കുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബാളിന്റെ ആവേശം വരികളിലും ദൃശ്യങ്ങളിലും നിറച്ച് കുവൈത്ത് മലയാളികളുടെ സംഗീത ആൽബം. മലയാളം, അറബി, ഇംഗ്ലീഷ് ഭാഷകളുടെ സങ്കലനവും ഫുട്ബാളിന്റെ ചടുലമായ നീക്കങ്ങൾക്കൊപ്പം നൃത്തവും സമന്വയിപ്പിച്ചാണ് ആൽബം തയാറാക്കിയിരിക്കുന്നത്. 'യാ ല ഫുട്ബാൾ' എന്ന പേരിലുള്ള ആൽബം ഇതിനകം ഫുട്ബാൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
മെഡക്സ് മെഡിക്കൽ ഗ്രൂപ് ചെയർമാൻ വി.പി. മുഹമ്മദലി നിർമിച്ച ആൽബം നിഷാദ് കാട്ടൂരാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. ദിജയ് കാർത്തിക്കിന്റെ വരികൾക്ക് അനീഷ് കുമാർ ഫുട്ബാൾ ആരാധകരുടെ മനസ്സറിഞ്ഞ് ഈണം നൽകിയിരിക്കുന്നു.സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ്, പ്രമുഖ കുവൈത്തി ഗായകൻ മുബാറക് അൽ റാഷിദ് എന്നിവർ ആൽബത്തിൽ പാടുകയും അഭിനയിക്കുകയും ചെയ്യുന്നു.
ഷാനി ഭുവൻ, ഗംഗചന്ദ്ര എന്നിവർ സ്ത്രീശബ്ദത്തിൽ എത്തുന്നു. കുവൈത്തിന്റെ പശ്ചാത്തലത്തിലുള്ള ദൃശ്യങ്ങളെ സിബി അറക്കൽ മനോഹരമായി കോറിയോഗ്രാഫ് ചെയ്തിട്ടുണ്ട്. കാൽപന്തുകളിയുടെ ആവേശം ജ്വലിക്കുന്ന വരികളിൽ അതിനൊത്ത ദൃശ്യങ്ങളും ഉൾച്ചേർത്ത ആൽബത്തിൽ കുട്ടികളുടെ പ്രകടനം എടുത്തുപറയേണ്ടതാണ്.
കേടായ പന്തുമായി തുന്നൽക്കാരിക്കരികിലെത്തുന്ന മൂന്നു കുട്ടികളിൽ നിന്നാരംഭിക്കുന്ന ഗാനം നൃത്തവും ഫുട്ബാളും ഇടകലർത്തിയ ദൃശ്യങ്ങളോടെ മുന്നേറുകയും, ആദ്യ ദൃശ്യത്തിലെ കുട്ടികൾക്ക് പന്തുകളുമായി എത്തുന്ന ഒരാളിൽ അവസാനിക്കുകയും ചെയ്യുന്നു. ഇതിനിടയിൽ ലോകകപ്പ് ഫുട്ബാളിന്റെ ആവേശം കാണികളിൽ നിറക്കുന്നതിന് ആൽബത്തിനുപിന്നിൽ പ്രവർത്തിച്ചവർക്ക് കഴിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.