ചെൽസിയെ നാണംകെടുത്തി മാഞ്ചസ്റ്റർ യുനൈറ്റഡ് ചാമ്പ്യൻസ് ലീഗിന്

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മുൻ ചാമ്പ്യന്മാരായ ചെൽസിയെ ഒന്നിനെതിരെ നാല് ഗോളിന് നാണം കെടുത്തി മാഞ്ചസ്റ്റർ യു​നൈറ്റഡ് ചാമ്പ്യൻസ് ലീഗിന്. ഇതോടെ ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾക്കും വിരാമമായി. മാഞ്ചസ്റ്റർ സിറ്റി, ആഴ്സണൽ, ന്യൂകാസിൽ യുനൈറ്റഡ് എന്നിവയാണ് യുനൈറ്റഡിന് പുറമെ യോഗ്യത നേടിയത്.

ആറാം മിനിറ്റിൽ ക്രിസ്റ്റ്യൻ എറിക്സൺ എടുത്ത ഫ്രീകിക്ക് ക്ലോസ് റേഞ്ച് ഹെഡറിലൂടെ വലയിലെത്തിച്ച് കാസെമിറോയാണ് യുനൈറ്റഡിന്റെ ഗോൾവേട്ടക്ക് തുടക്കമിട്ടത്. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ആന്റണി മാർഷ്യൽ ലീഡ് ഇരട്ടിയാക്കി. ജേഡൻ സാഞ്ചേയാണ് ഇത്തവണ ഗോളിന് വഴിയൊരുക്കിയത്. 73ാം മിനിറ്റിൽ വെസ്‍ലി ഫൊഫാനയുടെ ഫൗളിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രൂണോ ഫെർണാണ്ടസ് ലീഡ് മൂന്നായി ഉയർത്തി. ​അഞ്ച് മിനിറ്റിനകം ഫൊഫാനയുടെ തന്നെ പിഴവിൽ മാർകസ് റാഷ്ഫോഡ് കൂടി വല കുലുക്കിയതോടെ ചെൽസി തളർന്നു. സീസണിൽ താരത്തിന്റെ 30ാം ഗോൾ ആണ് പിറന്നത്.

എന്നാൽ, കളി തീരാൻ ഒരു മിനിറ്റ് ശേഷിക്കെ ഹക്കിം സിയേഷിന്റെ അസിസ്റ്റിൽ ജാവോ ഫെലിക്സ് ഒരു ഗോൾ തിരിച്ചടിച്ചതോടെയാണ് വൻ നാണക്കേടിൽനിന്ന് ചെൽസി രക്ഷപ്പെട്ടത്. ഫ്രാങ്ക് ലംപാർഡ് പരിശീലകനായെത്തിയ ശേഷം അവസാന പത്ത് കളിയി​ലെ എട്ടാം തോൽവിയാണിത്. 37 കളികൾ പൂർത്തിയാക്കിയപ്പോൾ 43 പോയന്റുമായി 12ാം സ്ഥാനത്താണവർ.

മത്സരത്തിൽ ട്രേവോ ചലോബയുടെ മാരക ഫൗളിനിരയായി കാലിന് ഗുരുതര പരിക്കേറ്റ യുനൈറ്റഡിന്റെ ബ്രസീലിയൻ താരം ആന്റണിയെ സ്ട്രെച്ചറിലാണ് കൊണ്ടുപോയയത്. രണ്ടാഴ്ചക്ക് ശേഷം മാഞ്ചസ്റ്റർ സിറ്റിയുമായുള്ള എഫ്.എ കപ്പ് ഫൈനലിൽ താരത്തിന് ബൂട്ടണിയാൻ കഴിഞ്ഞേക്കില്ല.  

Tags:    
News Summary - Win against Chelsea; Manchester United qualified for Champions league

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.