സിന്ധുവിനും സാക്ഷിക്കുമടക്കം നാലു പേര്‍ക്ക് ഖേല്‍രത്ന

ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്സില്‍ മെഡല്‍ നേട്ടവുമായി രാജ്യത്തിന്‍െറ അഭിമാന താരകങ്ങളായി മാറിയ ബാഡ്മിന്‍റണ്‍ താരം പി.വി. സിന്ധുവിനും ഗുസ്തിക്കാരി സാക്ഷി മാലികിനുമടക്കം നാലു പേര്‍ക്ക് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന. ഷൂട്ടിങ് താരം ജിതു റായിയെയും ഒളിമ്പിക്സില്‍ മിന്നുംപ്രകടനം കാഴ്ചവെച്ച ജിംനാസ്റ്റിക്സ് താരം ദീപ കര്‍മാകറിനെയും നേരത്തെ പുരസ്കാരത്തിന് ശിപാര്‍ശ ചെയ്തിരുന്നു. ചരിത്രത്തിലാദ്യമായാണ് ഒരു വര്‍ഷം നാലു പേര്‍ക്ക് ഖേല്‍രത്ന പ്രഖ്യാപിക്കുന്നത്. നാലു വര്‍ഷത്തിനിടെ കായിക മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്കാണ് ഏഴര ലക്ഷം രൂപയും മെഡലും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം സമ്മാനിക്കുന്നത്.

പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കാനായി നിയോഗിക്കപ്പെട്ട റിട്ട. ഹൈകോടതി ജഡ്ജി എസ്.പി. അഗര്‍വാളിന്‍െറ നേതൃത്വത്തിലുള്ള കമ്മിറ്റി ഇതുസംബന്ധിച്ച അന്തിമപട്ടിക ഒരാഴ്ച മുമ്പ് കേന്ദ്ര കായികമന്ത്രാലയത്തിന് കൈമാറിയിരുന്നു. സിന്ധുവും സാക്ഷിയും മെഡല്‍ നേടിയതോടെ ഇവരുടെ പേരുകള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള പട്ടികക്ക് കായിക മന്ത്രാലയം തിങ്കളാഴ്ച അംഗീകാരം നല്‍കുകയായിരുന്നു. പതിവുമാനദണ്ഡങ്ങള്‍ മറികടന്ന് പ്രത്യേക പരിഗണന നല്‍കിയാണ് ദീപക്കും സാക്ഷിക്കും ഖേല്‍രത്ന നല്‍കുന്നത്. സാധാരണ അര്‍ജുന അവാര്‍ഡ് ലഭിക്കാത്ത കായികതാരങ്ങളെ ഖേല്‍രത്ന പുരസ്കാരങ്ങള്‍ക്ക് പരിഗണിക്കാറില്ല. റിയോയില്‍ ഏവരെയും അമ്പരിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച ദീപ ജിംനാസ്റ്റിക്കില്‍ ഒളിമ്പിക്സ് ഫൈനലിലത്തെുന്ന ആദ്യത്തെ ഇന്ത്യന്‍ വനിതയായി. സാക്ഷിയാവട്ടെ വീരോചിതമായ പ്രകടനത്തിലൂടെ അപ്രതീക്ഷിതമായി വെങ്കലം നേടുകയും ചെയ്തു.

അജിന്‍ക്യ രഹാനെ (ക്രിക്കറ്റ്), വി.ആര്‍. രഘുനാഥ് (ഹോക്കി), ലളിത ബബ്ബാര്‍ (അത്ലറ്റിക്സ്), രജത് ചൗഹാന്‍ (അമ്പെയ്ത്ത്), സൗരവ് കോത്താരി (ബില്യാര്‍ഡ്സ്), ശിവ് ഥാപ്പ (ബോക്സിങ്), അപൂര്‍വി ചന്ദേല (ഷൂട്ടിങ്) എന്നിവരടക്കം 15 പേര്‍ക്കാണ് അര്‍ജുന പുരസ്കാരം. ദീപ കര്‍മാകറിന്‍െറ കോച്ച് ബിശ്വേശര്‍ നന്ദി, മലയാളി നീന്തല്‍ കോച്ച് പ്രദീപ് കുമാര്‍, ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ പരിശീലകന്‍ രാജ് കുമാര്‍ ശര്‍മ, നാഗപുരി രമേശ് (അത്ലറ്റിക്സ്), സാഗര്‍ മല്‍ധയാല്‍ (ബോക്സിങ്), മഹാബീര്‍ സിങ് (ഗുസ്തി) എന്നിവര്‍ക്കാണ് ദ്രോണാചാര്യ പുരസ്കാരം. സതി ഗീത (അത്ലറ്റിക്സ്), സില്‍വനസ് ഡങ് ഡങ് (ഹോക്കി), രാജേന്ദ്ര പ്രഹ്ളാദ് ഷെല്‍കെ (റോവിങ്) എന്നിവര്‍ക്ക് ധ്യാന്‍ചന്ദ് അവാര്‍ഡ് ലഭിച്ചപ്പോള്‍ പട്യാലയിലെ പഞ്ചാബി സര്‍വകലാശാല, മൗലാന അബുല്‍ കലാം ആസാദ് പുരസ്കാരം സ്വന്തമാക്കി. അര്‍ജുന, ദ്രോണാചാര്യ, ധ്യാന്‍ചന്ദ് പുരസ്കാരങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതവും മൗലാന അബുല്‍ കലാം ആസാദ് പുരസ്കാരത്തിന് 10 ലക്ഷം രൂപയുമാണ് സമ്മാനത്തുക.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.