പ്രൈം വോളിബാള്‍ ലീഗില്‍ അഹ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെതിരായ മത്സരം ജയിച്ച കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ ആഹ്ലാദം

പ്രൈം വോളിബാള്‍ ലീഗ്: ജയത്തോടെ സീസണ്‍ അവസാനിപ്പിച്ച് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്

ഹൈദരാബാദ്: പ്രൈം വോളിബാള്‍ ലീഗ് നാലാം സീസണ്‍ ജയത്തോടെ അവസാനിപ്പിച്ച് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്. ചൊവ്വാഴ്ച ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന അവസാന മത്സരത്തില്‍ അഹ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെ 3-1നാണ് തോല്‍പിച്ചത്. സ്‌കോര്‍: 15-13, 14-16, 17-15, 15-9.

നേരിട്ടുള്ള സെറ്റുകള്‍ക്ക് ജയിച്ചിരുന്നെങ്കില്‍ സെമിസാധ്യതയുണ്ടായിരുന്ന ബ്ലൂ സ്‌പൈക്കേഴ്‌സ് രണ്ടാം സെറ്റ് വഴങ്ങുകയായിരുന്നു. തോറ്റെങ്കിലും സെമിഫൈനല്‍ ഉറപ്പിച്ച അഹ്മദാബാദിന്റെ പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനത്തിന് ഇളക്കമില്ല. കൊച്ചി ക്യാപ്റ്റന്‍ എറിന്‍ വര്‍ഗീസ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. ആദ്യ സെറ്റില്‍ ബറ്റ്‌സുരിയിലൂടെ അഹ്മദാബാദ് ശക്തമായി തുടങ്ങിയെങ്കിലും ജസ്‌ജോദ് സിങിന്റെ സൂപ്പര്‍ സെര്‍വുകളും സൂപ്പര്‍ ബ്ലോക്കുകളും കൊച്ചിയെ ഒപ്പമെത്തിച്ചു.

അമരീന്ദര്‍പാല്‍ സിങ്ങിന്റെ മികച്ച പ്രതിരോധം കൂടിയായതോടെ കൊച്ചി ആദ്യ സെറ്റ് നേടി. എറിന്റെ മികച്ച സെര്‍വുകള്‍ രണ്ടാം സെറ്റിലും കൊച്ചിക്ക് മികച്ച തുടക്കം നല്‍കി. എന്നാല്‍, നന്ദഗോപാലും അഖിനും അഹ്മദാബാദിനായി കളത്തിലിറങ്ങിയതോടെ കളി മാറി. അഖിന്റെ കരുത്തുറ്റ ബ്ലോക്കുകള്‍ അവര്‍ക്ക് രണ്ടാം സെറ്റ് നേടിക്കൊടുത്തു. ജസ്‌ജോദിന്റെയും ഹേമന്തിന്റെയും പ്രകടനങ്ങളാണ് മൂന്നാം സെറ്റില്‍ നിര്‍ണായകമായത്. നിക്കോളാസ് മറെച്ചല്‍ ബാക്ക് കോര്‍ട്ടില്‍ കരുത്ത് കാട്ടിയതോടെ മൂന്നാം സെറ്റ് ബ്ലൂസ്‌പൈക്കേഴ്‌സിന്റെ നിയന്ത്രണത്തിലായി. നാലാം സെറ്റിലും ഹേമന്ത് ആക്രമണം തുടര്‍ന്നു. ലിബറോ അലന്‍ ആഷിക്കിന്റെ മികച്ച ഡിഫന്‍സീവ് നീക്കങ്ങള്‍ കൊച്ചിക്ക് നിര്‍ണായക പോയിന്റുകള്‍ സമ്മാനിച്ചു.

അമരീന്ദര്‍പാലും ജസ്‌ജോദും മിഡില്‍ സോണില്‍ ആധിപത്യം തുടര്‍ന്നു. അര്‍ഷാക് സിനാന്റെ സർവിസ് ലക്ഷ്യം തെറ്റിയതോടെ കൊച്ചി ജയത്തോടെ മടങ്ങി. ലീഗിലെ പ്രാഥമിക ഘട്ട മത്സരങ്ങള്‍ ബുധനാഴ്ച അവസാനിക്കും. വൈകിട്ട് 6.30ന് മുംബൈ മിറ്റിയോഴ്‌സും ബംഗളൂരു ടോര്‍പ്പിഡോസും തമ്മിലാണ് മത്സരം. നേരത്തെ സെമി ഉറപ്പിച്ച ഇരുടീമുകള്‍ക്കും ഇന്ന് ജയിച്ചാല്‍ ഒന്നാം സ്ഥാനത്തോടെ സെമിഫൈനല്‍ കളിക്കാം. രാത്രി 8.30ന് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സും ഡല്‍ഹി തൂഫാന്‍സും തമ്മിലാണ് മറ്റൊരു മത്സരം.

ജയിച്ചാല്‍ ഗോവയെ മറികടന്ന് കൊല്‍ക്കത്ത സെമിഫൈനല്‍ ഉറപ്പാക്കും. നേരിട്ടുള്ള സെറ്റുകള്‍ക്ക് ജയിച്ചാല്‍ ഡല്‍ഹിക്കും സാധ്യതയുണ്ട്.

Tags:    
News Summary - Prime Volleyball League: Kochi Blue Spikers end the season with a win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.