ഇസ്രായേൽ കവർന്നെടുത്ത 1,014 കായിക പ്രതിഭകൾക്കായി '1000 മാർട്ടിയേഴ്സ് കപ്പ്' ടൂർണമെന്റ് പ്രഖ്യാപിച്ച് ഫലസ്തീൻ

അൽ ബീറ: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ട 1,014 ഫലസ്തീനി കായികതാരങ്ങളുടെ സ്മരണാർഥം '1000 മാർട്ടിയേഴ്സ് കപ്പ്' (1000 രക്തസാക്ഷി കപ്പ്) ടൂർണമെന്റ് പ്രഖ്യാപിച്ചു. ഫലസ്തീൻ സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് അധ്യക്ഷൻ ജിബ്രീൽ റജൂബാണ് ടൂർണമെന്റിന്റെ പ്രഖ്യാപനം നടത്തിയത്. വെസ്റ്റ് ബാങ്കിലെ അൽ ബീറയിലുള്ള ജോസഫ് ബ്ലാറ്റർ ഫുട്ബാൾ അക്കാദമിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.

ഇസ്രായേൽ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ ഫലസ്തീനിലെ ഒളിമ്പ്യന്മാർ, ദേശീയ ടീമംഗങ്ങൾ, ക്ലബ്-ഫെഡറേഷൻ പ്രസിഡന്റുമാർ, റഫറിമാർ, പരിശീലകർ എന്നിവരടക്കമുള്ള കായിക പ്രതിഭകളുടെ പേരുകളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. തിരിച്ചടികൾക്കിടയിലും ഫലസ്തീന്റെ കായിക മേഖല തളരില്ലെന്ന സന്ദേശമാണ് ഈ ടൂർണമെന്റിലൂടെ ലോകത്തിന് നൽകുന്നതെന്ന് ജിബ്രീൽ റജൂബ് വ്യക്തമാക്കി.

മൂന്ന് കപ്പുകൾക്കായാണ് ടൂർണമെന്റിൽ പോരാട്ടം നടക്കുക. ജറൂസലം കേന്ദ്രീകരിച്ചുള്ള 'സെൻട്രൽ കപ്പ്' ആണ് പ്രധാനപ്പെട്ട ഒന്ന്. ഇതിനുപുറമെ ഗസ്സ സ്ട്രിപ്പിലെയും ലെബനനിലെയും ഫലസ്തീനി കായികതാരങ്ങൾക്കായി മറ്റ് രണ്ട് കപ്പുകളും സംഘടിപ്പിക്കും.

ഗസ്സയിലും വെസ്റ്റ് ബാങ്കിലും പ്രവാസി മേഖലകളിലുമായി സെപ്റ്റംബർ ആദ്യവാരത്തോടെ ഫുട്ബാൾ മത്സരങ്ങളും പരിശീലനങ്ങളും പുനരാരംഭിക്കുമെന്ന് ഫലസ്തീൻ ഫുട്ബാൾ അസോസിയേഷൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കടുത്ത യുദ്ധസാഹചര്യത്തിലും അതിജീവനത്തിന്റെ പാതയിൽ കായിക മേഖലയെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അധികൃതർ.

Tags:    
News Summary - Palestine Announces '1000 Martyrs Cup' for Slain Athletes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.