സോ പെലെ സോ പെലെ, മറദോണ ഷെയ്രാദോര്‍

വ്യാഴാഴ്ച ഒളിമ്പിക് സ്റ്റേഡിയത്തില്‍ ഉസൈന്‍ ബോള്‍ട്ടിന്‍െറ 200 മീറ്റര്‍ ഓട്ടം കണ്ട് നേരെ ഓടിയത് തൊട്ടടുത്ത റെയില്‍വേ സ്റ്റേഷനിലേക്കായിരുന്നു. രാത്രി വൈകി നടന്ന മത്സരം കഴിഞ്ഞ് എളുപ്പം താമസസ്ഥലത്തത്തൊന്‍ പുതിയ മാര്‍ഗം പരീക്ഷിക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കായി സംഘാടകര്‍ ഏര്‍പ്പെടുത്തിയ ബസില്‍ കയറിയാല്‍ ബൊട്ടോഫോഗയിലെ ഹോട്ടലില്‍ എത്താന്‍ വൈകും. ബസ് 40 കി.മീറ്റര്‍ അകലെയുള്ള ബാഹയിലെ മുഖ്യ മാധ്യമ കേന്ദ്രത്തിലേ നിര്‍ത്തൂ. അവിടെനിന്ന് പിന്നീട് അതിവേഗ ബസും ഭൂഗര്‍ഭ ട്രെയിന്‍ രണ്ടെണ്ണവും മാറിക്കയറി മുറിയിലത്തെുമ്പോള്‍ പുലര്‍ച്ചെയാകും. വെള്ളിയാഴ്ച രാവിലെ പി.വി. സിന്ധുവിന്‍െറ ബാഡ്മിന്‍റണ്‍ ഫൈനല്‍ മത്സരം ഉള്ളതിനാല്‍ നേരത്തേ പുറപ്പെടുകയും വേണം. ട്രെയിനില്‍ നേരെ പോയാല്‍ ബോട്ടോഫോഗയിലത്തൊം എന്ന് ഇന്‍റര്‍നെറ്റില്‍ മാപ്പ് പരതിയപ്പോള്‍ മനസ്സിലായി. സ്റ്റേഡിയത്തിനു പിന്നിലായി തന്നെ സ്റ്റേഷനുമുണ്ട്. ബോള്‍ട്ടിന്‍െറ മത്സരം കഴിഞ്ഞിറങ്ങിയ ജനക്കൂട്ടം റോഡ് നിറഞ്ഞൊഴുകുകയാണ്. അവരോട് ചോദിച്ചു ചോദിച്ച് സ്റ്റേഷന്‍ ലക്ഷ്യമാക്കി നടന്നു. സ്റ്റേഷനു മുന്നിലത്തെിയപ്പോള്‍ നീണ്ട ക്യൂ കണ്ട് ഞെട്ടി.

സ്റ്റേഷനിലേക്ക് കയറാനുള്ള റാമ്പില്‍ ജനം തടിച്ചുകൂടി നില്‍ക്കുന്നു. ആണും പെണ്ണും കുട്ടികളുമെല്ലാമുണ്ട്. ഓരോ വണ്ടി വരുമ്പോഴും അതില്‍നിന്ന് കുറെ പേരെ കയറ്റിവിടും. പിന്നെ അടുത്ത ട്രെയിന്‍ വരും വരെ ക്ഷമയോടെയുള്ള കാത്തിരിപ്പ്. ലാപ്ടോപ്പും മീഡിയവണ്‍ കിറ്റും മറ്റും അടങ്ങിയ രണ്ടു ബാഗുമായി ആ തിരക്കില്‍ സ്ഥലംപിടിച്ചു. പരസ്പര ബഹുമാനത്തോടെ ഉന്തോ തള്ളോ ഇല്ലാത്ത ക്യൂ. ബോറടി മാറ്റാന്‍ ഏതെങ്കിലും ഒരുത്തന്‍ ഒരു പാട്ടു തുടങ്ങിയിടും. ആള്‍ക്കൂട്ടം ഏറ്റുപാടും. പെണ്ണുങ്ങളും കുട്ടികളുമെല്ലാം അതില്‍ ചേരും. ബ്രസീലില്‍ വന്നതു മുതല്‍ ഇത് പലതവണ അനുഭവിച്ചിട്ടുണ്ട്. വണ്ടികളില്‍,റെയില്‍വേ സ്റ്റേഷനില്‍, സ്റ്റേഡിയങ്ങളില്‍, വേദികളിലേക്കുള്ള ഒഴുക്കില്‍ എല്ലാം ജനം വെറുതെ സമയം പോക്കില്ല. പാട്ടുപാടിയും തമാശ പറഞ്ഞും ആഹ്ളാദം പങ്കുവെക്കും. അത് ബ്രസീലുകാരുടെ രീതിയാണ്.
വണ്ടിയിലേക്കുള്ള ഈ ഒഴുക്കിലും സ്ഥിരം കേള്‍ക്കുന്ന ഈരടികള്‍ തന്നെ. ‘മ്യൂ ഗോള്‍സ് മ്യൂ ഗോള്‍സ്, സോ പെലെ സോ പെലെ, മറദോണ ഷെയ്രാദോര്‍’ -എല്ലാവരും ഉച്ചത്തില്‍ ഏറ്റുപാടുകയാണ്.

തൊട്ടടുത്ത് നില്‍ക്കുന്ന യുവാവിനോട് അര്‍ഥം ചോദിച്ചപ്പോഴാണ് അതിനു പിന്നിലെ പ്രചോദനം മനസ്സിലായത്. അര്‍ജന്‍റീനയെയും മറഡോണയെയും കളിയാക്കുന്ന വരികളാണ്.അര്‍ഥം ഇങ്ങനെ: ‘ആയിരം ഗോള്‍, ആയിരം ഗോള്‍, പെലെക്ക് മാത്രമേ സാധിക്കൂ പെലെക്ക് മാത്രമേ സാധിക്കൂ, മറഡോണ മയക്കുമരുന്നടിക്കാരനാണ്’.
അപ്പോഴാണ് കുറച്ചു മുന്നില്‍ അര്‍ജന്‍റീനയുടെ നീലവരകളുള്ള ജഴ്സിയണിഞ്ഞ് കുറച്ചു പേര്‍ നില്‍ക്കുന്നത് കണ്ടത്. അവരെ കളിയാക്കുകയാണ്. പക്ഷേ, അവരും ചിരിച്ചുകൊണ്ട് എന്തോ തിരിച്ചും പാടുന്നുണ്ട്. സൗഹൃദം വിടാതെയുള്ള തമാശ മാത്രം. നമ്മള്‍ കേട്ട അര്‍ജന്‍റീന-ബ്രസീല്‍ പകയും വൈരവുമൊന്നും ഇവിടെ കാണാനേയില്ല. ഒളിമ്പിക്സ് കാണാനായി നിരവധി അര്‍ജന്‍റീനക്കാര്‍ റിയോയിലത്തെിയിട്ടുണ്ട്. ഒരു പ്രയാസവുമില്ലാതെ തങ്ങളുടെ ജഴ്സിയുമണിഞ്ഞ് അവര്‍ ചുറ്റുന്നു. ഇടക്ക് ഇത്തരം കുത്തുപാട്ടുകള്‍ കേള്‍ക്കേണ്ടിവരുമെന്നു മാത്രം.

അടുത്ത ട്രെയിന്‍ വന്നു. ആദ്യമായാണ് ഈ റൂട്ടില്‍ സഞ്ചരിക്കുന്നത് എന്നതിനാല്‍ ബോട്ടോഫോഗയിലേക്ക് പോകാന്‍ ഏതു വണ്ടിയില്‍ കയറണമെന്ന് അറിയില്ല. സെന്‍ട്രല്‍ സ്റ്റേഷനിലത്തെി മാറിക്കയറണമെന്ന് ഒരു വളന്‍റിയര്‍ പറഞ്ഞുതന്നു. വണ്ടിയില്‍ കയറി ഒന്നുകൂടി സംശയനിവാരണം നടത്താന്‍ ഒരു യാത്രക്കാരനോട് ചോദിച്ചു. പുള്ളി ഇംഗ്ളീഷില്‍ മറുപടി പറയാനാകാതെ കുഴങ്ങുമ്പോഴാണ് ഫ്രഗരറ്റ സഹായത്തിന് വരുന്നത്. ഇംഗ്ളണ്ടില്‍ നിന്നുള്ള ബിസിനസുകാരിയാണ്. ഒളിമ്പിക്സ് കാണാന്‍ കുടുംബസമേതം വന്നതാണ്. ബോട്ടഫോഗോ ദിശയിലേക്കാണ് അവരും പോകുന്നത്. വണ്ടി മാറിക്കയറാന്‍ അവരെ പിന്തുടര്‍ന്നാല്‍ മതിയെന്നു പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആഗ്ര ഉള്‍പ്പെടെ വടക്കേ ഇന്ത്യയില്‍ പത്തു ദിവസത്തെ സന്ദര്‍ശനം നടത്തിയ കാര്യം ഫ്രഗരറ്റ പറഞ്ഞു. കേരളത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. കേരളത്തിന്‍െറ പ്രകൃതിഭംഗിയും മറ്റും വിശദീകരിച്ചുകൊടുത്തു. ഉസൈന്‍ ബോള്‍ട്ടിന്‍െറ ഓട്ടം എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍ ബോള്‍ട്ട് സൂപ്പറാണെന്നും പക്ഷേ, ബ്രിട്ടീഷുകാരന്‍ നാലമതായതില്‍ ഏറെ വിഷമമുണ്ടെന്നും ഫ്രഗരറ്റ. ബോട്ടോഫോഗക്ക് രണ്ടു സ്റ്റേഷനുകള്‍ മുമ്പേ ആ കുടുംബം യാത്രപറഞ്ഞിറങ്ങി. സ്ഥിരം റൂട്ടില്‍നിന്നുള്ള മാറി സഞ്ചാരം വിജയമായിരുന്നു. വിചാരിച്ചതിലും നേരത്തേ സ്ഥലത്തത്തെി. വണ്ടിയിറങ്ങി ഹോട്ടലിലേക്ക് നടക്കുമ്പോള്‍ സമീപത്തെ ബിയര്‍ പാര്‍ലറില്‍ ഒരുകൂട്ടം ബ്രസീലിയന്‍ യൂവാക്കള്‍ അതേ പാട്ടുപാടുന്നു. ‘മ്യൂ ഗോള്‍സ് മ്യൂ ഗോള്‍സ്, സോ പെലെ സോ പെലെ...’

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.