ബെൻ ജോൺസൺ വഞ്ചകനോ..., അതോ വഞ്ചിക്കപ്പെട്ടവനോ..?

വേഗ ചരിത്രത്തിലെ പുതിയ ഒരു അധ്യായമായിരുന്നു 1988 സോൾ ഒളിമ്പിക്സിലെ 100 മീറ്റർ ഫൈനൽ..., കാനഡയിൽനിന്നുള്ള ബെൻ ജോൺസൺ 9.79 സെക്കൻഡ് കൊണ്ട് ഓട്ടം പൂർത്തിയാക്കുമ്പോൾ അതൊരു റെക്കോഡായിരുന്നു. മാത്രമല്ല അതിന് മറ്റൊരു അപൂർവത കൂടിയുണ്ടായി, അത് സൃഷ്ടിക്കപ്പെട്ടയാൾ അതിവേഗം അനഭിമതനാക്കപ്പെട്ടു എന്നതായിരുന്നു. ഒരു രാവിന്റെ ആയുസ് മാത്രമേ ആ ചരിത്ര വിജയത്തിന് ഉണ്ടായിരുന്നുള്ളു.

അതുപോലൊരു സവിശേഷതയായിരുന്നു അന്ന് രണ്ടു മുതൽ നാലുവരെ സ്ഥാനം നേടിയ കാൾ ലൂയിസ് (9.92), ലിൻഫോർഡ് ക്രിസ്റ്റി (9.97), കാൽവിൻ സ്മിത്ത് (9.99) എന്നിവരുൾപ്പെടെ നാല് പേർ 10 സെക്കൻഡിൽ കുറഞ്ഞ സമയം കൊണ്ട് 100 മീറ്റർ പൂർത്തിയാക്കിയതും. ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതോടെ ബെൻ ജോൺസണിന്‍റെ നേട്ടം റദ്ദാക്കി. ഉത്തേജക വിവാദത്തിനു പിന്നാലെ ബെൻ ജോൺസണെ ഒരു വഞ്ചകനായാണ് ലോകം കണ്ടത്.

എന്നാൽ തന്നെ കുടുക്കിയതാണെന്നും വഞ്ചിക്കപ്പെട്ടെന്നുമാണ് ജോൺസൺ അന്നുമുതൽ പറഞ്ഞുകൊണ്ടിരിക്കുന്നത്. രണ്ട് വീക്ഷണങ്ങൾക്കുമുള്ള തെളിവുകളുടെ ഒരു വിശകലനം ആവശ്യമുണ്ട്. ബെൻ ജോൺസണെ വഞ്ചകനായി, കുറ്റക്കാരനായി കാണുന്നതിനുള്ള അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയുടെയും അന്തർ ദേശീയ ഡോപിങ് ഏജൻസിയുടെയും വാദം അദ്ദേഹം ഡോപിങ് ടെസ്റ്റിൽ ഒന്നിലധികം തവണ പരാജയപ്പെട്ടതാണെന്നും ഉത്തേജക മരുന്ന് ഉപയോഗിച്ചതായി അദ്ദേഹം തന്നെ സമ്മതിച്ചെന്നുമാണ്.

തെളിവായി 1989ലെ ഡുബിൻ സമിതി അന്വേഷണത്തിനിടെ, ജോൺസൺ തന്റെ പരിശീലനത്തിലും കരിയറിലും ഉടനീളം സ്റ്റിറോയിഡുകൾ ഉപയോഗിച്ചതായി സമ്മതിച്ചെന്നും മാപ്പപേക്ഷിച്ചും എന്നും പറയുന്നു....., പ്രകടനം മെച്ചപ്പെടുത്താനായി 1981 മുതൽ ജോൺസൺ സ്റ്റിറോയിഡുകൾ ഉപയോഗിക്കുന്നുണ്ടെന്നും അതൊരു പുതുമയല്ലെന്നും അക്കാലത്തു സ്പ്രിന്റ് ഇനങ്ങളിൽ മത്സരിച്ചിരുന്നവരെല്ലാം ഈ രീതി സ്വീകരിച്ചിട്ടുള്ളവരാണെന്നും അതുകൊണ്ട് അത്‌ ശിക്ഷിക്കപ്പെടാൻ തക്ക കുറ്റമല്ലെന്നും

അദ്ദേഹത്തിന്റെ പരിശീലകനായ ചാർളി ഫ്രാൻസിസും വാദിച്ചു.

ഒളിമ്പിക് മെഡൽ സ്ട്രിപ്പ് ചെയ്ത് ശേഷം ജോൺസണ് രണ്ടു വർഷത്തെ വിലക്കാണ് ഏർപ്പെടുത്തിയത്... ഇത് കായിക ലോകം ഈ കാനഡക്കാരനു സംശയത്തിന്റെ ആനുകൂല്യം നൽകിയിരുന്നതു കൊണ്ടായിരുന്നു. എന്നാൽ രണ്ട് വർഷത്തെ വിലക്കിൽനിന്ന് തിരിച്ചെത്തിയ ശേഷം, ചില മത്സരങ്ങളിൽ പങ്കെടുത്ത ജോൺസൺ 1993ൽ മറ്റൊരു മയക്കുമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതോടെ, ആജീവനാന്ത വിലക്കിന് വിധേയനായി..., അതു ഇന്നും നില നിൽക്കുന്നുമുണ്ട്...! ഇനി ജോൺസന്റെയും പരിശീലകന്റെയും ഇര വാദത്തിൽ ഒരൽപം കാര്യമുണ്ടെന്നു പിൽക്കാലത്തു തെളിയുകയുണ്ടായി. സോളിൽ ജോൺസന്റെ കഴുത്തിൽ നിന്നൂരിയെടുത്ത സ്വർണ മെഡൽ ഒരു ഉളുപ്പും മാനഭയവും കൂടാതെ കഴുത്തിൽ അണിഞ്ഞു ഞെളിഞ്ഞു നിന്ന കാൾ ലൂയിസ് മൂന്ന് തവണ നിരോധിത ഉത്തേജക മരുന്ന് പരിശോധനയിൽ പോസിറ്റീവ് ആയ ആളായിരുന്നു.

സ്യൂഡോഎഫെഡ്രിൻ, എഫെഡ്രിൻ, ഫിനൈൽപ്രോപനോലമൈൻ എന്നിവ അദ്ദേഹം സ്ഥിരമായിട്ട് ഉപയോഗിച്ചിരുന്നു എന്നു അന്ന് തെളിയിക്കപ്പെട്ടു. എന്നാൽ ആ മരുന്നുകളുടെ ഉപയോഗം അബദ്ധവശാൽ ആയിരുന്നു എന്ന അദ്ദേഹത്തിന്റെ വാദം അംഗീകരിച്ചുകൊണ്ട് യു.എസ് ഒളിമ്പിക് കമ്മിറ്റി അദ്ദേഹത്തെ കുറ്റമുക്തനാക്കി, സിയോൾ ഗെയിംസിൽ മത്സരിക്കാൻ അനുവദിച്ചു..! അങ്ങനെ ക്ലീൻ ആയവനാണ് ബെൻ ജോൺസന്റെ മെഡൽ വാങ്ങി കഴുത്തിൽ ഇട്ട് നിന്നത്, അതിലും ഭയാനകമായിരുന്നു അന്ന് മൂന്നാമനായ പിന്നീട് പ്രൊമോട്ട് ചെയ്യപ്പെട്ടു രണ്ടാമനായ ബ്രിട്ടീഷ് ഓട്ടക്കാരൻ ലിൻഡ്‌ഫോർഡ് കൃസ്റ്റിയുടെ സ്ഥിതി. അയാളുടെ തുടക്കം മുതലുള്ള സകല വിജയങ്ങളും മരുന്നുകളുടെ അകമ്പടിയോടെ ആയിരുന്നുവെന്ന് തെളിയുകയും ആജീവനാന്ത വിലക്ക് ഏറ്റുവാങ്ങുകയും ചെയ്തു. അന്ന് ഫൈനലിൽ ഓടിയ എട്ടു പേരിൽ ഒടുവിൽ ഓട്ടുമെഡൽ നേടിയ കാൽവിൻ സ്മിത്ത് മാത്രമേ ക്ലീൻ ചിറ്റ് ഉണ്ടായിരുന്നുള്ളു. മറ്റുള്ളവരൊക്കെ ഓരോ അവസരങ്ങളിൽ പിടിക്കപ്പെട്ടവരാണ്.

വഞ്ചിക്കപ്പെട്ട വ്യക്തി (അട്ടിമറിക്കപ്പെട്ടത്) എന്ന നിലയിൽ ബെൻ ജോൺസണെക്കുറിച്ചുള്ള കേസ്;

ഡോപ്പിങ്ങിൽ ഒരു "നിഗൂഢ മനുഷ്യൻ" തന്റെ പാനീയത്തിൽ സ്റ്റാനോസോലോൾ ചേർത്തുവെന്ന് ജോൺസൺ പതിറ്റാണ്ടുകളായി വാദിക്കുന്നുണ്ട്. തന്റെ എതിരാളിയായ കാൾ ലൂയിസിനെ ചുറ്റിപ്പറ്റിയുള്ള വൻ സാമ്പത്തിക ഓഹരികളാണ് ഗൂഢാലോചനക്ക് കാരണമായതെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

1988ലെ സോൾ ലാബ് റിപ്പോർട്ടിന്റെ ചില വിശകലനങ്ങൾ "പൊരുത്തക്കേടുകൾ" ചൂണ്ടിക്കാണിക്കുകയും അദ്ദേഹത്തിന്റെ കൈകാര്യം ചെയ്യലിൽ എല്ലാ നിയമങ്ങളും കർശനമായി പാലിച്ചിട്ടില്ലെന്ന് സൂചിപ്പിക്കുകയും ചെയ്യുന്നു. തന്റെ പരിശീലകന്റെ അഭിപ്രായത്തിൽ, മിക്കവാറും എല്ലാ അത്‌ലറ്റുകളും പ്രകടനം വർധിപ്പിക്കുന്ന രീതികൾ ഉപയോഗിക്കുന്ന ഒരു കായിക ഇനത്തിൽ തന്നെ ഒരു ബലിയാടാക്കി മാറ്റിയതായി ജോൺസൺ വാദിച്ചു. ഔദ്യോഗിക വിധിയും തുടർന്നുള്ള തെളിവുകളും സ്വന്തം സാക്ഷ്യം ഉൾപ്പെടെ, ബെൻ ജോൺസണെ മനഃപൂർവം മയക്കുമരുന്ന് കഴിച്ച ഒരു വഞ്ചകനായി തരംതിരിച്ചിട്ടുണ്ടെങ്കിലും അയാൾ സ്വയം വഞ്ചിക്കപ്പെട്ട വ്യക്തിയാണെന്നും ലക്ഷ്യമിട്ട ഗൂഢാലോചനയുടെ ഇരയാണെന്നും അവതരിപ്പിച്ചു.

സോളിൽ ജോൺസന്റെ സ്റ്റാനോസോലോളിന്റെ അളവ് അസാധാരണമാംവിധം ഉയർന്നതായിരുന്നു.

വഞ്ചിക്കപ്പെട്ട വ്യക്തി (ഭക്ഷണത്തിൽ ഉത്തേജക ഔഷധങ്ങൾ രഹസ്യമായി കലർത്തി) എന്ന നിലയിൽ ബെൻ ജോൺസണെക്കുറിച്ചുള്ള കേസ്;

അന്നും ഇന്നും അയാൾ പറയുന്നത് ഡോപ്പിങ്ങിനായി ഒരു "നിഗൂഢ മനുഷ്യൻ" തന്റെ പാനീയത്തിൽ സ്റ്റാനോസോലോൾ ചേർത്തുവെന്ന് ജോൺസൺ പതിറ്റാണ്ടുകളായി വാദിക്കുന്നുണ്ട്. ഡോപ്പിങ് കൺട്രോൾ റൂമിലെ ഒരു "നിഗൂഢ മനുഷ്യൻ", പതിവായി അങ്ങനെ ചെയ്തു കൊണ്ട് തന്നെ കള്ളക്കേസിൽ കുടുക്കിയെന്ന് എഴുതുകയും പറയുകയും ചെയ്തു. എന്നാൽ ഒന്റാറിയോ അപ്പീൽ കോടതി ചീഫ് ജസ്റ്റിസ് ചാൾസ് ഡുബിന്റെ നേതൃത്വത്തിലുള്ള കനേഡിയൻ ഫെഡറൽ അന്വേഷണ സമിതിയുടെ നിരന്തരമായ ചോദ്യം ചെയ്യലിലും ഈ അജ്ഞാത മനുഷ്യനെ കുറിച്ച് ഒന്നും ജോൺസൺ പറഞ്ഞില്ല. സിയോളിൽ ജോൺസന്റെ സ്റ്റാനോസോലോളിന്റെ അളവ് അസാധാരണമാംവിധം ഉയർന്നതായിരുന്നു. ഇത് സാമാന്യ ഗതിയിൽ ആരെങ്കിലും ഒന്നോ രണ്ടോ ദിവസം കൊണ്ട് ഭക്ഷണത്തിലോ പാനീയത്തിലോ കലർത്തിയാൽ ഉണ്ടാകുന്നതിന്റെ എത്രയോ ഇരട്ടി ആണെന്നും സിസ്റ്റമാറ്റിക് ഡോപിങ് വഴിയേ അങ്ങനെ സംഭവിക്കൂ എന്നും സമിതി കണ്ടെത്തി. ഇതാണ് ഒടുവിൽ ശിക്ഷണ നടപടിക്ക് കാരണമായതും. ബെൻ ജോൺസന്റെ പരിശീലകന്റെ അഭിപ്രായത്തിൽ, മിക്കവാറും എല്ലാ അത്‌ലറ്റുകളും പ്രകടനം വർധിപ്പിക്കുന്ന രീതികൾ ഉപയോഗിക്കുന്ന ഒരു കായിക ഇനത്തിൽ തന്നെ ഒരു ബലിയാടാക്കി മാറ്റിയതായിട്ടുള്ള വാദം ഒരു രാഷ്ട്രീയ പാർട്ടിയുടെ അഴിമതി മറ്റൊരു പാർട്ടി കണ്ടു പിടിക്കുമ്പോൾ നിങ്ങളും അങ്ങനെ ചെയ്തിട്ടുണ്ടല്ലോ എന്ന അപഹാസ്യമായ പ്രതികരണം പോലെയാണ്.

എന്തുകൊണ്ട് ബെൻ ജോൺസൺ അനഭിമതനാകുന്നു?

സോൾ ഒളിമ്പിക്‌സിലെ മെഡൽ തിരിച്ചെടുക്കലിനും രണ്ടു വർഷത്തെ ശിക്ഷക്കും ശേഷം തിരിച്ചുവന്ന അയാൾ അതിലും വലിയ തെറ്റ് ചെയ്തുകൊണ്ട് ട്രാക്കിൽ തിരിച്ചു വരുകയും വീണ്ടും പിടിക്കപ്പെടുകയും ചെയ്തു. 1993ൽ അത്‌ലറ്റിക്സിൽനിന്ന് ബെൻ ജോൺസന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയതിന്റെ ഫലമായി, അത്‌ലറ്റിക്സ് കാനഡയുടെയോ അതിന്റെ ഉത്തേജക വിരുദ്ധ നയങ്ങൾ അംഗീകരിക്കുന്ന ഏതെങ്കിലും സംഘടനയുടെയോ എ.ഐ.എഫ്.എഫ് ഒളിമ്പിക് സമിതി എന്നിവയുടെ ചട്ടക്കൂടിനുള്ളിൽ ബെൻ ജോൺസന് ഔദ്യോഗിക പരിശീലകനായി പ്രവർത്തിക്കാൻ കഴിയുകയില്ല...'

എന്നാൽ പരിശീലനം പോലുള്ള ജോലികളിൽ തുടരാൻ അനുവദിക്കുന്നതിനായി വിലക്ക് നീക്കാൻ അദ്ദേഹത്തിന്റെ നിയമസംഘം നടത്തിയ നിരന്തര ശ്രമങ്ങൾ ആജീവനാന്ത വിലക്ക് റദ്ദാക്കുന്നതിൽ കലാശിച്ചില്ല, ഇത് അദ്ദേഹത്തെ ഔപചാരികവും അംഗീകൃതവുമായ റോളുകളിൽനിന്ന് പരിമിതപ്പെടുത്തി. അതായത് ഇന്റർനാഷനൽ അത്‌ലറ്റിക് അസോസിയേഷൻ..., ഒളിമ്പിക് കമ്മിറ്റി എന്നിവയുടെ അനുമതിയോടെ ഒരിടത്തും അയാൾക്ക്‌ പരിശീലകനോ, ഉപദേശകനോ ആകാൻ അനുമതിയില്ല. ഒരിക്കലും കാനഡയുടെ ദേശീയ ടീം പരിശീലകനും ആകാൻ കഴിയില്ല.

എന്നാൽ അയാൾ ചെയ്തത് ഫുട്ബാൾ കളിക്കാരനായിരുന്ന ലിബിയൻ സ്വേച്ഛാധിപതി മുഅമ്മർ അൽ-ഖദ്ദാഫിയുടെ മകനെ പരിശീലിപ്പിക്കാൻ കരാർ ഏറ്റെടുക്കുകയായിരുന്നു. അയാൾക്ക്‌ ആകെ അറിയാമായിരുന്ന സ്‌പോർട്സ് തന്ത്രം അയാൾ അവിടെയും പ്രയോഗിച്ചു. ജൂനിയർ ഗദാഫി നന്ദ്രലോൺ എന്ന നിരോധിത ഔഷധം ഉപയോഗിച്ചതിനു പിടിക്കപ്പെട്ടു പുറത്തായി. അതുപോലെ

ടൊറന്റോയിലെ പ്രാദേശിക, അനൗദ്യോഗിക അല്ലെങ്കിൽ താഴ്ന്ന തല മീറ്റുകളിൽ പങ്കെടുക്കുന്നവരെ പരിശീലിപ്പിക്കുകയും  ചെയ്തു കൊണ്ടിരിക്കുന്നു. ഇതുവെച്ചു അയാളെ മഹത്വവത്കരിക്കാനും കഴിയില്ല.., പിന്നെയുള്ള ഏക സമാധാനം നേരത്തെ പറഞ്ഞ ‘ഞാൻ കള്ളനെങ്കിൽ നീ അതിലും വലിയ കള്ളൻ’ എന്ന വാദം അംഗീകരിക്കലാകും. അതായത് കാൾ ലൂയിസ് ആദരിക്കപ്പെടുന്നവനെങ്കിൽ ബെൻ ജോൺസനും അതിനു അർഹതയുണ്ട്. ഇക്കാര്യം ചർച്ചക്ക് വന്നപ്പോൾ നമ്മുടെ ഏറ്റവും തലമുതിർന്ന ഒരു സ്പോർട്സ് മാധ്യമപ്രവർത്തകന്‍റെ ചോദ്യം ഇതായിരുന്നു, അങ്ങനെ എങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് സംഘടനയുടെ പ്രസിഡന്റ് ആകേണ്ടത് അസ്ഹറുദ്ദീൻ അല്ലേ?

Tags:    
News Summary - Is Ben Jonson a Cheater?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.