പി.വി.സിന്ധു-കരോലിന മത്സരം നാളെ ദുബൈയില്‍

ദുബൈ: നാലുമാസം മുമ്പ് റിയോ ഡെ ജനീറോയിലെ ആ വെള്ളിയാഴ്ച കരോലിനയുടെയും പി.വി.സിന്ധുവിന്‍െറയും മനസ്സില്‍ ഇപ്പോഴും റാലിയായി പെയ്തിറങ്ങുന്നുണ്ട്. അന്ന് ഒളിമ്പിക് ഫൈനലില്‍ സിന്ധു സ്പെയിനിന്‍െറ ലോക ഒന്നാം നമ്പറുകാരി കരോലിന മാരിനോട് പൊരുതിത്തോറ്റെങ്കിലും ഇന്ത്യയുടെ ആദ്യ വനിത വ്യക്തിഗത വെള്ളിമെഡല്‍ നേടിയ ഹൈദരാബാദുകാരിക്ക് രാജോചിത സ്വീകരണമാണ് നാട്ടില്‍ ലഭിച്ചത്. ഇതാ ഇപ്പോള്‍ മറ്റൊരു വെള്ളിയാഴ്ച ദുബൈയില്‍ ഇരുവരും കോര്‍ട്ടില്‍ നേര്‍ക്കുനേര്‍ വരുന്നു.
ലോക ബാഡ്മിന്‍റണ്‍ ഫെഡറേഷന്‍െറ സൂപ്പര്‍ സീരീസ് ഫൈനല്‍സിന്‍െറ ഗ്രൂപ് ബി പ്രാഥമിക റൗണ്ടില്‍ ഇരുവരും ശൈഖ് ഹംദാന്‍ സ്പോര്‍ട്സ് കോംപ്ളക്സിലെ കോര്‍ട്ടില്‍ വെള്ളിയാഴ്ച ബാറ്റേന്തുമ്പോള്‍ മനസ്സില്‍ റിയോ തന്നെയാണെന്ന് പി.വി.സിന്ധു ‘മാധ്യമ’ത്തോട് പറഞ്ഞു. ‘അന്നത്തെ മത്സരം കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു. പിന്നില്‍ നിന്ന ശേഷം ആദ്യ ഗെയിം പിടിച്ചെടുത്തെങ്കിലും രണ്ടാം ഗെയിമില്‍ എവിടെയോ പിഴച്ചു. മൂന്നാം ഗെയിമിലും നന്നായി പൊരുതിയെങ്കിലും കരോലിനക്കായിരുന്നു മുന്‍തൂക്കം’ -തന്‍െറ ആദ്യ ഒളിമ്പിക്സ് സിന്ധു ഓര്‍ത്തെടുത്തു. ലോകത്തെ ഏറ്റവും വലിയ ടൂര്‍ണമെന്‍റുകളിലൊന്നായ10 ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള  ദുബൈ സൂപ്പര്‍ സീരീസിനെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ലോകത്തെ 12 പ്രമുഖ ടൂര്‍ണമെന്‍റുകളിലെ പ്രകടനം വിലയിരുത്തി ആദ്യ എട്ടു റാങ്ക് നേടുന്നവരാണ് സൂപ്പര്‍ സീരിസ് ഫൈനല്‍സില്‍ എത്തുന്നത്. അതുകൊണ്ട് ഓരോ കളിയും പ്രധാനമാണ്. ഒളിമ്പിക്സിനു ശേഷം കരോലിനയെ ആദ്യമായാണ് നേരിടുന്നത്. ഇവിടെ പ്രതികാരത്തിന്‍െറ പ്രശ്നമൊന്നുമില്ല.
എല്ലാ കളിയിലും ഏറ്റവും മികച്ചത് പുറത്തെടുക്കുക എന്നതാണ് രീതി. ഞങ്ങള്‍ രണ്ടുപേരും ആക്രമണ ശൈലിക്കാരാണെങ്കിലും കരോലിനയുടെ കളി വ്യത്യസ്തമാണ്. അന്നത്തെ ഗെയിം പ്ളാനായിരിക്കും നിര്‍ണായകമാവുക. ദുബൈയിലും കളി കടുപ്പമാവുമെങ്കിലും ഒളിമ്പിക്സിന്‍െറയത്ര സമ്മര്‍ദമില്ല. അന്ന് രാജ്യം മൊത്തം കാത്തിരുന്ന് കണ്ട മത്സരം സമ്മര്‍ദത്തോടൊപ്പം ഏറെ ആഹ്ളാദവും അഭിമാനവും നല്‍കിയിരുന്നു. ജയിക്കുക എന്നതിനപ്പുറം നന്നായി കളിക്കുക എന്ന് ചിന്തിച്ചാല്‍ സമ്മര്‍ദം കുറയും -സിന്ധു പറഞ്ഞു.
കരോലിനക്ക് മുമ്പ് ലോക എട്ടാം റാങ്കുകാരി ജപ്പാന്‍െറ അകാനെ യാമഗുച്ചിയും ആറാം റാങ്കുകാരി ചൈനയുടെ സുന്‍ യുവുമായി കളിയുണ്ട്. സെമിയിലത്തൊന്‍ ഈ മത്സരങ്ങളും പ്രധാനമാണ്.  സൂപ്പര്‍ സീരീസില്‍ ഏറ്റവും ഒടുവില്‍ നടന്ന ചൈന ഓപണ്‍ വിജയിക്കുകയും ഹോങ്കോങ് ഓപണില്‍ റണ്ണറപ്പാവുകയും ചെയ്തത് തനിക്ക് നല്ല ആത്മവിശ്വാസം നല്‍കുന്നുണ്ടെന്ന് ദുബൈയിലെ ഏക ഇന്ത്യന്‍ പ്രതിനിധിയായ പത്താം റാങ്കുകാരി സിന്ധു പറഞ്ഞു. ഒളിമ്പിക്സിന് ശേഷം പരിക്കിന്‍െറ പിടിയിലായ താന്‍ തിരിച്ചുവരവിന്‍െറ പാതയിലാണെന്ന് കരോലിന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇതുവരെ കരോലിനയും സിന്ധുവും ഏഴുതവണ ഏറ്റുമുട്ടിയതില്‍ അഞ്ചിലും ജയം സ്പാനിഷുകാരിക്കൊപ്പമായിരുന്നു. ദുബൈക്ക് ശേഷം ജനുവരിയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ബാഡ്മിന്‍റണ്‍ ലീഗില്‍ ഒരിക്കല്‍ കൂടി ഇരുവരും നേര്‍ക്കുനേര്‍ വരുന്നുണ്ട്.

 

Tags:    
News Summary - pv sindhu vs carolina marin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.