ജൂനിയർ പോൾ വാൾട്ട് സ്വർണം നേടിയ അഭിനവ് കൃഷ്ണ 

പരിമിതി അഭിനവിന് തടസ്സമായില്ല; മുളവടി കുത്തി ഉയർന്നത് സ്വർണം എത്തി പിടിക്കാൻ

കുന്നംകുളം: അധികാരികളുടെ കണ്ണ് തുറക്കാൻ ഒട്ടും കാത്തുനിൽക്കാതെ മുളവടിയുമായെത്തി അഭിനവ് കുത്തി ഉയർന്ന് സ്വർണം എത്തി പിടിച്ചു. റവന്യൂ ജില്ല കായിക മേള ജൂനിയര്‍ (ആണ്‍) പോള്‍വാള്‍ട്ട് മത്സരത്തിലാണ് കെ.യു. അഭിനവ് കൃഷ്ണ ഇത്തവണ ഒന്നാം സ്ഥാനം ഉറപ്പിച്ച് സംസ്ഥാന മേളയിലേക്ക് ഇടം പിടിച്ചത്.

അഭിനവിന് സ്വര്‍ണം സമ്മാനിച്ച മുളവടിക്ക് അവനേക്കാള്‍ പ്രായമുണ്ട്. വില കൂടിയ പോളുകള്‍ ഉപയോഗിച്ച് ഉന്നത നിലവാരത്തിലുള്ള ജംപിങ് ബെഡുകളില്‍ പരിശീലനം നേടിയ താരങ്ങൾക്കെതിരെ മത്സരിച്ച് നേടിയ മെഡലിന്റെ മാറ്റ് ഏറെയാണ്. കഴിഞ്ഞ തവണ നാലാമനാകേണ്ടി വന്ന താരം ഇത്തവണ 2.65 മീറ്റര്‍ ഉയരം കീഴടക്കിയാണ് സ്വര്‍ണം കരസ്ഥമാക്കിയത്.

ചേലക്കര എസ്.എം.ടി ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. കഴിഞ്ഞ 18 വര്‍ഷമായി സ്‌കൂളിലെ പോള്‍ വാള്‍ട്ട് താരങ്ങള്‍ ഇതേ മുളവടി ഉപയോഗിച്ചാണ് പരിശീലിക്കുന്നത്. ജംപിങ് ബെഡിന്റെ സ്ഥാനത്ത് മണല്‍കൂട്ടി ഒരുക്കിയ സംവിധാനമാണ് ഇപ്പോഴുമുള്ളത്. സ്‌കൂളിന്റെ കായികമേഖലയെ പരിപോഷിപ്പിക്കാൻ ഉതകുന്ന സൗകര്യങ്ങളൊരുക്കണമെന്ന ആവശ്യം അധികൃതരോട് പറഞ്ഞ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ആവശ്യമായ ഭൗതിക സാഹചര്യങ്ങളും മികച്ച പരിശീലനവും വർധിപ്പിച്ചാൽ ഉയര്‍ന്നുവരാന്‍ പ്രാപ്തിയുള്ള ഒരുപിടി താരങ്ങളാണ് സ്‌കൂളിലുള്ളതെന്ന് കായികാധ്യാപകരായ പി.എസ്. സന്തോഷ്, മേരി ജോര്‍ജ് എന്നിവര്‍ അവകാശപ്പെടുന്നു. തോന്നൂര്‍ക്കര സ്വദേശിയായ അഭിനവിന്റെ പിതാവ് ഉണ്ണികൃഷണന്‍ ബേക്കറി വ്യാപാരിയാണ്.

Tags:    
News Summary - Thrissur District Sports Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.