ട്വന്‍റി 20: ഇന്ത്യ എ ടീമിനോട് തോറ്റ് ദക്ഷിണാഫ്രിക്ക

ന്യൂഡല്‍ഹി:  ഇന്ത്യന്‍ പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ സംഘത്തിന് മോശം തുടക്കം. സന്നാഹ ട്വന്‍റി 20 ക്രിക്കറ്റിനിറങ്ങിയ പ്രോട്ടീസ് സംഘം ഇന്ത്യ എ ടീമിനോടാണ് പരാജയം രുചിച്ചത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 189  റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യന്‍ 'കുട്ടികള്‍' എട്ട് വിക്കറ്റിനാണ് വിജയിച്ചത്. വെടിക്കെട്ട് താരം മായങ്ക് അഗര്‍വാളിന്‍െറ മികവില്‍ മുന്നേറിയ ഇന്ത്യ രണ്ട് പന്ത് ശേഷിക്കെ ലക്ഷ്യം കണ്ടു.
 
49 പന്തില്‍ നിന്ന് 87 റണ്‍സാണ് മായങ്ക് അഗര്‍വാള്‍ സ്വന്തമാക്കിയത്. ഓപ്പണറായി ക്രീസിലെത്തിയ മനന്‍ വോറ 42 പന്തില്‍ നിന്ന് 56 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്ന് 119 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്. മലയാളി താരം സഞ്ജു സാംസണ്‍  (31), മന്‍ദീപ് സിങ് (12) എന്നിവരാണ് ഇന്ത്യയുടെ വിജയം പൂര്‍ത്തീകരിച്ചത്. ഡി ലാംഗും ജെ.പി. ഡുമിനിയും ആഫ്രിക്കന്‍ സംഘത്തിനായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി.



നേരത്തേ, ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഡി കോക്കിനെ നഷ്ടപ്പെട്ടിരുന്നു. 32 പന്തില്‍ നിന്ന് ആറു സിക്സും രണ്ട് ബൗണ്ടറിയും അടക്കം 68 റണ്‍സെടുത്ത ഡുമിനിയാണ് പ്രോട്ടീസ് സംഘത്തെ 189 റണ്‍സിലെത്തിച്ചത്. ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ളെസി 27 പന്തില്‍ നിന്ന് 42 ഉം ഓപ്പണര്‍ ഡി വില്ലിയേഴ്സ് 27 പന്തില്‍ നിന്ന് 37 ഉം റണ്‍സെടുത്തു. കളിക്കിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ഡൂപ്ളെസി ക്രീസില്‍ നിന്നും പിന്‍മാറുകയായിരുന്നു.

ഇന്ത്യക്കുവേണ്ടി കുല്‍ദീപ്സിങ്ങും പാണ്ഡ്യയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.