വാംഖഡെയില്‍ ഷാരൂഖ് ഖാനുള്ള വിലക്ക് നീക്കി

മുംബൈ: ബോളിവുഡ് താരം ഷാറൂഖ് ഖാന് വാംഖഡെ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന അഞ്ചു വര്‍ഷത്തെ വിലക്ക് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ (എം.സി.എ) പിന്‍വലിച്ചു. ഞായറാഴ്ച നടന്ന മാനേജിങ് കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍െറ ഉടമയായ ഷാറൂഖിനെ 2012 മേയിലാണ് അഞ്ചു വര്‍ഷത്തേക്ക് വിലക്കിയത്. കൊല്‍ക്കത്തയും മുംബൈ ഇന്ത്യന്‍സും തമ്മില്‍ നടന്ന മത്സരത്തിനുശേഷം ഗ്രൗണ്ടില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ പിടിച്ചുതള്ളിയതിനും എം.സി.എ ഒഫീഷ്യല്‍സുമായി വാഗ്വാദത്തിലേര്‍പ്പെട്ടതിനുമായിരുന്നു നടപടി. തനിക്കൊപ്പം വന്ന മകള്‍ സുഹാന ഉള്‍പ്പെടെയുള്ള കുട്ടികളെ ഗ്രൗണ്ടില്‍ പ്രവേശിക്കുന്നതില്‍നിന്ന് സെക്യൂരിറ്റി തടഞ്ഞതില്‍ പ്രകോപിതനായായിരുന്നു ഷാറൂഖ് ബഹളമുണ്ടാക്കിയത്.
ഞായറാഴ്ചത്തെ യോഗത്തിന് മുമ്പുതന്നെ എം.സി.എ അംഗങ്ങളില്‍ ഒരു വിഭാഗത്തിന് വിലക്ക് നീക്കണമെന്ന അഭിപ്രായമുണ്ടായിരുന്നു. വിലക്കിന്‍െറ നല്ളൊരു ഭാഗം സമയവും ഷാറൂഖ് ആദരവോടെ അനുസരിച്ചതിനാല്‍ 2017 വരെ കാത്തുനില്‍ക്കാതെ വിലക്ക് നീക്കണമെന്നതായിരുന്നു അംഗങ്ങളുടെ നിലപാട്.
കഴിഞ്ഞ വര്‍ഷം താല്‍ക്കാലികമായി വിലക്ക് നീക്കാന്‍ എം.സി.എ തയാറായിരുന്നു. ബംഗളൂരുവില്‍നിന്ന് ഐ.പി.എല്‍ ഫൈനല്‍ മുംബൈയിലേക്ക് കൊണ്ടുവരുക എന്ന ഉദ്ദേശ്യംവെച്ച് ഫൈനല്‍ മത്സരത്തിന് മാത്രമായിരുന്നു ഇളവ്. എന്നാല്‍, ആ ലക്ഷ്യം നിറവേറിയില്ല. എന്നാല്‍, ഇപ്പോള്‍ വിലക്ക് പൂര്‍ണമായും നീക്കി ഷാറൂഖിന് സ്വാഗതമോതാന്‍ എം.സി.എ ഐകകണ്ഠ്യേന തയാറാകുകയായിരുന്നു. ഷാറൂഖിന് മാത്രമല്ല, ബി.സി.സി.ഐക്കും ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ളക്കും ആശ്വാസംപകരുന്നതാണ് ഈ തീരുമാനം.
കൊല്‍ക്കത്ത ടീമിന്‍െറ ഉടമ എന്നതിന് പുറമെ ഐ.പി.എല്ലിലേക്ക് ആരാധകരെ ആകര്‍ഷിക്കാന്‍ കഴിവുള്ള വലിയ സെലിബ്രിറ്റികൂടിയാണ് ഷാറൂഖ് എന്നതുതന്നെ കാരണം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.