിറ്റണ്‍ ദാസുമാണ് ക്രീസില്‍.

നേരത്തേ, സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ 150 റണ്‍സെടുത്ത് പുറത്തായശേഷം കരുണ്‍ നായര്‍ (71), വിജയ് ശങ്കര്‍ (86), ശ്രേയസ് അയ്യര്‍ (38), നമാന്‍ ഓജ (25) എന്നിവരുടെ മികവിലാണ് ഇന്ത്യ 411 എന്ന വമ്പന്‍ സ്കോറിലത്തെിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.