ഇന്ത്യ എക്കെതിരെ ബംഗ്ളാദേശ് എക്ക് 65 റണ്‍സ് ജയം

ബംഗളൂരു: സീനിയേഴ്സിന്‍െറ ചുവടുപിടിച്ച് കടുവക്കുഞ്ഞുങ്ങള്‍ ഉയര്‍ത്തെഴുന്നേറ്റപ്പോള്‍ എ ടീമുകളുടെ രണ്ടാം ഏകദിനമത്സരത്തില്‍ ഇന്ത്യ എ ക്കെതിരെ ബംഗ്ളാദേശ് എ ടീമിന് ജയം. സെഞ്ച്വറിയും അഞ്ചു വിക്കറ്റുമായി നാസിര്‍ ഹുസൈന്‍ അരങ്ങുവാണ മത്സരത്തില്‍ 65 റണ്‍സിനാണ് ബംഗ്ളാദേശ് ഇന്ത്യയെ തകര്‍ത്തത്. ഇതോടെ മൂന്നുമത്സരങ്ങളുടെ പരമ്പര 1-1ന് സമനിലയിലായി. സ്കോര്‍: ബംഗ്ളാദേശ് എ: എട്ടിന് 252. ഇന്ത്യ എ: 187ന് ഓള്‍ ഒൗട്ട്. ഇന്ത്യക്കുവേണ്ടി ഉന്മുക്ത് ചന്ദ് (56) ടോപ് സ്കോററായപ്പോള്‍ മലയാളിതാരം സഞ്ജു സാംസണ്‍ ആദ്യ ബാളില്‍തന്നെ പുറത്തായി.
ടോസ് മുതല്‍ (നാസിര്‍ ഹുസൈന്‍ ഒഴികെ) എല്ലാം ഇന്ത്യക്ക് അനുകൂലമായിരുന്നു. ബാറ്റിങ്ങിനും ബൗളിങ്ങിനും നാസിര്‍ ഇറങ്ങുന്നതുവരെ കാര്യങ്ങളെല്ലാം ഇന്ത്യക്കൊപ്പം നിന്നു. 82 റണ്‍സിന് അഞ്ചാം വിക്കറ്റും വീണ് പരുങ്ങിനിന്നപ്പോഴാണ് നാസിര്‍ ക്രീസിലത്തെിയത്. ലിട്ടന്‍ ദാസുമായി (45) ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ നാസിര്‍ 50 ഓവര്‍ പിന്നിട്ടപ്പോഴും 102 റണ്‍സുമായി ക്രീസില്‍തന്നെയുണ്ടായിരുന്നു. 96 പന്തില്‍ 12 ഫോറും ഒരു സിക്സറുമടങ്ങുന്നതായിരുന്നു നാസിര്‍ ഇന്നിങ്സ്. അനാമുല്‍ ഹഖ് (34), സൗമ്യ സര്‍ക്കാര്‍ (24) എന്നിവര്‍ ഒപ്പം ചേര്‍ന്നപ്പോള്‍ നിശ്ചിത ഓവറില്‍ ബംഗ്ളാദേശ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സ് ചേര്‍ത്തു. റിഷി ധവാന്‍ മൂന്നും കരണ്‍ ശര്‍മ രണ്ടും കലാറിയ, റെയ്ന എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ബൗളിങ്ങിലെന്നപോലെ മറുപടി ബാറ്റിങ്ങിന്‍െറ തുടക്കത്തിലും കാര്യങ്ങള്‍ ഇന്ത്യക്കൊപ്പമായിരുന്നു. എന്നാല്‍, രക്ഷകന്‍െറ റോളില്‍ ബാളുമെടുത്ത് നാസിര്‍ രംഗപ്രവേശം ചെയ്തതോടെ  ഇന്ത്യ കളികൈവിട്ടു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 118 എന്ന നിലയില്‍നിന്നാണ് 157ന് എട്ട് എന്ന അവസ്ഥയിലേക്ക് കൂപ്പുകുത്തിയത്. അക്രമിച്ച് കളിച്ച മായങ്ക് അഗര്‍വാള്‍ (24) സ്കോര്‍ ബോര്‍ഡില്‍ 31 റണ്‍സായപ്പോള്‍ പുറത്തുപോയെങ്കിലും നായകന്‍ ഉന്മുക്ത് ചന്ദും (56) മനീഷ് പാണ്ഡെയും (36) ചേര്‍ന്ന് ആതിഥേയരെ വിജയത്തിലത്തെിക്കുമെന്ന് തോന്നി. എന്നാല്‍, 27ാം ഓവറില്‍ ഈ കൂട്ടുകെട്ട് തകര്‍ത്ത് നാസിര്‍ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. സീനിയര്‍ താരം സുരേഷ് റെയ്നക്കും(17) നാസിറിന് മുന്നില്‍ കാലിടറി. ഗുര്‍കീരത് സിങ്(34) രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. ഏഴാമനായി ക്രീസിലത്തെിയ സഞ്ജുവിന്‍െറ ആയുസ് ഒരു ബാളില്‍ അവസാനിച്ചു. വാലറ്റവും ഘോഷയാത്ര നടത്തിയപ്പോള്‍ ഇന്ത്യന്‍ ഇന്നിങ്സ് 42 ഓവറില്‍ 187 റണ്‍സില്‍ അവസാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.