നാലാം പോര് ഇന്ന്; ഓസീസിന് തിരിച്ചുവരണം

നോട്ടിങ്ഹാം: ഒരു ജയമകലെ ചാമ്പ്യന്‍ പട്ടം പ്രലോഭിപ്പിക്കുന്ന ഇംഗ്ളണ്ടും തിരിച്ചുവരവിനുള്ള അവസാന വഴി തേടുന്ന ആസ്ട്രേലിയയും ആഷസ് പരമ്പരയിലെ നാലാം അങ്കത്തിന് ഇന്നിറങ്ങും. ആസ്ട്രേലിയയെ തിരിച്ചുവരാന്‍ ഒരു പഴുതും നല്‍കാതെ 3^1 ന് മുന്നിലത്തെി ആഷസ് ഉയര്‍ത്താന്‍ അലിസ്റ്റര്‍ കുക്കും സംഘവും കച്ചകെട്ടുമ്പോള്‍ ആയുസ്സ് നീട്ടിയെടുക്കലാണ് മൈക്കല്‍ ക്ളര്‍ക്കിന്‍െറ കങ്കാരുപ്പടയുടെ ലക്ഷ്യം. ലോര്‍ഡ്സില്‍ മാത്രം അടിപതറിയ ഇംഗ്ളീഷ് നിര തകര്‍പ്പന്‍ ഫോമിലാണ് എന്നതുതന്നെയാണ് അവര്‍ക്ക് ആത്മവിശ്വാസമേകുന്ന ഘടകം. എഡ്ബാസ്റ്റണില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ മൂന്നു ദിനങ്ങള്‍ മാത്രമെടുത്താണ് എട്ടു വിക്കറ്റിന് ആസ്ട്രേലിയന്‍ വമ്പിനെ മുട്ടുകുത്തിച്ച് അവര്‍ 2^1 ന് പരമ്പരയില്‍ മുന്നിലത്തെിയത്. മറ്റൊരു ഓള്‍റൗണ്ട് പ്രകടനംകൂടി പുറത്തെടുത്താല്‍ വിജയമാവര്‍ത്തിച്ച് ആഷസ് അവര്‍ക്ക് തിരിച്ചുപിടിക്കാം. എന്നാല്‍, തിരിച്ചടിക്കാനുള്ള ഓസീസിന്‍െറ കഴിവ് മറുവശത്ത് അപകടഭീഷണിയായുണ്ട്.
പരമ്പരയില്‍ മുന്നിലാണെങ്കിലും ബാറ്റിങ്ങില്‍ വലിയ മികവ് പുലര്‍ത്താന്‍ ഇംഗ്ളീഷ് പടക്ക് ഇതുവരെ ആയിട്ടില്ല. ജോ റൂട്ടും ഇയാന്‍ ബെല്ലുമാണ് അവരെ പലപ്പോഴും താങ്ങിയത്. ബൗളിങ്ങാണ് ഇതുവരെയുള്ള താരം. മൂന്നാം ടെസ്റ്റില്‍ ആസ്ട്രേലിയയെ എറിഞ്ഞിട്ട സ്റ്റീവന്‍ ഫിന്നിന്‍െറ നേതൃത്വത്തിലുള്ള പേസര്‍മാര്‍ ഇംഗ്ളണ്ടിനെ ഒരുപടി മുന്നില്‍ നിര്‍ത്തുന്നു. എന്നാല്‍, ഒന്നാം നമ്പര്‍ വിക്കറ്റ്വേട്ടക്കാരന്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ പരിക്കുകാരണം കളിക്കാത്തത് അവര്‍ക്ക് തലവേദനയുണ്ടാക്കുമോ എന്നത് ഈ മത്സരത്തില്‍ നിര്‍ണായകമാകും.
മറുവശത്ത് ആസ്ട്രേലിയക്ക് തലവേദന നല്‍കുന്നത് തിളങ്ങാത്ത ബൗളിങ്നിരയാണ്. ക്യാപ്റ്റന്‍ മൈക്കല്‍ ക്ളാര്‍ക്ക് ഉള്‍പ്പെടെയുള്ള ബാറ്റിങ്ങിനും ലോര്‍ഡ്സിലൊഴികെ വിശേഷിച്ചൊന്നും ചെയ്യാനായിട്ടില്ല. 405 റണ്‍സിന്‍െറ ആ കൂറ്റന്‍ ജയം പോലൊരു തിരിച്ചുവരവാണ് ക്ളാര്‍ക്ക് ആഗ്രഹിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.