സൈന നെഹ്‌വാൾ ഗോപീചന്ദ് അക്കാദമിയിലേക്ക് മടങ്ങിയെത്തുന്നു

ഹൈദരാബാദ്: ഇന്ത്യയുടെ ബാഡ്മിൻറൺ സൂപ്പർതാരം സൈന നെഹ്‌വാൾ ഗോപീചന്ദ് അക്കാദമിയിലേക്ക് മടങ്ങിയെത്തുന്നു. മൂന്ന് വർഷം മുമ്പ് അക്കാദമിയോട് വിടപറഞ്ഞ സൈന ഗ്ലാസ്ഗോ ലോക ചാമ്പ്യൻഷിപ്പിന് പിന്നാലെയാണ് തന്‍റെ പഴയ ഗുരുവിൻെറ അടുത്തേക്ക് തിരികെയെത്തുന്നത്.  ലോക ചാമ്പ്യൻഷിപ്പിനിടെ സൈന ഗോപീചന്ദുമായി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൈനയുടെ തീരുമാനം. 2014 സെപ്റ്റംബർ രണ്ടു മുതൽ പരിശീലകൻ വിമൽകുമാറിനൊപ്പമാണ് സൈന പ്രവർത്തിക്കുന്നത്. ബംഗളൂരുവിലാണ് സൈനയുടെ ക്യാമ്പ്. ഗോപീചന്ദിന് കീഴിലായിരുന്നു സൈനയുടെ സുവർണകാലം. സൈന ഹൈദരാബാദിൽ നിന്നും പോയതോടെ  മികവ് തുടരാൻ കഴിഞ്ഞിരുന്നില്ല. ഒളിമ്പിക്സിൽ മെഡലില്ലാതെ മടങ്ങിയ സൈനയെ പരിക്കും അലട്ടിയിരുന്നു.

സൈന പോയതോടെ പി.വി.സിന്ധുവായി ഗോപീചന്ദ് അക്കാദമിയുടെ ശ്രദ്ധാകേന്ദ്രം. ഒളിമ്പിക്സിലും ലോക ചാമ്പ്യൻഷിപ്പിലും മികച്ച പ്രകടനമാണ് സിന്ധു പുറത്തെടുത്തത്. കളി പഠിപ്പിക്കുന്നതില്‍ കാണിക്കുന്ന അപാരമായ പാടവമാണ് ഗോപീചന്ദിനെ വേറിട്ടുനിര്‍ത്തുന്നത്. സിന്ധുവിന്‍െറ പ്രതിഭയെ തേച്ചുമിനുക്കി കില്ലര്‍ ഇന്‍സ്റ്റിന്‍ക്റ്റ് കുത്തിവെച്ച് കളത്തിലേക്കയക്കുന്ന ഗോപീചന്ദ് തന്നെയാണ് സമീപകാലത്ത് ബാഡ്മിന്‍റണ്‍ കോര്‍ട്ടില്‍ ഇന്ത്യയുണ്ടാക്കിയ നേട്ടത്തിനെല്ലാം തേരുതെളിച്ചത്. 

ഒരുകാലത്ത് ഇന്ത്യന്‍ ബാഡ്മിന്‍റണിന്‍െറ പര്യായമായിരുന്നു പുല്ലേല ഗോപീചന്ദ്. പ്രകാശ് പദുക്കോണും സയ്യിദ് മോദിയും അരങ്ങുവാണ കാലത്തിനുശേഷം ഇന്ത്യന്‍ ബാഡ്മിന്‍റണിന് ലോകതലത്തില്‍ പെരുമയുണ്ടാക്കിയവരില്‍ പ്രമുഖന്‍. 2001ല്‍ ഓള്‍ ഇംഗ്ളണ്ട് ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ് ജയവുമായി മറ്റൊരു ഇന്ത്യന്‍ താരത്തിനും എത്തിപ്പിടിക്കാനാവാത്ത കൊടുമുടി കയറിയയാളാണ് ഗോപീചന്ദ്. ഹൈദരാബാദിലെ ഗോപീചന്ദ് ബാഡ്മിന്‍റണ്‍ അക്കാദമിയാണ് 21ാം നൂറ്റാണ്ടിലെ ഇന്ത്യന്‍ കുതിപ്പിന് ആണിക്കല്ലായി വര്‍ത്തിക്കുന്നത്. ഓള്‍ ഇംഗ്ളണ്ട് ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ് ജയിച്ച് അധികം വൈകാതെ കളത്തില്‍നിന്ന് വിരമിച്ച് കോച്ചിന്‍െറ കുപ്പായമിട്ട ഗോപീചന്ദ് സ്വന്തം ബാഡ്മിന്‍റണ്‍ അക്കാദമി തുടങ്ങുമ്പോള്‍ അത് ഇന്ത്യയിലെ തന്നെ ആ വഴിക്കുള്ള ആദ്യ സംരംഭമായിരുന്നു. 

സൈനക്കും സിന്ധുവിനും പുറമെ പുരുഷവിഭാഗത്തില്‍ മികവുപുലര്‍ത്തുന്ന ശ്രീകാന്തും കശ്യപുമെല്ലാം ഗോപീചന്ദിന്‍െറ ശിഷ്യന്മാര്‍ തന്നെ. സൈനയുടെ പിന്‍ഗാമിയായി ഉയര്‍ന്നുവന്ന സിന്ധുവിനെ ചിട്ടയാര്‍ന്ന പരിശീലനത്തിലൂടെ ഒളിമ്പിക് മെഡലെന്ന സ്വപ്നത്തിന് ഗോപീചന്ദ് പ്രാപ്തയാക്കുകയായിരുന്നു. സൈന, തന്‍െറ അക്കാദമി വിട്ട് വിമല്‍ കുമാറിന്‍െറ അക്കാദമിയിലേക്ക് ചേക്കേറിയതോടെ ഗോപീചന്ദിന് പൂര്‍ണമായും സിന്ധുവിന്‍െറ കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

Tags:    
News Summary - Saina Nehwal to once again train under Pullela Gopichand-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.