റോഷന്‍ മഹാനാമ ഐ.സി.സി മാച്ച് റഫറി സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നു

ദുബൈ: ഐ.സി.സി മാച്ച് റഫറി സ്ഥാനത്തുനിന്ന് മുന്‍ ശ്രീലങ്കന്‍ ബാറ്റ്സ്മാന്‍ റോഷന്‍ മഹാനാമ പടിയിറങ്ങുന്നു. 12 വര്‍ഷം മാച്ച് റഫറിയായി 58 ടെസ്റ്റും 222 ഏകദിനവും 35 ട്വന്‍റി20 മത്സരങ്ങളും നിയന്ത്രിച്ചാണ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനോട് വിടപറയുന്നത്. 2004ലാണ് മഹാനാമ ഐ.സി.സിക്കൊപ്പം ചേര്‍ന്നത്. എലൈറ്റ് പാനല്‍ അംഗമായിരുന്ന ശ്രീലങ്കന്‍ ക്രിക്കറ്റര്‍ മൂന്ന് ലോകകപ്പിലും ഒരു ചാമ്പ്യന്‍സ് ട്രോഫിയിലും മാച്ച് റഫറിയായി പ്രവര്‍ത്തിച്ചു. കാലാവധി അവസാനിക്കാന്‍ ആറു മാസംകൂടി ശേഷിക്കെയാണ് കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനായി ക്രിക്കറ്റിനോട് വിടപറയുന്നത്. ‘ക്രിക്കറ്റിനെ എന്നും ആവേശമായി കാണുന്ന എനിക്ക് കടുത്ത തീരുമാനമാണിത്. കളിക്കാരനും കോച്ചും മാച്ച് റഫറിയുമായി 40 വര്‍ഷം ക്രിക്കറ്റിനൊപ്പമായിരുന്നു. ഇനി നാട്ടില്‍ കുടുംബത്തിനൊപ്പം കഴിയണം. ബിസിനസ് വികസനപ്രവര്‍ത്തനങ്ങളും മനസ്സിലുണ്ട്’ -49കാരനായ മഹാനാമ വ്യക്തമാക്കി. 1986 മുതല്‍ 1999 വരെ ലങ്കക്കുവേണ്ടി കളിച്ച മഹാനാമ 52 ടെസ്റ്റിലും 213 ഏകദിനങ്ങളിലും ദേശീയ കുപ്പായമണിഞ്ഞു. രണ്ടു മത്സരങ്ങളില്‍ ലങ്കന്‍ ക്യാപ്റ്റനുമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.