ഖ​ദീ​ജ നി​സ

ഖദീജ നിസ; സൗദി ദേശീയ ഗെയിംസിലെ ഏക മലയാളി

ദമ്മാം: ലോകത്തിനു മുന്നിൽ പുതിയ പ്രതീക്ഷകൾ ഉയർത്തി സൗദിയിലെ കായികതാരങ്ങൾ ദിവസങ്ങൾക്കകം സൗദി ദേശീയ ഗെയിംസിൽ ഏറ്റുമുട്ടാനൊരുങ്ങുമ്പോൾ മലയാളത്തിന്‍റെ അഭിമാനമുയർത്തി കൊടുവള്ളിക്കാരി ഖദീജ നിസയും.44 കായിക ഇനങ്ങളിൽ സൗദിയിലെ താരങ്ങൾ ഏറ്റുമുട്ടുമ്പോൾ ബാഡ്മിന്‍റൺ വ്യക്തിഗത ചാമ്പ്യൻഷിപ്പിലാണ് 16കാരി ഖദീജ നിസ പോരാടാനെത്തുന്നത്. സൗദിയുടെ കായിക ചരിത്രത്തിൽ ആദ്യമായാകും ഒരു മലയാളി പെൺകുട്ടി ദേശീയ ഗെയിംസിന്‍റെ ഭാഗമാകുന്നത്.

സൗദിയിൽ ജനിച്ച വിദേശികൾക്കും ഗെയിംസിൽ പങ്കാളികളാകാം എന്ന ഇളവാണ് ഖദീജ നിസക്ക് സഹായകമായത്. റിയാദിൽ ജോലിചെയ്യുന്ന കൊടുവള്ളി കൂടത്തിങ്കൽ ലത്തീഫ് കോട്ടൂരിന്റെയും ഷാനിദയുടെയും മൂന്നാമത്തെ മകളാണ് ഖദീജ നിസ. രണ്ടര മാസം മുമ്പ് നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സൗദിയിലെയും വിദേശത്തെയും താരങ്ങളോട് ഏറ്റുമുട്ടിയാണ് ഖദീജ നിസ ഈ നേട്ടം സ്വന്തമാക്കിയത്.

ബാഡ്മിന്‍റണിൽ നിരവധി നേട്ടങ്ങൾ കൊയ്താണ് ഖദീജ സൗദിയുടെ ദേശീയ ഗെയിംസിൽ പോരാടാനെത്തിയത്. പിതാവ് ലത്തീഫിൽനിന്ന് കിട്ടിയ പ്രചോദനമാണ് അവരെ ഈ മേഖലയിലേക്ക് എത്തിച്ചത്. കൊടുവള്ളിയിലെ കായികപ്രേമികളായ ഒരുകൂട്ടം യുവാക്കളുടെ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്ന യൂനിറ്റാസ് ഇൻഡോര്‍ സ്‌റ്റേഡിയം, എക്സ്പ്രസ് ബാഡ്മിന്റൺ കോർട്ട്, സൗദി അറേബ്യയിലെ സിൻമാർ ബാഡ്മിന്റൺ അക്കാദമി, ഇന്ത്യൻ ബാഡ്മിന്റൺ അക്കാദമി, കാലിക്കറ്റ് കോർപറേഷൻ ഇൻഡോർ സ്റ്റേഡിയം എന്നിവിടങ്ങളിൽനിന്ന് ചെറുപ്രായത്തില്‍ ലഭിച്ച പരിശീലനമാണ് ബാഡ്മിന്റണ്‍ രംഗത്തേക്ക് ഉപ്പയെയും മകളെയും കൈപിടിച്ചുയര്‍ത്തിയത്.

ഖ​ദീ​ജ നി​സ കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം

നാട്ടിൽ ബാഡ്മിന്‍റൺ കളിച്ചിരുന്ന ലത്തീഫ് സൗദിയിൽ സിൻമാർ ബാഡ്മിന്റൺ അക്കാദമിയിൽ അംഗത്വം നേടിയപ്പോൾ കുടുംബത്തെയും ഒപ്പം കൂട്ടുകയായിരുന്നു. ഖദീജ നിസ വയനാട് ജില്ല ചാമ്പ്യനും സൗദി അറേബ്യയിലെ നാഷനല്‍ സബ്ജൂനിയര്‍ സിംഗ്ള്‍സ് ചാമ്പ്യനും ജി.സി.സി ചാമ്പ്യനുമാണ്. ഇന്ത്യന്‍ നാഷനല്‍ സി.ബി.എസ്.ഇ സ്‌കൂള്‍ ഗെയിംസില്‍ വെങ്കല മെഡലിസ്റ്റും കേരള സ്റ്റേറ്റ് ബാഡ്മിന്റണില്‍ ജൂനിയര്‍ വിഭാഗത്തില്‍ ബ്രൗണ്‍സ് മെഡലിസ്റ്റുമാണ്.

നാലുവര്‍ഷം സൗദി നാഷനല്‍ സി.ബി.എസ്.ഇ സ്‌കൂള്‍ മീറ്റില്‍ ഗോള്‍ഡ് മെഡലിസ്റ്റായിരുന്നു. റിയാദിലെ ന്യൂ മിഡിലീസ്റ്റ് ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാർഥിനിയായ ഖദീജ നിസക്ക് സൗദി ദേശീയ പരിശീലകൻ അമ്മാർ അവാദിന്‍റെ ശിക്ഷണം ലഭിക്കാനുള്ള ഭാഗ്യവും ലഭിച്ചു. പിതാവ് ലത്തീഫ് കൊടുവള്ളിയിലെ ആദ്യകാല ബാഡ്മിന്റണ്‍ കളിക്കാരനാണ്. ലത്തീഫിന്‍റെ പിതാവ് കൂടത്തിങ്ങല്‍ ഇബ്രാഹിം ഹാജി പഴയകാല ബാള്‍ ബാഡ്മിന്റണ്‍, വോളിബാള്‍ കളിക്കാരനും കളരി ഗുരുക്കളുമാണ്.

ഇളയ സഹോദരൻ മുഹമ്മദ് നസ്മി ഇക്കഴിഞ്ഞ ജൂണ്‍ 19 മുതല്‍ 25 വരെ ഹൈദരാബാദില്‍ നടന്ന ഓള്‍ ഇന്ത്യ നാഷനല്‍ ബാഡ്മിന്റണ്‍ സബ് ജൂനിയര്‍ ടൂര്‍ണമെന്റില്‍ ക്വാർട്ടര്‍ ഫൈനലിലെത്തിയിരുന്നു. മേയ് ഏഴു മുതല്‍ 11 വരെ എറണാകുളത്ത് നടന്ന കേരള സംസ്ഥാന സബ്ജൂനിയര്‍ ബാഡ്മിന്റണ്‍ 13 വയസ്സിനു താഴെയുള്ള ഡബ്ള്‍സ് മത്സരത്തിലും തിരുവനന്തപുരത്ത് നടന്ന ഓള്‍ കേരള ബാഡ്മിന്റൺ ടൂര്‍ണമെന്റിലും ജേതാവായി. താമരശ്ശേരി താലൂക്കില്‍ ഇതുവരെ ആരും എത്തിപ്പെടാത്ത നേട്ടമാണ് മുഹമ്മദ് നസ്മി ഇതിലൂടെ കൈവരിച്ചത്.

കൊടുവള്ളി ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് നസ്മി ഇപ്പോൾ ഇന്ത്യയിൽ അണ്ടർ 13ൽ ആറാം റാങ്ക് എന്ന നേട്ടത്തിലാണുള്ളത്. സെന്റ് ജോസഫ് ദേവഗിരി കോളജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാർഥിനിയായ ലത്തീഫിന്റെ മകള്‍ റെയ ഫാത്തിമ, കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ ബാഡ്മിന്റണ്‍ കളിക്കാരിയാണ്. നേഹ ലത്തീഫും ഹെയ്‌സ് മറിയമുമാണ് ലത്തീഫിന്റെ മറ്റു മക്കള്‍.

Tags:    
News Summary - Khadijah Nisa; The only Malayali in the Saudi National Games

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.