മീനങ്ങാടി (വയനാട്): മഴമേഘങ്ങളെ തോല്‍പിച്ച മലമുകളില്‍ ഓംഫില്‍ റമേലയുടെ റണ്‍വര്‍ഷം. ഇടക്ക് മങ്ങിയും പിന്നെ തെളിഞ്ഞും വെയില്‍ വീശിയ മൈതാനത്ത് കൃഷ്ണഗിരി സ്റ്റേഡിയം ആദ്യ രാജ്യാന്തര മത്സരത്തിലേക്ക് ഗാര്‍ഡെടുത്തപ്പോള്‍ 27 കാരനായ ജൊഹാനസ്ബര്‍ഗുകാരനായിരുന്നു താരം. ഇന്ത്യ ‘എ’ക്കെതിരായ ആദ്യ ചതുര്‍ദിന മത്സരത്തില്‍ ടോസ് നേടി ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക ‘എ’ ടീം റമേലയുടെ (112) സെഞ്ച്വറിത്തിളക്കത്തില്‍ ഒന്നാംദിനം നാലു വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സെന്ന ശക്തമായ നിലയിലാണ്. റമേലക്കൊപ്പം നാലാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയ തെംബാ ബാവുമ 55 റണ്‍സുമായി ക്രീസിലുണ്ട്. രണ്ടു വിക്കറ്റെടുത്ത അക്ഷര്‍ പട്ടേലാണ് ഇന്ത്യന്‍ ബൗളിങ്ങില്‍ മിടുക്കുകാട്ടിയത്.

മഴകാരണം രണ്ടാം സെഷനില്‍ ഒരു മണിക്കൂറിലധികം കളിമുടങ്ങിയിട്ടും കുന്നിന്‍മുകളിലെ പ്രതലത്തില്‍ കാര്യമായ ഓവര്‍ നഷ്ടമുണ്ടായില്ല. പോക്കുവെയില്‍ തെളിച്ചം കാട്ടിയപ്പോള്‍ വൈകീട്ട് കൂടുതല്‍ സമയം കളി സാധ്യമായതോടെ ആദ്യദിനം 88 ഓവര്‍ പന്തെറിയാന്‍ കഴിഞ്ഞു.
പിച്ചിനെക്കുറിച്ച കണക്കുകൂട്ടലുകളും പ്രവചനങ്ങളും കാറ്റില്‍പറത്തിയായിരുന്നു പന്തിന്‍െറ ഗതി. ചാമരാജ്നഗറില്‍നിന്നത്തെിച്ച മണ്ണുകൊണ്ട് പ്രത്യേകം തയാറാക്കിയ പിച്ചില്‍ രാവിലത്തെ സെഷനില്‍ ബൗണ്‍സും പേസുമൊക്കെ ശരവേഗമാര്‍ജിക്കുമെന്ന പ്രതീക്ഷകളൊന്നും പച്ചതൊട്ടില്ല. ആജാനുബാഹുവായ ഈശ്വര്‍പാണ്ഡെ അടക്കമുള്ള ഇന്ത്യന്‍ പേസര്‍മാര്‍ക്ക് ആഫ്രിക്കക്കാര്‍ക്കുനേരെ ഭീതിജനകമായ ഒരു ബൗണ്‍സര്‍പോലും തൊടുത്തുവിടാനായില്ല. മഞ്ഞുവീഴുന്ന പുലരിയില്‍ സീം ബൗളിങ്ങിന്‍െറ സംഹാരശേഷി സ്വപ്നംകണ്ട് സ്ളിപ്പില്‍ നാലു ഫീല്‍ഡര്‍മാരെവരെ വിന്യസിച്ച ആതിഥേയ തന്ത്രങ്ങള്‍ പാളി. റീസാ ഹെന്‍റിക്സും (50) സ്റ്റിയാന്‍ വാന്‍ സിലും (28) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 60 റണ്‍സിന്‍െറ കൂട്ടുകെട്ടുമായി മുന്നേറിയപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പ്രചോദനമൊന്നും കിട്ടാതെ പോവുകയായിരുന്നു. ആദ്യദിനം സ്ളിപ്പിലടക്കം ലഭിച്ച അര്‍ധാവസരങ്ങള്‍ മുതലെടുക്കാന്‍ ഫീല്‍ഡര്‍മാര്‍ക്കും കഴിയാതെ പോയി.



20 ഓവര്‍ പൂര്‍ത്തിയാകവേയാണ് വയനാടന്‍ മണ്ണില്‍ ആദ്യ രാജ്യാന്തര വിക്കറ്റ് വീണത്. 63 പന്തില്‍ അഞ്ചു ബൗണ്ടറികള്‍ പായിച്ച് പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച വാന്‍സിലിനെ കവറില്‍ ഇന്ത്യ എ ക്യാപ്റ്റന്‍ അമ്പാട്ടി റായുഡു കൈകളിലൊതുക്കുകയായിരുന്നു. ആക്രമണോസുകത കാട്ടിയ ഹെന്‍റിക്സ് സ്കോര്‍ മൂന്നക്കത്തിലത്തെിയപ്പോള്‍ പവലിയനിലേക്ക് മടങ്ങി. പാണ്ഡയുടെ പന്തില്‍ വിക്കറ്റിനുപിന്നില്‍ അങ്കുഷ് ബെയ്ന്‍സിന് ക്യാച്ച്. 87 പന്തു നേരിട്ട ഉപനായകന്‍ ഏഴു ചേതോഹര ബൗണ്ടറികളും രണ്ടു കൂറ്റന്‍ സിക്സറുകളും പറത്തിയാണ് കൂടാരം കയറിയത്.

ഉച്ചഭക്ഷണത്തിനുശേഷം 44ാം ഓവറില്‍ സ്കോര്‍ രണ്ടിന് 146 റണ്‍സെന്ന നിലയില്‍ നില്‍ക്കേയാണ് ഇടിയുംവെട്ടി മഴയത്തെിയത്. കനത്തമഴക്കുശേഷം പൊടുന്നനെ മാനം തെളിഞ്ഞതോടെ സൂപ്പര്‍സോപ്പറുകളടക്കം പ്രവര്‍ത്തന നിരതയായി. വൈകാതെ കളി പുനരാരംഭിക്കുകയും ചെയ്തു. വൈകാതെ ആതിഥേയര്‍ മൂന്നാം വിക്കറ്റും കീശയിലാക്കി. 63 പന്തില്‍ 38 റണ്‍സെടുത്ത തിയൂനിസ് ഡി ബ്രൂയിനെ ഡീപ് മിഡ്വിക്കറ്റില്‍ വിജയ് ശങ്കര്‍ കൈകളിലൊതുക്കുകയായിരുന്നു.



മൂന്നിന് 157 റണ്‍സെന്ന നിലയില്‍ പരുങ്ങിയ സന്ദര്‍ശക ഇന്നിങ്സിനെ നാലാം വിക്കറ്റില്‍ 136 റണ്‍സ് കൂട്ടുകെട്ടുമായി റമേല-ബാവുമ ജോടി കരകയറ്റുകയായിരുന്നു. റായുഡുവിന്‍െറ പരിമിതമായ ബൗളിങ് ഓപ്ഷനുകള്‍ ഫലപ്രദമാകാതെ പോയതും ആഫ്രിക്കക്കാര്‍ക്ക് തുണയായി. അക്ഷര്‍ പട്ടേല്‍ നയിച്ച സ്പിന്‍ നിരക്കും പിച്ചില്‍നിന്ന് ടേണും ഫൈ്ളറ്റുമൊന്നും ലഭിച്ചില്ല. അവസാനഘട്ടത്തില്‍ വ്യക്തിഗത സ്കോര്‍ 96ല്‍നില്‍ക്കെ പാണ്ഡെയെ ലോങ് ഓണിലേക്ക് സിക്സര്‍ പറത്തി റമേല കൃഷ്ണഗിരിയുടെ ആദ്യ ശതകനേട്ടത്തിനുടമയായി. ആ ഓവറില്‍ വീണ്ടുമൊരു സിക്സര്‍ കൂടി റമേലയുടെ ബാറ്റില്‍നിന്ന് പറന്നു. അടുത്ത ഓവറില്‍ പന്തിനെ അതിര്‍ത്തി കടത്തിയതിനുപിന്നാലെ റമേല മടങ്ങി. പട്ടേലിന്‍െറ സ്പിന്നില്‍ നിലതെറ്റി അങ്കുഷിന് ക്യാച്ച്. 197 പന്തില്‍ 12 ഫോറും മൂന്നു സിക്സുമടങ്ങിയതായിരുന്നു റമേലയുടെ ഇന്നിങ്സ്. അടുത്ത നാലുപന്ത് ഡെയ്ന്‍ പീറ്റ് പ്രതിരോധിച്ചതിനുപിന്നാലെ കൂടുതല്‍ വിക്കറ്റ് നഷ്ടങ്ങളില്ലാതെ ആദ്യദിനത്തിന് പരിസമാപ്തിയായി.

സ്കോര്‍ബോര്‍ഡ്:
ദക്ഷിണാഫ്രിക്ക എ ഒന്നാമിന്നിങ്സ്: റീസാ ഹെന്‍റിക്സ് സി അങ്കുഷ് ബി പാണ്ഡെ 50, സ്റ്റിയാന്‍ വാന്‍ സില്‍ സി റായുഡു ബി യാദവ് 28, തിയൂനിസ് ഡി ബ്രൂയിന്‍ സി വിജയ് ശങ്കര്‍ ബി അക്ഷര്‍ 38, ഓംഫില്‍ റമേല സി അങ്കുഷ് ബി  അക്ഷര്‍ 112, തെംബാ ബാവുമ നോട്ടൗട്ട് 55, ഡെയ്ന്‍ പീറ്റ് നോട്ടൗട്ട് 0, എക്സ്ട്രാസ് 10, ആകെ (88 ഓവറില്‍ നാലു വിക്കറ്റിന്) 293. വിക്കറ്റ് വീഴ്ച: 1-60, 2-100, 3-157, 4-293. ബൗളിങ്: അഭിമന്യു മിഥുന്‍ 14-1-52-0, ഈശ്വര്‍ പാണ്ഡെ 15-2-56-1, അക്ഷര്‍ പട്ടേല്‍ 24-8-52-2, ജയന്ത് യാദവ് 24-2-88-1, വിജയ് ശങ്കര്‍ 10-3-29-0, കരുണ്‍ നായര്‍ 1-0-9-0.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.