അശ്വിൻ ഐ.സി.സി റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത്

ദുബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൻെറ (ഐ.സി.സി) ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യയുടെ ആർ. അശ്വിൻ രണ്ടാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കക്കെതിരായ ക്രിക്കറ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് ഇന്ത്യൻ ഓഫ്-സ്പിന്നറുടെ റാങ്കിങ് നില മെച്ചപ്പെടുത്തിയത്. അശ്വിൻെറ കരിയറിലെ മികച്ച റാങ്കാണിത്. അഞ്ചാം സ്ഥാനത്തുനിന്നാണ് ഈ തമിഴ്നാട്ടുകാരൻ രണ്ടാം സ്ഥാനത്തേക്ക് എത്തിയത്. അതേസമയം ബാറ്റ്സ്മാൻമാരിൽ ദക്ഷിണാഫ്രിക്കയുടെ എബി ഡിവിലിയേഴ്സ് റാങ്കിങ്ങിൽ പിന്നിലായി.

ദക്ഷിണാഫ്രിക്കക്കെതിരെ നാഗ്പൂരിൽ നടന്ന മൂന്നാം ടെസ്റ്റിൽ 98 റൺസ് വഴങ്ങി 12 വിക്കറ്റാണ് അശ്വിൻ നേടിയത്. മത്സരത്തിൽ ഇന്ത്യ 124 റൺസിൻെറ മികച്ച വിജയം നേടുകയും ചെയ്തു.

856 പോയിൻറാണ് അശ്വിന് ലഭിച്ചത്. ആദ്യ സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയിന് 884 പോയിൻറാണുള്ളത്. 846 പോയിൻറുമായി ഇംഗ്ലണ്ടിൻെറ ജെയിംസ് ആൻഡേഴ്സനാണ് മൂന്നാം സ്ഥാനത്ത്. ചരിത്രത്തിലെ ആദ്യത്തെ ഡേ-നൈറ്റ് ടെസ്റ്റ് മത്സരത്തിൽ ഒമ്പത് വിക്കറ്റ് നേടിയ ആസ്ട്രേലിയയുടെ ജോഷ് ഹെയ്സൽവുഡ് ആദ്യ പത്തിൽ ഇടം കണ്ടെത്തി. പത്താം സ്ഥാനത്താണ് ജോഷ്.

രണ്ട് സ്ഥാനങ്ങൾ നഷ്ടപ്പെട്ട് മൂന്നാമത്തെ റാങ്കാണ് ടെസ്റ്റ് ബാറ്റ്സ്മാൻമാരിൽ എബി ഡിവിലിയേഴ്സിന്. 886 വീതം പോയിൻറ് നേടിയ ഇംഗ്ലണ്ടിൻെറ ജോ റൂട്ട്, ആസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്ത് എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഡിവിലിയേഴ്സ് മൂന്നാം സ്ഥാനത്താണ്. ആദ്യ പത്തിൽ ഒറ്റ ഇന്ത്യൻ ബാറ്റ്സ്മാനും ഇല്ല. ന്യൂസിലൻഡിൻെറ കെയ്ൻ വില്യംസനാണ് മൂന്നാം സ്ഥാനത്ത്. 12ാം സ്ഥാനത്തുള്ള മുരളി വിജയ് ആണ് ഏറ്റവും മികച്ച റാങ്കുള്ള ഇന്ത്യൻ ബാറ്റ്സ്മാൻ.

ടെസ്റ്റ് ടീമുകളിൽ ദക്ഷിണാഫ്രിക്കയാണ് ഒന്നാം സ്ഥാനത്ത്. 125 പോയിൻറാണ് ദക്ഷിണാഫ്രിക്കക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഓസീസിൻെറ റേറ്റിങ് 109 ആണ്. ദക്ഷിണാഫ്രിക്കയുമായുള്ള അടുത്ത മത്സരം ജയിച്ചാൽ 110 റേറ്റിങ്ങുമായി ഇന്ത്യക്ക് രണ്ടാം സ്ഥാനം നേടാം. നിലവിൽ പാകിസ്താൻ നാലാം സ്ഥാനത്തും ഇന്ത്യ അഞ്ചാം സ്ഥാനത്തുമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT