നഖ്‌വിക്കെതിരെ 'ട്രോഫി കള്ളൻ' വിളിയുമായി ആരാധകർ; ഏഷ്യ കപ്പിൽ വീണ്ടും ട്രോഫി വിവാദം
ദുബൈ: ഏഷ്യാ കപ്പ് വേദിയിൽ തുടർച്ചയായ രണ്ടാം വർഷവും നാടകീയ രംഗങ്ങൾ. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് മേധാവിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) ചെയർമാനുമായ മൊഹ്സിൻ നഖ്‌വിയിൽ നിന്ന് ഏഷ്യാ കപ്പ് ട്രോഫി ഏറ്റുവാങ്ങാൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വിസമ്മതിച്ചു.
ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് തകർത്ത് എട്ടാം തവണയും ഏഷ്യാ കപ്പ് കിരീടം ചൂടിയ ഹർമൻപ്രീത് കൗറും സംഘവും മത്സരശേഷമുള്ള സമ്മാനദാന ചടങ്ങിൽ പങ്കെടുക്കാൻ ഗ്രൗണ്ടിലിറങ്ങിയില്ല. ഇതിന് പിന്നാലെ നഖ്‌വിക്കെതിരെ സ്റ്റേഡിയത്തിലുണ്ടായിരുന്ന ആരാധകർ 'ട്രോഫി ചോർ' (ട്രോഫി കള്ളൻ) എന്ന് മുദ്രാവാക്യം വിളിച്ചത് അദ്ദേഹത്തിന് വലിയ നാണക്കേടായി.
കഴിഞ്ഞ വർഷം ഇന്ത്യൻ പുരുഷ ടീമും മൊഹ്സിൻ നഖ്‌വിയിൽ നിന്ന് ട്രോഫിയും മെഡലുകളും ഏറ്റുവാങ്ങാൻ വിസമ്മതിച്ചിരുന്നു. അന്ന് ട്രോഫിയില്ലാതെയാണ് സൂര്യകുമാർ യാദവും സംഘവും വേദിയിൽ വിജയം ആഘോഷിച്ചത്. ഈ ട്രോഫി ഇപ്പോഴും എ.സി.സി ഓഫീസിലാണ് സൂക്ഷിച്ചിരിക്കുന്നത്. പാകിസ്താൻ ആഭ്യന്തര മന്ത്രി കൂടിയാണ് മൊഹ്സിൻ നഖ്‌വി. ഇത്തവണ, ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയ മികച്ച ഫീൽഡർക്കുള്ള മെഡൽ നന്ദിനി ശർമ്മയ്ക്ക് സമ്മാനിച്ചതിന് ശേഷം ഇന്ത്യൻ താരങ്ങൾ ഗ്രൗണ്ടിലേക്ക് മടങ്ങിയെത്തിയില്ല.
അതേസമയം, റണ്ണേഴ്സ് അപ്പായ ശ്രീലങ്കൻ ടീം നഖ്‌വിയിൽ നിന്ന് പുരസ്കാരത്തുക ഏറ്റുവാങ്ങി. ശ്രീലങ്കൻ ക്രിക്കറ്റ് ഇടക്കാല മേധാവി എറാൻ വിക്രമരത്‌നെയാണ് അവർക്ക് മെഡലുകൾ സമ്മാനിച്ചത്. ലങ്കൻ ക്യാപ്റ്റൻ ചാമരി അത്തപത്തുവിന് പുരസ്കാരം നൽകിയയുടൻ നഖ്‌വി സ്റ്റേഡിയം വിട്ടു. എന്നാൽ കഴിഞ്ഞ വർഷത്തിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ ട്രോഫി കൈയിലെടുക്കാതെയാണ് അദ്ദേഹം മടങ്ങിയത്.
കഴിഞ്ഞ വർഷത്തെ പഹൽഗാം ഭീകരാക്രമണത്തിനും തുടർന്നുള്ള 'ഓപ്പറേഷൻ സിന്ദൂർ' നടപടിക്കും ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധം പൂർണ്ണമായും മരവിച്ച അവസ്ഥയിലാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ഐ.സി.സി അല്ലെങ്കിൽ എ.സി.സി ടൂർണമെന്റുകളിൽ മുഖാമുഖം വരുമ്പോൾ ഇരു രാജ്യങ്ങളുടെയും പുരുഷ-വനിതാ താരങ്ങൾ പരസ്പരം ഹസ്തദാനം ചെയ്യാതിരിക്കുന്ന പ്രോട്ടോക്കോൾ ആണ് ഇപ്പോൾ പിന്തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.