എന്‍െറ പിഴ -റൈഫിള്‍ അസോസിയേഷന്‍ പ്രസിഡന്‍റ്

റിയോ: ഒളിമ്പിക്സില്‍ ഇന്ത്യന്‍ ഷൂട്ടര്‍മാരുടെ മോശം പ്രകടനത്തിന് കുറ്റക്കാരന്‍ താനാണെന്ന് ദേശീയ റൈഫിള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് രണ്‍ധീര്‍ സിങ്. താരങ്ങള്‍ക്ക് വ്യക്തിഗതമായി കോച്ചുകളെ അനുവദിച്ചത് തന്‍െറ ഭാഗത്തുനിന്നുണ്ടായ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. തന്ത്രപരമായി പാളിച്ചകള്‍ പറ്റിയെന്നും രണ്‍ധീര്‍ സിങ് സമ്മതിച്ചു. ഒരോ താരങ്ങള്‍ക്കും സ്വന്തം ഇഷ്ടമനുസരിച്ച് കോച്ചുമാരെ നിയമിച്ചത് ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കും. മൂന്നുതാരങ്ങളുടെ പ്രകടനം താഴ്ന്ന നിലവാരത്തിലായിരുന്നു. മറ്റുള്ളവര്‍ നന്നായി പൊരുതിയെന്നും റൈഫിള്‍ അസോസിയേഷന്‍ മേധാവി പറഞ്ഞു. 12 അംഗ ഷൂട്ടിങ് ടീമില്‍ ആറ് കോച്ചുമാരുണ്ടായിരുന്നു. ഗഗന്‍ നാരംഗ്, ചെയ്ന്‍ സിങ്, അപൂര്‍വി ചന്ദേല എന്നിവര്‍ക്ക് സ്റ്റാനിസ്ലാവ് ലാപിഡസായിരുന്നു പേഴ്സനല്‍ കോച്ച്. അഭിനവ് ബിന്ദ്രക്ക് ഹെയ്ന്‍സ് റൗന്‍കമീറും അപൂര്‍വി ചന്ദേലക്ക് ഭര്‍ത്താവ് കൂടിയായ റോണക് പണ്ഡിറ്റും പേഴ്സനല്‍ കോച്ചുമാരായി റിയോയിലുണ്ടായിരുന്നു. ദേശീയ കോച്ച് എന്നിയോ ഫലാകോയടക്കമുള്ളവര്‍ പരിശീലനസംഘത്തിലുണ്ടായിരുന്നു. ഗഗന്‍ നാരംഗ് നിരാശപ്പെടുത്തിയെന്നാണ് ഫെഡറേഷന്‍െറ വിലയിരുത്തല്‍. മൂന്നോ നാലോ മെഡലുകള്‍ കിട്ടേണ്ടതായിരുന്നെന്നും നിര്‍ഭാഗ്യത്താല്‍ വഴിമാറിയെന്നും രണ്‍ധീര്‍ സിങ് അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.