ഇന്ത്യൻ താരങ്ങളായ സഞ്ജു സാംസണും സൂര്യകുമാർ യാദവും, മുഹമ്മദ് ആമിർ

‘സെമിയിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് തോൽക്കും’; ടീം ഗെയിമിൽ ഇന്ത്യ പിന്നിലെന്ന് പാക് മുൻതാരം

ലാഹോർ: ട്വന്‍റി20 ലോകകപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനാണ് വിജയസാധ്യതയെന്ന് പാകിസ്താന്‍റെ മുൻ പേസർ മുഹമ്മദ് ആമിറിന്‍റെ പ്രവചനം. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയെക്കാൾ മുൻതൂക്കം ഇംഗ്ലണ്ടിനാണെന്ന് ആമിർ ഒരു ടോക് ഷോയിൽ പറഞ്ഞു.

ഇന്ത്യൻ ടീം മൊത്തത്തിൽ ഒരു യൂണിറ്റായി മികച്ച പ്രകടനം നടത്തുന്നില്ലെന്നാണ് ആമിറിന്‍റെ നിരീക്ഷണം. ടീമിലെ ഭൂരിഭാഗം ബാറ്റർമാരും നിലവിൽ ഫോമിലല്ല. ഒന്നോ രണ്ടോ താരങ്ങൾ മാത്രമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നത്. ലോകകപ്പ് സെമി ഫൈനൽ പോലെയുള്ള വലിയ മത്സരങ്ങളിൽ ഒന്നോ രണ്ടോ താരങ്ങളെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്നത് ടീമിന് തിരിച്ചടിയാകുമെന്ന് ആമിർ പറയുന്നു.

ഇന്ത്യൻ ബാറ്റിങ് നിരയിലെ പ്രമുഖരുടെ ഫോമില്ലായ്മ ആമിർ എടുത്തുപറയുന്നുണ്ട്. ഓപണർ അഭിഷേക് ശർമ നിലവിൽ ഫോമിലല്ല. തിലക് വർമക്ക് ഇന്ത്യൻ ഇന്നിങ്സിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടില്ല. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഗ്രൂപ്പ് ഘട്ടത്തിന് ശേഷം കാര്യമായ പ്രകടനം നടത്തിയിട്ടില്ല. പാകിസ്താനെതിരായ മത്സരത്തിൽ മാത്രമാണ് ഇഷാൻ കിഷൻ തിളങ്ങിയത്. സഞ്ജു സാംസണും ജസ്പ്രീത് ബുംറയും മികച്ച രീതിയിൽ കളിക്കുന്നുണ്ടെങ്കിലും മറ്റുള്ളവരുടെ പിന്തുണ ഇല്ലാത്തത് ടീമിന് വെല്ലുവിളിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മുംബൈയിലെ വാംഖഡെ സ്റ്റേഡിയം റണ്ണൊഴുകുന്ന പിച്ചാണ്. മത്സരത്തിൽ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനായിരിക്കും കൂടുതൽ ജയസാധ്യതയെന്ന് ആമിർ കരുതുന്നു. ഇംഗ്ലണ്ട് രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കിൽ അവർക്ക് കാര്യങ്ങൾ എളുപ്പമാകുമെന്നും അദ്ദേഹം വിശകലനം ചെയ്തു. നേരത്തെ സൂപ്പർ എയ്റ്റിൽ വെസ്റ്റിൻഡീസ് ഇന്ത്യയെ തോൽപ്പിക്കുമെന്ന് ആമിർ പ്രവചിച്ചിരുന്നു. എന്നാൽ അന്ന് ആമിറിന്റെ പ്രവചനം തെറ്റുകയും ഇന്ത്യ വിജയിക്കുകയും ചെയ്തു.

എന്നിരുന്നാലും, സെമി ഫൈനലിൽ ഇംഗ്ലണ്ടിന് തന്നെയാണ് ആമിർ സാധ്യത കൽപ്പിക്കുന്നത്. ടീം ഗെയിമിൽ ഇന്ത്യ പിന്നിലാണെന്നും വ്യക്തിഗത പ്രകടനങ്ങൾ മാത്രമാണ് ടീമിനെ താങ്ങിനിർത്തുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് ആമിർ ഇംഗ്ലണ്ടിനെ ഫേവറിറ്റുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് ഏഴിനാണ് മത്സരം. ജയിക്കുന്ന ടീം ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ന്യൂസിലൻഡുമായി ഏറ്റുമുട്ടും.

Tags:    
News Summary - Mohammad Amir Predicts India's Defeat Against England In T20 World Cup Semis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.