സിഡ്നി: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അന്താരാഷ്ട്ര ഫുട്ബാൾ സംഘടന സമാധാന പുരസ്കാരം സമ്മാനിച്ചതിനെ രൂക്ഷമായി വിമർശിച്ച് ആസ്ട്രേലിയൻ മിഡ്ഫീൽഡറും മുൻ നായകനുമായ ജാക്സൺ ഇർവിൻ രംഗത്ത്. നടപടി ഫിഫയുടെ തന്നെ മനുഷ്യാവകാശ നയങ്ങളെ പരിഹാസ്യമാക്കുന്നതാണെന്ന് അദ്ദേഹം റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഡിസംബറിൽ വാഷിങ്ടണിൽ നടന്ന ലോകകപ്പ് നറുക്കെടുപ്പ് ചടങ്ങിലാണ് പ്രഥമ സമാധാന പുരസ്കാരം ട്രംപിന് ഫിഫ തലവൻ ജിയാനി ഇൻഫാന്റിനോ സമ്മാനിച്ചത്. ട്രംപിന് അവാർഡ് നൽകിയത് ഫിഫയുടെ രാഷ്ട്രീയ നിഷ്പക്ഷതയെ ചോദ്യംചെയ്യുന്നതാണെന്ന് ഇർവിൻ അഭിപ്രായപ്പെട്ടു. വെനിസ്വേല, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലെ സൈനിക ഇടപെടലുകളിൽ ഉൾപ്പെട്ട ഒരു നേതാവിന് സമാധാന പുരസ്കാരം നൽകുന്നത് ഫിഫയുടെ മനുഷ്യാവകാശ ചാർട്ടറിന് വിരുദ്ധമാണ്. ഫുട്ബാൾ ഭരണകൂടം താഴെത്തട്ടിലുള്ള ജനങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും അകന്നുപോകുന്നതിന്റെ ലക്ഷണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫിഫയുടെ തീരുമാനത്തിനെതിരെ നോർവീജിയൻ ഫുട്ബാൾ അസോസിയേഷൻ ഉൾപ്പെടെയുള്ളവരും രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.