താൻ ഇസ്ലാം മതം സ്വീകരിച്ചുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി ബ്രസീലിന്റെയും റയൽ മാഡ്രിഡിന്റെയും മുൻ ഇതിഹാസ താരം റോബർട്ടോ കാർലോസ്. മൊറോക്കൻ സ്വദേശിയായ സുഹൈല അൽ താഹിരിയുമായുള്ള വിവാഹത്തിന് പിന്നാലെ താരം ഇസ്ലാം മതം സ്വീകരിച്ചുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളോടാണ് താരം ആദ്യമായി പ്രതികരിച്ചത്.
സൗദി പത്രമായ ‘ഒക്കാസിന്’ നൽകിയ അഭിമുഖത്തിലാണ് 53-കാരനായ റോബർട്ടോ കാർലോസ് വിഷയത്തിൽ വ്യക്തത വരുത്തിയത്. “ഇസ്ലാം മതത്തോട് എനിക്ക് വലിയ ബഹുമാനമുണ്ട്. എന്റെ ഭാര്യ പ്രാർത്ഥിക്കുന്നത് കാണുന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. എന്നാൽ ഞാൻ ഇസ്ലാം മതം സ്വീകരിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തികച്ചും അസത്യമാണ്,” അദ്ദേഹം വ്യക്തമാക്കി.
വിവാഹ ചടങ്ങുകളെക്കുറിച്ചും പ്രചരിച്ച അഭ്യൂഹങ്ങളെക്കുറിച്ചും കാർലോസ് വിശദീകരിച്ചു. കുടുംബാംഗങ്ങളുടെ വിശ്വാസങ്ങളെ പൂർണമായി മാനിച്ചുകൊണ്ടാണ് വിവാഹ ചടങ്ങുകൾ സംഘടിപ്പിച്ചതെന്ന് താരം പറഞ്ഞു. തന്റെ കുടുംബം കത്തോലിക്കാ വിശ്വാസികളായതിനാൽ അവരുടെ ആചാരപ്രകാരമുള്ള ചടങ്ങുകളും, ഒപ്പം മുസ്ലിമായ ഭാര്യയുടെയും അവരുടെ സുഹൃത്തുക്കളുടെയും വിശ്വാസങ്ങൾക്കനുസൃതമായ മറ്റൊരു ചടങ്ങും നടത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രസീലിലെ സാവോപോളോയിലുള്ള പ്രമുഖ മുസ്ലിം പണ്ഡിതൻ ശൈഖ് ജിഹാദ് ഹമാദയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം റോബർട്ടോ കാർലോസ് ‘ശഹാദത്ത്’ കലിമ ചൊല്ലി ഇസ്ലാം മതം സ്വീകരിച്ചുവെന്ന് തുർക്കിഷ് മാധ്യമങ്ങളും, തുർക്കി എം.പി അലി ഷാഹിന്റെ എക്സ് (ട്വിറ്റർ) പോസ്റ്റും ആധാരമാക്കി റിപ്പോർട്ടുകൾ വന്നിരുന്നു. ഈ പ്രചാരണങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായ പശ്ചാത്തലത്തിലാണ് ഇതിഹാസ താരം തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.