‘ഏറ്റവും മോശം’; ഏഷ്യൻ ഗെയിംസിന്റെ താമസസൗകര്യത്തിൽ ദക്ഷിണ കൊറിയ
ടോക്യോ: ജപ്പാനിൽ ഈ ആഴ്ച നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിന് ഒരുക്കിയ താമസസൗകര്യത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ദക്ഷിണ കൊറിയ. ജപ്പാനിലേത് ഇതുവരെയുള്ളതിൽ ഏറ്റവും മോശം സൗകര്യമാണെന്നും റൂമുകൾക്ക് ക്ഷാമം നേരിടുമെന്നും ദക്ഷിണ കൊറിയ ഉദ്യോഗസ്ഥർ പറഞ്ഞു.
ഇത്തവണത്തെ ഏഷ്യൻ ഗെയിംസിന് വേണ്ടി പ്രത്യേക ഗെയിംസ് വില്ലേജുകളല്ല സജ്ജീകരിച്ചിരിക്കുന്നത്. മത്സരാർഥികൾക്കായി ക്രൂസ് കപ്പലുകളിലും താത്കാലിക മര കാബിനുകളിലും ഹോട്ടലുകളിലുമാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. ഇത്തരം ഷിപ്പിങ് കണ്ടെയ്നർ രീതിയിലുള്ള കുടിലുകളിൽ കിടക്കകൾ താരങ്ങൾക്ക് കാൽ നീട്ടിവെക്കാൻ പോലും അപര്യാപ്തമാണെന്ന് ദക്ഷിണ കൊറിയ ബാസ്കറ്റ്ബോൾ (കെ.ബി.എ) വൈസ് പ്രസിഡന്റ് ജംഗ് ജെയ് യോങ് പറഞ്ഞു.
ദക്ഷിണ കൊറിയയുടെ ആശങ്കകളോട് സംഘാടകർ മുഖം തിരിക്കുകയാണെന്നും ഇതിൽ എന്ത് നടപടികൾ സ്വീകരിക്കണമെന്നത് കൊറിയൻ സ്പോർട്സ് ആൻഡ് ഒളിമ്പിക്സ് കമ്മിറ്റിയുമായി ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഇതുവരെ കണ്ടതിൽ ഏറ്റവും മോശം സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. രണ്ട് മീറ്ററിലധികം ഉയരമുള്ള അത്‌ലറ്റുകൾക്ക് കിടക്കയിൽ അവരുടെ കാൽ നീട്ടിവെക്കാൻ പോലും സാധിക്കില്ല. ഇത് യുക്തിരഹിതമാണ്,’ ജെയ് യോങ് പറഞ്ഞു.
അതേസമയം, ദക്ഷിണ കൊറിയൻ ബാസ്കറ്റ്ബാൾ ടീമംഗമായ ബ്യോൺ ജുൻ ഹ്യോങ് താമസസൗകര്യത്തിന്റെ അവസ്ഥ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. ‘ഞങ്ങളെ സഹായിക്കൂ’ എന്ന കുറിപ്പോടുകൂടി ചോർന്നൊലിക്കുന്ന സിങ്കും നനഞ്ഞ തറയുമടക്കുള്ള ഒരു വീഡിയോയാണ് ജുൻ ഹ്യോങ് പോസ്റ്റ് ചെയ്തത്. 2000ൽ പരം അത്‌ലറ്റുകൾക്കും ഒഫീഷ്യലുകൾക്കും താമസസൗകര്യം ഒരുക്കിയിരിക്കുന്നത് ഈ കുടിലുകളിലാണ്. അതിനെതിരെയാണിപ്പോൾ കെ.ബി.എ ആരോപണമുന്നയിച്ചിരിക്കുന്നത്.
അതേസമയം, ഐച്ചി പ്രിഫെക്ചറിലെ നഗോയ നഗരത്തിലെ ഗെയിമുകൾ സെപ്റ്റംബർ 19 ശനിയാഴ്ചയാണ് ഔദ്യോഗികമായി തുടക്കമാവുന്നത്. ഗെയിംസിൽ 17000ലധികം അത്‌ലറ്റുകളും ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.