പ്രതീകാത്മക ചിത്രം
സംസ്ഥാന നീന്തൽ: ആദ്യദിനം റെക്കോഡുകളുടെ പെരുമഴ
തൃശൂർ: കോവിഡിന്റെ പശ്ചാത്തലത്തിൽ മുടങ്ങി മൂന്നുവർഷത്തിനുശേഷം പുനരാരംഭിച്ച സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിന് തൃശൂരിൽ തുടക്കം. തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ തുടക്കമിട്ട ചാമ്പ്യൻഷിപ്പിൽ ആദ്യദിനം തന്നെ റെക്കോഡുകൾ ഏറെ പിറന്നു. സീനിയർ ബോയ്സ് ബാക്ക്സ്ട്രോക്കിൽ തൃശൂർ മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി പി.ജെ. ധനുഷ്, ജൂനിയർ ബോയ്സ് ബാക്ക്സ്ട്രോക്കിൽ കളമശ്ശേരി എച്ച്.എസ്.എസിലെ എസ്. അഭിനവ് എന്നിവർ പുതിയ റെക്കോഡുകൾ ഇട്ടു. സബ്ജൂനിയർ ഗേൾസ് 50 മീറ്റർ ബട്ടർൈഫ്ല സ്ട്രോക്കിൽ തിരുവനന്തപുരം കണ്യാർകുളങ്ങര ഗവ. ഗേൾസ് എച്ച്.എസ്.എസിലെ എസ്. എബ്ബാ എഡില റെക്കോഡോടെ സ്വർണം നേടി.
ജൂനിയർ ബോയ്സ് 200 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിൽ കോട്ടയം പാലാ സെന്റ് തോമസ് എച്ച്.എസ്.എസിലെ കെവിൻ ജിനു റെക്കോഡ് കുറിച്ചു. ജൂനിയർ ഗേൾസ് 200 മീറ്റർ ബാക്ക് സ്ട്രോക്കിൽ തിരുവനന്തപുരം മണക്കാട് ഗവ. ഗേൾസ് എച്ച്.എസ്.എസിലെ എ.എസ്. വിസ്മയയും 50 മീറ്റർ ബട്ടർ ൈഫ്ല സ്ട്രോക്കിൽ തിരുവനന്തപുരം തുണ്ടത്തിൽ എം.വി.എച്ച്.എസ്.എസിലെ മെഹുലി ഘോഷും റെക്കോഡോടെ സ്വർണം നേടി.
ജൂനിയർ ഗേൾസ് 4X100 മീറ്റർ മെഡ്ലേ റിലേയിലും ജൂനിയർ ബോയ്സ് 4X 100 മീറ്റർ മെഡ്ലേ റിലേയിലും തിരുവനന്തപുരം റെക്കോഡോടെ സ്വർണം കരസ്ഥമാക്കി. തിങ്കളാഴ്ച രാവിലെ 400 മീറ്റർ ഫ്രീസ്റ്റൈൽ സീനിയർ ബോയ്സ് മത്സരത്തോടെയാണ് ചാമ്പ്യൻഷിപ് ആരംഭിച്ചത്. സീനിയർ, ജൂനിയർ, സബ്ജൂനിയർ വിഭാഗങ്ങളിലായി ആദ്യദിനം 36 ഇനങ്ങളിൽ മത്സരം അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.