ചെമ്പട്ട് വിരിച്ച് ഉഷ സ്കൂള്‍ ട്രാക്കൊരുങ്ങി

കോഴിക്കോട്: കാന്തലാട് മലയുടെ താഴ്വരയിലെ പച്ചമരത്തണലില്‍ ചെമ്പട്ടണിഞ്ഞ് സ്റ്റാര്‍ട്ടിങ്ങിനൊരുങ്ങുകയാണ് ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിലെ സിന്തറ്റിക് ട്രാക്ക്. കിനാലൂരില്‍ ഒന്നരവര്‍ഷമായി കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്‍െറ മേല്‍നോട്ടത്തില്‍ തുടരുന്ന അത്ലറ്റിക് ട്രാക്ക് നിര്‍മാണം പൂര്‍ത്തിയായി. കോഴിക്കോട്ടെ രണ്ടാമത്തെ സിന്തറ്റിക് ട്രാക്കായ ഈ കളിയിടം ഫെബ്രുവരി 20ഓടെ ഉഷ സ്കൂളിന് കൈമാറും.

സിന്തറ്റിക് ട്രാക്കിലെ പരിശീലനത്തിനായി കി.മീറ്ററുകള്‍ അകലെയുള്ള കോഴിക്കോട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ പോകേണ്ട ഗതികേടില്‍നിന്ന് ടിന്‍റുലൂക്കയടക്കമുള്ള പി.ടി. ഉഷയുടെ ശിഷ്യകള്‍ക്ക് ഇതോടെ മോചനമാവും. പുറത്തുനിന്നുള്ളവര്‍ക്കും നിബന്ധനകളോടെ പരിശീലനത്തിനിവിടെ സൗകര്യമുണ്ട്.  400 മീറ്ററിന്‍െറ പതിവ് വിശാലതയില്‍ എട്ട് ലൈന്‍ ട്രാക്കിന്‍െറ പണിയെല്ലാം പൂര്‍ത്തിയായി. ത്രോ ഏരിയയും ട്രെയിനിങ് ട്രാക്കുമടക്കം അന്താരാഷ്ട്ര നിലവാരത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മൈതാനത്ത് പച്ചപ്പുല്ലും വളര്‍ത്തിക്കഴിഞ്ഞു. ചില മിനുക്കുപണികള്‍ മാത്രമാണ് ബാക്കിയുള്ളത്. 

2010ലാണ് ദേശീയ കായിക വികസന ഫണ്ട് പ്രകാരമുള്ള സഹായത്തിനായി ഉഷ് സ്കൂള്‍ കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചത്. ആദ്യം നിരസിച്ച അപേക്ഷ രണ്ടാം യു.പി.എ സര്‍ക്കാറില്‍ അജയ് മാക്കന്‍ കായിക മന്ത്രിയായതോടെയാണ് പരിഗണിച്ചത്. 2011 ഒക്ടോബര്‍ 29ന് അദ്ദേഹംതന്നെ മൈതാനത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ചു. 

അഞ്ചരക്കോടി രൂപയായിരുന്നു അനുവദിച്ചത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പിനായിരുന്നു പ്രവൃത്തി ചുമതല. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) മേല്‍നോട്ടത്തില്‍ തിരുവനന്തപുരം സായിയും ഒപ്പമുണ്ടായിരുന്നു. രൂപയുടെ മൂല്യം കുറഞ്ഞതിനാല്‍ അഞ്ചരക്കോടി മതിയാവില്ളെന്നായപ്പോള്‍ പിന്നീട് ടെന്‍ഡര്‍ തുടര്‍ന്ന് 8.13 കോടിക്കാണ് ജര്‍മനിയില്‍നിന്നുള്ള പോളിടാന്‍ കമ്പനി പ്രവൃത്തിയേറ്റെടുത്തത്. സ്കൂള്‍ ഭാരവാഹികള്‍, കേന്ദ്ര പൊതുമരാമത്ത് വകുപ്പ്, കായികമന്ത്രാലയം, സായി എന്നിവയുടെ പ്രതിനിധികളടങ്ങിയ നിര്‍മാണ കമ്മിറ്റിയും രൂപവത്കരിച്ചു. 

കുന്നിടിച്ച് നിരത്തിയാണ് മൈതാനം നിര്‍മിച്ചത്. ട്രെയിനിങ് കം കോംപറ്റീഷന്‍ ട്രാക്കാണിത്. താരങ്ങള്‍ക്ക് പരിക്കിനുള്ള സാധ്യതകള്‍ മറ്റ് ട്രാക്കുകളേക്കാള്‍ കുറവാണ്. 2.45 ഇഞ്ചില്‍ ഫുള്‍ പി.യു.ആര്‍ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഈടുനില്‍ക്കുമെന്ന് നിര്‍മാതാക്കാള്‍ ഉറപ്പുതരുന്നു. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, സി.ആര്‍.പി.എഫ് മൈതാനം എന്നിവിടങ്ങളിലെ ട്രാക്ക് മാത്രമാണ് സമാനരീതിയിലുള്ളത്. ഏത് കാലാവസ്ഥയിലും ഇവിടെ പരിശീലിക്കാം.

പവലിയന്‍, ചെയ്ഞ്ചിങ് റൂം, ടോയിലറ്റ് തുടങ്ങിയ അനുബന്ധ സൗകര്യങ്ങള്‍ വരുന്നതോടെ എ ക്ളാസ് ട്രാക്കായി മാറും. ഇതിനായി ആറുകോടി രൂപക്കായി കേന്ദ്രസര്‍ക്കാറിനെ സമീപിക്കും. ഭാവിയില്‍ മത്സരങ്ങള്‍ നടത്തണമെങ്കില്‍ താമസസൗകര്യമടക്കം ഒരുക്കണം. ഗ്രാമീണാന്തരീക്ഷത്തിലുള്ള ഈ അത്ലറ്റിക് ട്രാക്കില്‍നിന്ന് വമ്പന്‍ താരങ്ങള്‍ ഉയര്‍ന്നുവരുമെന്ന് ഉഷ സ്കൂളില്‍ സെലക്ഷന്‍ ട്രയല്‍സിനത്തെിയ ഇന്ത്യന്‍ കോച്ച് ജെ.എസ്. ഭാട്യ ‘മാധ്യമ’ത്തോട് പറഞ്ഞു. 

Tags:    
News Summary - usha-school.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT