ദേ​ശീ​യ ഗെ​യിം​സ് ടേ​ബ്ൾ ടെ​ന്നി​സ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന സൂ​റ​ത്തി​ലെ പി.​ഡി.​ഡി.​യു സ്റ്റേ​ഡി​യം

ആറാം നാൾ ഗുജാറാട്ട്

36 എന്നത് ഗുജറാത്തിനെ സംബന്ധിച്ച് ഇനി വെറുമൊരു സംഖ്യയല്ല. ആറ് നാൾക്കപ്പുറം സംസ്ഥാനത്തെ ആറ് നഗരങ്ങൾ ആതിഥ്യമരുളുന്ന 36ാമത് ദേശീ‍യ ഗെയിംസിന് സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണപ്രദേശങ്ങളെയും പ്രതിനിധീകരിക്കുന്ന 36 സംഘങ്ങളിലെ താരങ്ങൾ ടീമായും വ്യക്തിഗതമായും 36 ഇനങ്ങളിൽ മാറ്റുരക്കും.

ഇവർക്കൊപ്പം സൈനിക സംഘമായ സർവിസസ് കൂടി ചേരുന്നതോടെ ദേശീയ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രാതിനിധ്യമാവും.

7000ത്തിലധികം കായിക താരങ്ങളാണ് ഗെയിംസിനെത്തുന്നത്.

പരിശീലകരും സപ്പോർട്ടിങ് സ്റ്റാഫുമടക്കം 12000ത്തിലധികം പേർ അണിനിരക്കുന്ന രാജ്യത്തെ ഏറ്റവും വലിയ കായിക മാമാങ്കം സെപ്റ്റംബർ 27 മുതൽ രണ്ടാഴ്ചക്കാലം അഹ്മദാബാദ്, സൂറത്ത്, വഡോദര, രാജ്കോട്ട്, ഭാവ്നഗർ, ഗാന്ധിനഗർ എന്നിവിടങ്ങളിലെ വിവിധ വേദികളിലാണ് നടക്കുന്നത്.

രാജ്യാന്തര അത് ലറ്റുകൾ കൂട്ടത്തോടെ

ഒളിമ്പ്യന്മാരടക്കം പ്രമുഖ താരങ്ങൾ ഗെയിംസിൽ പങ്കെടുക്കുന്നുണ്ട്. കോമൺവെൽത്ത് ഗെയിംസ് വെള്ളി മെഡൽ ജേതാക്കളായ കേരളത്തിന്റെ എം. ശ്രീശങ്കർ (ലോങ് ജംപ്), സർവിസസിന്റെ അവിനാശ് സാബ് ലേ (3000 മീ. സ്റ്റീപ്ൾ ചേസ്), വെങ്കല ജേത്രി ഉത്തർപ്രദേശിന്റെ അന്നു റാണി (ജാവലിൻ ത്രോ) തുടങ്ങിയവരും സ്പ്രിന്റ് ഇനങ്ങളിൽ അസം താരങ്ങളായ ഹിമദാസ്, അംലൻ ബൊർഗോഹെയ്ൻ, ഒഡിഷക്കാരി ദ്യുതി ചന്ദ്, 100 മീ. ഹർഡ്ൽസിൽ ദേശീയ റെക്കോഡുള്ള ആന്ധ്രപ്രദേശിന്റെ ജ്യോതി യാരാജി ഉൾപ്പെടെയുള്ള രാജ്യാന്തര അത് ലറ്റുകളും ഇറങ്ങും.

2023ലെ ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടാനുള്ള അവസരം കൂടിയാണിത്. അതേസമയം, ഒളിമ്പിക് ജാവലിൻ ത്രോ ചാമ്പ്യൻ നീരജ് ചോപ്ര, ബാഡ്മിന്റൺ മെഡൽ ജേതാക്കളായ പി.വി. സിന്ധു, സൈന നെഹ് വാൾ, കോമൺ വെൽത്ത് ഗെയിംസ് ട്രിപ്ൾ ജംപ് സ്വർണം, വെള്ളി ജേതാക്കളും മലയാളികളുമായ എൽദോസ് പോൾ, അബ്ദുല്ല അബൂബക്കർ എന്നിവർ പങ്കെടുക്കുന്നില്ല.

560 അംഗ സംഘവുമായി കേരളം

ദേശീയ ഗെയിംസിന് 560 അംഗ സംഘവുമായാണ് കേരളമെത്തുന്നത്. ഒളിമ്പ്യൻ വി. ദിജുവിന്റെ നേതൃത്വത്തിൽ 436 കായികതാരങ്ങൾ, പരിശീലകർ അടക്കം 120 ഒഫീഷ്യൽസ്‌, രണ്ട്‌ സഹസംഘത്തലവൻമാർ, സൈക്കോളജിസ്‌റ്റ്‌ എന്നിവരടങ്ങുന്നതാണിത്‌.

436 താരങ്ങളിൽ 197 പുരുഷന്മാരും 239 വനിതകളുമാണ്‌. 26 ഇനങ്ങളിലാണ്‌ കേരളം മത്സരിക്കുന്നത്. കബഡി, യോഗ, ടെന്നിസ്‌, ലോൺബോൾ, ഹോക്കി, ഷൂട്ടിങ്‌, ടേബിൾ ടെന്നിസ്‌, ഗോൾഫ്‌, മല്ലകാമ്പ (യോഗയും ജിംനാസ്റ്റിക്സും ചേർന്ന ഇനം)‌ തുടങ്ങിയവയിൽ പ്രാതിനിധ്യമില്ല.

അത്‌ലറ്റിക്‌സിൽ 30 വനിതകളും 19 പുരുഷന്മാരും അടക്കം 49 പേർ കേരളത്തിനായി ഇറങ്ങും. 14 ഒഫീഷ്യൽസും അത്‌ലറ്റിക്‌സ്‌ സംഘത്തിനൊപ്പമുണ്ട്‌‌. നീന്തലിന്‌ 46 പേർ താരങ്ങളും അഞ്ച്‌ ഒഫീഷ്യൽസും.

ബാസ്‌കറ്റ്‌ബാൾ (5 x 5, 3 x 3) ടീമിൽ 32 താരങ്ങളും വോളിബാൾ ക്യാമ്പിൽ 34 പേരും നിലവിലുണ്ട്. പുരുഷ ഫുട്‌ബാളിൽ മാത്രമാണ് കേരളം മത്സരിക്കുന്നത്. ടീമുകൾ മത്സരതീയതിക്ക്‌ അനുസരിച്ചാകും ഗുജറാത്തിലേക്ക്‌ തിരിക്കുക.

2015ൽ നിന്ന് 2022ലെത്തുമ്പോൾ

2015ൽ കേരളത്തിലാണ് ഏറ്റവും ഒടുവിൽ ദേശീയ ഗെയിംസ് നടന്നത്. ഗോവ ആതിഥ്യമരുളേണ്ട അടുത്ത ഗെയിംസ് പക്ഷേ പല കാരണങ്ങളാൽ നീണ്ടുപോയി. 2020ലേക്ക് മാറ്റി നിശ്ചയിച്ചെങ്കിലും മത്സരങ്ങൾ നടത്താനുള്ള തയാറെടുപ്പ് പൂർത്തിയായില്ലെന്ന് വീണ്ടും ഗോവ അറിയിച്ചതിനെത്തുടർന്നാണ് ഗുജറാത്ത് മുന്നോട്ടുവന്നത്.

2007 ഗുവാഹതി, 2011 റാഞ്ചി, 2015 കേരള ഗെയിംസുകളിലെല്ലാം സർവിസസായിരുന്നു മെഡൽപട്ടികയിൽ ഒന്നാമന്മാർ. കബഡി, ഖോഖോ, യോഗ തുടങ്ങിയ അഞ്ച് ഇനങ്ങൾ കൂടി ഇക്കുറി അധികം ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗുജറാത്തി ഭാഷയിൽ സാവജ് എന്ന് പേരിട്ടിരിക്കുന്ന സിംഹമാണ് ഇക്കുറി ഭാഗ്യചിഹ്നം. 29ന് അഹ്മദബാദ് മൊട്ടേറയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

കാത്തിരിക്കുന്നത് കടുത്ത മത്സരം -ശ്രീശങ്കർ

ദേശീയ ഗെയിംസിനെ ലഘൂകരിച്ച് കാണാനില്ലെന്നും കടുത്ത മത്സരമാണ് കാത്തിരിക്കുന്നതെന്നും ലോങ് ജംപർ എം. ശ്രീശങ്കർ.

കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ കരിയറിലെ ബ്രേക് ത്രൂ ആണെന്നും രണ്ട് വർഷത്തിനപ്പുറം നടക്കുന്ന പാരിസ് ഒളിമ്പിക്സാണ് ലക്ഷ്യമെന്നും പാലക്കാട്ടുകാരനായ താരം ഓൺലൈൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

എം. ശ്രീശങ്കർ

ഈ സീസൺ ഒരുപാട് അനുഭവങ്ങൾ നൽകി. മാർച്ചിൽ തുടങ്ങിയതാണ്. ആഗസ്റ്റിലും സെപ്റ്റംബറിലുമൊക്കെ എത്തിയപ്പോഴേക്ക് കാഠിന്യമേറി. കുറെ യാത്ര ചെയ്യേണ്ടി വന്നു. പ്രകടനം മെച്ചപ്പെട്ടതാണ് വലിയ സന്തോഷം. അടുത്ത സീസണിൽ കൂടുതൽ സ്ഥിരത പ്രതീക്ഷിക്കുന്നു.

8.15 മീറ്ററിന് മുകളിൽ പ്രകടനമുള്ള മൂന്ന് ജംപർമാർ ദേശീയ ഗെയിംസിനുണ്ട്. തീർച്ചയായും മത്സരം കടുക്കും. ദേശീയ ഗെയിംസും ലോകോത്തര മത്സരം എന്ന നിലയിൽ പരിഗണിക്കണം. തന്നെ സംബന്ധിച്ച് ഇത് ആദ്യത്തേതാണ്.

ഏഷ്യൻ ഗെയിംസിനുള്ള തയാറെടുപ്പ് കൂടിയായി മത്സരത്തെ കാണുമെന്നും ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന ശ്രീശങ്കർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Gujarat on the 6th day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.