ബി.സി.സി.ഐ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഒക്ടോബര്‍ നാലിന്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ) പ്രസിഡന്‍റിനെ വരുന്ന ഞായറാഴ്ച (ഒക്ടോബര്‍ നാല്) തെരഞ്ഞെടുക്കും. ഇതിനായി നാലിന് പ്രത്യേക ജനറല്‍ യോഗം ചേരും. ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂറാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ബോര്‍ഡ് മുന്‍ പ്രസിഡന്‍റും അഭിഭാഷകനുമായ ശശാങ്ക് മനോഹര്‍ പുതിയ പ്രസിഡന്‍റായേക്കും. ജഗ്മോഹന്‍ ഡാല്‍മിയ അന്തരിച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കേണ്ടിവന്നത്.

മുംബൈയിലാണ് യോഗം നടക്കുന്നത്. നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന വ്യാഴാഴ്ച നടക്കുമെന്നും അനുരാഗ് താക്കൂര്‍ അറിയിച്ചു. ശശാങ്ക് മനോഹറാണ് തങ്ങളുടെ പൊതുസമ്മതനായ സ്ഥാനാര്‍ഥി. മുന്‍ പ്രസിഡന്റ് എന്‍. ശ്രീനിവാസന് വോട്ടുചെയ്യാമെന്നും താക്കൂര്‍ ഡല്‍ഹിയില്‍ പറഞ്ഞു. ബോര്‍ഡ് മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ ശ്രീനിവാസന് യോഗ്യതയുണ്ടോ എന്ന കാര്യത്തില്‍ ഒക്ടോബര്‍ അഞ്ചിന് സുപ്രീംകോടതി തീരുമാനം പറയും. ശ്രീനിവാസന് മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കി െല്ലങ്കിലും വോട്ടുചെയ്യാനുള്ള അവകാശം നിലനില്‍ക്കുമെന്നും താക്കൂര്‍ അറിയിച്ചു.

2008 മുതല്‍ 2011 വരെ ബി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനം വഹിച്ചിരുന്നു ശശാങ്ക് മനോഹര്‍. ഇത്തവണ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തുടക്കത്തില്‍ നിരസിച്ചെങ്കിലും പിന്നീട് മനോഹര്‍ സമ്മതിക്കുകയായിരുന്നു. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി മനോഹറിനെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പിന്തുണക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

ശ്രീനിവാസന്‍ വിഭാഗം എണ്ണത്തില്‍ കുറവാണെന്നതിനാല്‍ തെരഞ്ഞെടുപ്പില്‍ മനോഹര്‍ വെല്ലുവിളി നേരിടില്ല. 29 വോട്ടില്‍ 20 എണ്ണവും നിയന്ത്രണത്തിലുള്ള ശരത് പവാര്‍ വിഭാഗത്തിന്‍െറ പിന്തുണ മനോഹറിനുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.