സ്പോർട്സ് സ്കൂൾ വിഭാഗത്തിൽ ചാമ്പ്യന്മാരായ തിരുവനന്തപുരം ജി.വി.രാജ ടീം ട്രോഫിയുമായി

രാജാധി ജി.വി. രാജ! മികച്ച കായിക സ്കൂളിനുള്ള പുരസ്കാരം ജി.വി.രാജക്ക്

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ മികച്ച കായിക സ്കൂളിന് പൊതുവിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം ജി.വി.രാജക്ക്. ഒരു ലക്ഷവും ട്രോഫിയുമാണ് സ്പോര്‍ട്‌സ് ഹോസ്റ്റലുകളുടെ വിഭാഗത്തില്‍ ജി.വി. രാജ സ്പോർട്സ് സ്കൂൾ സ്വന്തമാക്കിയത്. അക്വാട്ടിക്സിലും ഗെയിംസിലും ഏറെ മുന്നില്‍നിന്ന തിരുവനന്തപുരത്തിന് അത് ലറ്റിക്സിൽ അടിതെറ്റിയിരുന്നു. ആകെ 69 പോയന്‍റാണ് ഈ ഇനത്തില്‍നിന്നും നിലവിലെ ചാമ്പ്യന്മാർക്ക് നേടാനായത്. അതില്‍ 57 പോയന്‍റും ജി.വി.രാജയുടെ കുട്ടികളുടെ സംഭാവനയായിരുന്നു .ആകെ 17 ഇനങ്ങളില്‍നിന്നായി ഏഴ് സ്വര്‍ണവും ആറ് വെള്ളിയും നാല് വെങ്കലവുമാണ് ഇവിടത്തെ കുട്ടികള്‍ നേടിയെടുത്തത്.

കഴിഞ്ഞ വർഷം കൊച്ചിയിൽ നടന്ന പ്രഥമ സ്കൂൾ ഒളിമ്പിക്സിൽ ജനറൽ വിഭാഗത്തിൽ മികച്ച സ്കൂളുകൾക്കൊപ്പം സ്പോർട്സ് സ്കൂളായ ജി.വി.രാജയെ പൊതുവിദ്യാഭ്യാസ വകുപ്പ് പരിഗണിച്ചത് സമാപന വേദിയിൽ സംഘർഷത്തിനും പ്രതിഷേധത്തിനുമിടയാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ഇത്തവണ സ്പോർട്സ് ഹോസ്റ്റലുകളെ പ്രത്യേകമായി പരിഗണിക്കാനും അവർക്കായി പ്രത്യേക പുരസ്കാരം നൽകാനും സർക്കാർ തീരുമാനിച്ചത്.

49 കുട്ടികളുമായാണ് ഇത്തവണ ജി.വി.രാജ പോരിനിറങ്ങിയത്. ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ ജി.വി. രാജയിലെ ശ്രീഹരി കരിക്കന്‍റെ റെക്കോഡാണ് ജി.വി.രാജക്ക് എടുത്തുപറയാവുന്ന പ്രധാന നേട്ടങ്ങളിലൊന്നും. 400 മീ. ഹര്‍ഡില്‍സില്‍ 54.14 സെക്കന്‍ഡ്‌സിലായിരുന്നു ശ്രീഹരിയുടെ ഫിനിഷിങ്. ഹര്‍ഡില്‍സില്‍നിന്ന് മൂന്ന് സ്വര്‍ണമാണ് ഈ സ്‌കൂളിലെ താരങ്ങള്‍ സ്വന്തമാക്കിയത്. മുഹമ്മദ് അഷ്വാക്ക് ഉള്‍പ്പെടെയുള്ള ചില താരങ്ങള്‍ സൗത്ത് ഏഷ്യന്‍ മത്സരങ്ങളിലായതിനാല്‍ ഇത്തവണ സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുക്കാത്തത് സ്വർണത്തിന്‍റെ എണ്ണത്തിൽ കുറവിന് കാരണമായെന്ന് മുഖ്യപരിശീലകൻ അജിമോൻ പറഞ്ഞു.

Tags:    
News Summary - G.V. Raja wins the award for best sports school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.