‘ബ്രാഡ്മാന്‍െറ പങ്കാളി’ ആര്‍തര്‍ മോറിസ് അന്തരിച്ചു

സിഡ്നി:  ആസ്ട്രേലിയന്‍ ക്രിക്കറ്റ് കണ്ട മികച്ച താരങ്ങളിലൊരാളും ഡോണ്‍ ബ്രാഡ്മാന്‍െറ സമകാലികനുമായ ആര്‍തര്‍ മോറിസ് അന്തരിച്ചു. ഓപണിങ് ബാറ്റ്സ്മാനും ഓസീസ് ക്യാപ്റ്റനുമായിരുന്ന ആര്‍തറിന് 93 വയസ്സായിരുന്നു. പ്രശസ്തമായ 1948ലെ ഓസീസിന്‍െറ അജയ്യ ആഷസ് പരമ്പരയിലെ ടോപ്സ്കോററായിരുന്നു അദ്ദേഹം. ഡോണ്‍ ബ്രാഡ്മാന്‍ നയിച്ച അന്നത്തെ ഓസീസ് ടീമിലെ അംഗങ്ങളില്‍ ജീവിച്ചിരുന്ന രണ്ടു പേരില്‍ ഒരാളെയാണ് ആര്‍തറിന്‍െറ വിയോഗത്തിലൂടെ ആസ്ട്രേലിയക്ക് നഷ്ടമായത്. ചരിത്രത്തിലിടംനേടിയ ബ്രാഡ്മാന്‍െറ അവസാന ‘ഡക്ക്’ ഇന്നിങ്സിന് നോണ്‍സ്ട്രൈക്കര്‍ എന്‍ഡിലെ സാക്ഷിയായിരുന്നു ആര്‍തര്‍. ഓവലിലെ ആ മത്സരത്തില്‍ 196 റണ്‍സും നേടിയിരുന്നു.
ആസ്ട്രേലിയന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരില്‍ ഒരാളായ ആര്‍മര്‍ മോറിസ്, ഇടംകൈയന്‍ ഓപണറായിരുന്നു. 1946ലെ ആഷസില്‍ ഗബ്ബയിലാണ് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് 46 ടെസ്റ്റുകളില്‍ ഓസീസ് ടീമിന്‍െറ ഭാഗമായ അദ്ദേഹം 46.48 ശരാശരിയില്‍ 3533 റണ്‍സാണ് അടിച്ചുകൂട്ടിയത്. 12 സെഞ്ച്വറികളാണ് കരിയറില്‍ പിറന്നത്. രണ്ടു തവണ കങ്കാരുക്കളെ നയിച്ച ആര്‍തര്‍ 2000ത്തില്‍ ആസ്ട്രേലിയയുടെ നൂറ്റാണ്ടിലെ ടീമിന്‍െറ ഓപണറായും തെരഞ്ഞെടുക്കപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.