ലോകകപ്പ്​: യു.എ.ഇ പുറത്ത്​; സോക്കറൂസ്​ ഇന്‍റർകോണ്ടിനെന്‍റൽ ​പ്ലേഓഫിന്​

ദോഹ: അയൽനാട്ടിൽ ലോകകപ്പ് കളിക്കാനുള്ള യു.എ.ഇയുടെ മോഹങ്ങളെ ഏഷ്യൻ യോഗ്യത റൗണ്ടിന്‍റെ അവസാന കടമ്പയിൽ കുരുക്കി ആസ്ട്രേലിയ. ലോകകപ്പ് വേദികളിൽ ഒന്നായ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ യു.എ.ഇയെ 2-1ന് വീഴ്ത്തിയ ആസ്ട്രേലിയ ഇന്‍റർകോണ്ടിനെന്‍റൽ പ്ലേഓഫിന് യോഗ്യത നേടി.

ഏഷ്യൻ യോഗ്യത കടന്ന സോക്കറൂസ് ഇനി ഇൻറർകോണ്ടിനെൻറൽ പ്ലേഓഫിൽ ജൂൺ 13ന് ലാറ്റിനമേരിക്കൻ കരുത്തരായ പെറുവിനെ നേരിടും.

ചൊവ്വാഴ്ച രാത്രി നടന്ന മത്സരത്തിൽ ഗോൾരഹിതമായിരുന്നു ഒന്നാം പകുതി. എന്നാൽ, രണ്ടാം പകുതിയിൽ കളത്തിൽ ആവേശം ഇരട്ടിച്ചു. 53ാം മിനിറ്റിൽ മിന്നുന്ന നീക്കത്തിലൂടെ ജർമൻ രണ്ടാം ഡിവിഷൻ താരമായ ജാക്സൺ ഇർവിൻ ഓസീസിനെ മുന്നിലെത്തിച്ചു. ആദ്യ ഗോളിൽ ഓസീസ് പ്രകടിപ്പിച്ച ആഘോഷത്തിന് അധികം ദൈർഘ്യമുണ്ടായില്ല. നാലു മിനിറ്റ് ഇടവേളയിൽ മിന്നൽപിണർ പോലൊരു നീക്കത്തിൽ യു.എ.ഇ മറുപടി നൽകി. 57ാം മിനിറ്റ് കണക്ട് ചെയ്ത് നടത്തിയ മുന്നേറ്റം ബ്രസീലിയൻ വംശജനായ യു.എ.ഇ താരം കയോ കനിഡോ ഗോളാക്കി മാറ്റുകയായിരുന്നു. ഗാലറിയുടെ വലതുഭാഗം വെള്ളക്കടലാക്കി മാറ്റിയ ഇമാറാത്തി ആരാധകരുടെ ആഘോഷം പരകോടിയിലെത്തിയ നിമിഷം.

പിന്നെ ഇരു ടീമുകളും ആക്രമണവും പ്രതിരോധവും ശക്തമാക്കി വിജയഗോളിനായി മുന്നേറ്റം നടത്തി. എന്നാൽ, അവസാന വിജയം ഓസീസിനായിരുന്നു. 85ാം മിനിറ്റിൽ കോർണർകിക്കിൽനിന്നു ഗതിമാറിയെത്തിയ പന്ത് റീബൗണ്ടിലെ വെടിച്ചില്ലുകണക്കെയുള്ള ഷോട്ടിലൂടെ പ്ലേ മേക്കർ അഡിൻ റുസ്റ്റിക് വലയിലെത്തിച്ചു. എതിരാളികളെ നിരാശയുടെ ആഴത്തിലേക്ക് പതിപ്പിച്ച് സോക്കറൂസിന്‍റെ ആഘോഷം. ശേഷിച്ച മിനിറ്റുകളിൽ യു.എ.ഇയുടെ പോരാട്ടത്തിന് ഫലമുണ്ടായില്ല. 1990നുശേഷം ലോകകപ്പ് യോഗ്യതയെന്ന സ്വപ്നത്തിന് അറേബ്യൻ കരുത്തർക്ക് വീണ്ടും കാത്തിരിപ്പുതന്നെ. ജൂൺ 13ന് അഹമ്മദ് ബിൻഅലി സ്റ്റേഡിയത്തിൽ ആസ്ട്രേലിയ പെറുവിനെയും 14ന് ന്യൂസിലൻഡ് കോസ്റ്ററീകയെയും നേരിടും.

Tags:    
News Summary - World Cup: UAE out; Socceroos intercontinental playoffs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT