ലോക ഫുട്ബാൾ പോരാട്ടം അടുത്തെത്തിനിൽക്കെ അവസാന ആറ് സ്ഥാനക്കാരായി ടിക്കറ്റുറപ്പിക്കാൻ 12 ടീമുകൾ അന്തിമ പോരാട്ടത്തിനിറങ്ങുന്നു. യൂറോപ്പിൽനിന്ന് നാലു ടീമുകൾക്കും ഇന്റർ കോൺഫെഡറേഷൻ മത്സരങ്ങൾ വഴി രണ്ടു ടീമുകൾക്കും കൂടിയാണ് അവസരമുള്ളത്. യൂറോപ്പിൽ ബോസ്നിയ-ഇറ്റലി, ചെക്കിയ-ഡെന്മാർക്, കൊസോവോ-തുർക്കിയ, സ്വീഡൻ-പോളണ്ട് എന്നിവയാണ് മത്സരങ്ങൾ. ഇന്റർ കോൺഫെഡറേഷനിൽ കോംഗോ ജമൈക്കയുമായും ഇറാഖ് ബൊളീവിയയുമായും ഏറ്റുമുട്ടും. ജയിക്കുന്ന ടീമുകൾ ലോകകപ്പിലേക്ക് മുന്നേറും. തോൽക്കുന്ന ടീമുകൾ പുറത്തേക്കും.
ഇറ്റലിക്ക് മൂന്നാംവട്ടം ഭാഗ്യമുണ്ടാകുമോ?
നാലുവട്ടം ലോകചാമ്പ്യന്മാരായ ചരിത്രമുള്ള ഇറ്റലിക്ക് പക്ഷേ, കുറച്ചായി കഷ്ടകാലമാണ്. 2018, 2022 ലോകകപ്പുകൾക്ക് യോഗ്യതതന്നെ നേടാനാവാതിരുന്ന അസൂറിപ്പട ഇത്തവണയുമില്ലെങ്കിൽ അത് ഇറ്റാലിയൻ കാൽപന്ത് ചരിത്രത്തിലെ കറുത്ത ഏടാവും. 2006ൽ ലോക ജേതാക്കളായ ശേഷം ഇറ്റലിക്ക് ശനിദശയാണ്. അതിനിടെ, കഴിഞ്ഞ രണ്ടു ലോകകപ്പുകൾക്കിടയിലുള്ള 2020 യൂറോ കപ്പിൽ ജേതാക്കളായത് മാത്രമാണ് ആശ്വാസം.
ഇറ്റലിയുടെ എതിരാളികളായ ബോസ്നിയയുടെ ലക്ഷ്യം രണ്ടാം ലോകകപ്പാണ്. 2014ൽ ആദ്യമായി ലോകകപ്പ് കളിച്ച ബോസ്നിയക്ക് പിന്നീടുള്ള രണ്ട് തവണയും യോഗ്യത നേടാനായിട്ടില്ല. ബോസ്നിയയുടെ ഗ്രൗണ്ടിലാണ് കളി. സെനിക്കയിലെ 14,000 സീറ്റ് മാത്രമുള്ള ബിലിനോ പൊലിയേ സ്റ്റേഡിയത്തിൽ. പ്ലേഓഫ് സെമിയിൽ വെയിൽസിനെ ഷൂട്ടൗട്ടിൽ 4-2ന് (1-1) തോൽപിച്ചാണ് ബോസ്നിയ ഫൈനലിലേക്ക് മുന്നേറിയത്. വെറ്ററൻ സ്ട്രൈക്കർ എഡിൻ സെക്കോയാണ് ബോസ്നിയയുടെ പ്രധാന താരം. വടക്കൻ അയർലൻഡിനെ 2-0ത്തിന് തോൽപിച്ചായിരുന്നു ഇറ്റലിയുടെ മുന്നേറ്റം. ജിയാൻലുയിഗി ഡോണറുമ്മ, അലസാന്ദ്രോ ബാസ്റ്റോണി, ഫെഡറികോ ഡിമാർകോ, സാന്ദ്രോ ടൊണാലി, മോയ്സസ് കീൻ തുടങ്ങിയവരിലാണ് ഇറ്റലി കോച്ച് ജെന്നൂറോ ഗട്ടൂസോയുടെ പ്രതീക്ഷ.
ലെവൻഡോവ്സ്കിയോ ഗ്യോകറസോ?
ലോകോത്തര സ്ട്രൈക്കർമാരായ റോബർട്ട് ലെവൻഡോവ്സ്കി, വിക്ടർ ഗ്യോകറസ് എന്നിവരിൽ ഒരാൾ മാത്രമേ ലോകകപ്പിനുണ്ടാവൂ. കാരണം. ലെവന്റെ പോളണ്ടും ഗ്യോകോയുടെ സ്വീഡനും തമ്മിലാണ് മത്സരമെന്നതുതന്നെ. ലെവൻഡോവ്സ്കിയുടെ കൂടെ ഗോളിൽ അൽബേനിയയെ 2-1ന് തോൽപിച്ചാണ് പോളണ്ട് വരുന്നതെങ്കിൽ ഗ്യോകറസിന്റെ ഹാട്രിക് മികവിൽ യുക്രെയ്നെ 3-1ന് പരാജയപ്പെടുത്തിയാണ് സ്വീഡൻ മുന്നേറിയത്. 12 തവണ ലോകകപ്പ് കളിച്ചിട്ടുള്ള ടീമാണ് സ്വീഡനെങ്കിൽ പോളണ്ട് ഒമ്പത് വട്ടം മുഖംകാണിച്ചിട്ടുണ്ട്.
കന്നി ലോകകപ്പ് സ്വപ്നംകണ്ട് കൊസോവോ
ചെറിയ പ്രായം മാത്രമുള്ള കൊസോവോ കന്നി ലോകകപ്പ് എന്ന സ്വപ്നനേട്ടത്തിനരികെയാണ്. എതിരാളികളായ തുർക്കിയ ആവട്ടെ കാൽനൂറ്റാണ്ടോളമായ കാത്തിരിപ്പിന് ശേഷം വീണ്ടും ലോകപോരാട്ടങ്ങളിലേക്കെത്താൻ വെമ്പുകയാണ്. 2002ൽ മൂന്നാം സ്ഥാനക്കാരായ ശേഷം അവർക്ക് ലോകകപ്പ് ഭാഗ്യമുണ്ടായിട്ടില്ല. റുമേനിയയെ 1-0ത്തിന് കീഴടക്കിയാണ് തുർക്കി പ്ലേഓഫ് ഫൈനലിൽ കടന്നതെങ്കിൽ സ്ലോവാക്യയെ 4-3ന് മറികടന്നായിരുന്നു കൊസോവോയുടെ വരവ്.
ഡെന്മാർക്കോ ചെക്കിയയോ
പത്താം ലോകകപ്പ് പ്രവേശനം സ്വപ്നം കാണുന്ന ചെക്കിയയും (ചെക്ക് റിപ്പബ്ലിക്കും) ആറു തവണ ലോകപോരാട്ടത്തിൽ മുഖം കാണിച്ചിട്ടുള്ള ഡെന്മാർക്കും തമ്മിലാണ് മറ്റൊരു അങ്കം. പ്ലേഓഫ് സെമിയിൽ വടക്കൻ മാസിഡോണിയയെ 4-0ത്തിന് തകർത്തായിരുന്നു ഡെന്മാർക്കിന്റെ ഫൈനൽ പ്രവേശനം. അയർലൻഡിനെ ഷൂട്ടൗട്ടിൽ 4-2ന് (2-2) കീഴടക്കിയാണ് ചെക്കിയ എത്തിയത്.
ഇന്റർ കോൺഫെഡറേഷൻ ഫൈനൽസ്
അഞ്ച് കോൺഫെഡറേഷനുകളിലെ ആറു ടീമുകളിൽനിന്ന് രണ്ട് ടീമുകൾക്കാണ് ഇതുവഴി ലോകകപ്പ് അവസരം ലഭിക്കുക. എ.എഫ്.സി, സി.എ.എഫ്, കോൺമെബോൾ, ഒഷ്യാനിയ കോൺഫെഡറേഷനുകളിൽനിന്ന് ഓരോ ടീമുകളും ആതിഥേയരുൾപ്പെടുന്ന കോൺകകാഫിൽനിന്ന് രണ്ട് ടീമുകളുമാണ് ഈ റൗണ്ടിൽ മത്സരിച്ചത്. സെമിയിൽ ജയിച്ച ജമൈക്കയും ബൊളീവിയയും നേരത്തേ ഫൈനലിലേക്ക് സീഡ് ചെയ്യപ്പെട്ട കോംഗോയുമായും ഇറാഖുമായും ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.