ശശാങ്ക് മനോഹര്‍ ബി.സി.സി.ഐ പ്രസിഡന്‍റ്

മുംബൈ: ശശാങ്ക് മനോഹര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍െറ (ബി.സി.സി.ഐ) പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. മുംബൈയില്‍ നടന്ന ബോര്‍ഡ് ജനറല്‍ ബോഡി മീറ്റിങ്ങിലാണ് മനോഹര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. പശ്ചിമ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് സൗരവ് ഗാംഗുലി നയിക്കുന്ന കിഴക്കന്‍ മേഖലയാണ് ശശാങ്ക് മനോഹറിനെ നാമനിര്‍ദേശം ചെയ്തത്. മനോഹറിന്‍െറ തെരഞ്ഞെടുപ്പ് പ്രതീക്ഷിച്ചതായിരുന്നു. ഇത് രണ്ടാം തവണയാണ് നാഗ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്‍െറ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2008 മുതല്‍ 2011 വരെയാണ് ഇതിന് മുമ്പ് മനോഹര്‍ ബി.സി.സി.ഐയെ നയിച്ചത്.

ജഗ്മോഹന്‍ ഡാല്‍മിയയുടെ മരണത്തെ തുടര്‍ന്നാണ് പുതിയ ബി.സി.സി.ഐ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കേണ്ടിവന്നത്. ബോര്‍ഡ് സെക്രട്ടറി അനുരാഗ് താക്കൂറും മുന്‍ പ്രസിഡന്‍റ് ശരത് പവാറും ശശാങ്ക് മനോഹറിനെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പിന്തുണച്ചു. കൂടുതല്‍ ബോര്‍ഡുകളുടെ പിന്തുണയുള്ള ഇവരെ എതിര്‍ക്കാനുള്ള അംഗബലം ഇല്ലാത്തതിനാല്‍ എന്‍. ശ്രീനിവാസന്‍ വിഭാഗം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല. മൊത്തം 30 അസോസിയേഷനുകളാണ് ബി.സി.സി.ഐയില്‍ അംഗമായിട്ടുള്ളത്. ശ്രീനിവാസനെ ക്രിക്കറ്റ് ബോര്‍ഡ് തലപ്പത്തുനിന്നും അകറ്റിനിര്‍ത്താനുള്ള പവാറിന്‍െറയും താക്കൂറിന്‍െറയും ശ്രമമാണ് ശശാങ്ക് മനോഹറിനെ രംഗത്തിറക്കിയതിന് പിന്നില്‍.

ഇതിനു പുറമെ മുമ്പ് പ്രസിഡന്‍റായിരുന്ന സമയത്തുണ്ടാക്കിയ ക്ലീന്‍ ഇമേജാണ് എല്ലാവരുടെയും സമവായ സ്ഥാനാര്‍ഥിയായി ശശാങ്ക് മനോഹര്‍ വരാന്‍ കാരണം. പ്രത്യേകിച്ച് സാമ്പത്തിക രംഗം കൈകാര്യം ചെയ്യുന്നതില്‍ പാളിച്ച പറ്റിയില്ല എന്നതുതന്നെയായിരുന്നു മനോഹറിന് പിന്തുണ വര്‍ധിച്ചത്. ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ഭരണസംവിധാനമാണ് ബി.സി.സി.ഐ. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ആവശ്യം മനോഹര്‍ തുടക്കത്തില്‍  നിരസിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.