ചെങ്കുപ്പായമഴിക്കുമോ റോബോർട്സൺ...?

ലിവർപൂളിന്‍റെ ലെഫ്റ്റ് വിങ് ബാക്കായ ആൻഡി റോബോർട്സൺ ആൻഫീൽഡ് വിട്ടേക്കുമെന്ന് സൂചനകൾ. സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡ് താരത്തെ തങ്ങളുടെ കൂടാരെത്തിലെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ഇറ്റാലിയൻ സ്പോർട്സ് ജേർണലിസ്റ്റ് ഫബ്രീസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. എന്നാൽ ലിവർപൂൾ താരത്തെ ഒറ്റയടിക്ക് കൈവിടാൻ സാധ്യതയില്ലെന്നാണ് സൂചനകൾ. വലിയ പ്രാധാന്യത്തോടെ തന്നെ താരത്തെ ക്ലബ്ബിലെത്തിക്കാൻ വേണ്ടി അത്ലറ്റിക്കോ ഒരുക്കമാണെന്നും റോബോർട്സന് അതിൽ താൽപര്യമുണ്ടെന്നും ഫബ്രീസിയോ റിപ്പോർട്ട് ചെയ്തു.

31 വയസ്സുകാരനായ സ്കോട്ടിഷ് താരത്തിന് ആൻഫീൽഡിൽ ഒരു വർഷത്തെ കരാർ മാത്രമാണ് അവശേഷിക്കുന്നത്. ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് മിലോസ് കെർക്കെസിനെ ലിവർപൂൾ സ്വന്തമാക്കുകയാണെങ്കിൽ അടുത്ത സീസണിൽ റോബർട്സണ് കൂടുതൽ ശക്തമായ മത്സരം നേരിടേണ്ടി വന്നേക്കാം.

അത്‌ലറ്റിക്കോയുടെ നിലവിലെ ടീമിൽ ജാവി ഗാലൻ മാത്രമാണ് ലെഫ്റ്റ് ബാക്കായിട്ടുള്ളത്. ഡീഗോ സിമിയോണിയുടെ ടീം ഇടതുവശത്ത് മറ്റൊരു വിശ്വസതനെ കൂടി തിരയുകയാണ്. എ.സി മിലാനിലെ തിയോ ഹെർണാണ്ടസിനായി അത്‌ലറ്റിക്കോ മുമ്പ് ശ്രമിച്ചിരുന്നുവെങ്കിലും, ഇപ്പോൾ റോബർട്സണാണ് അവരുടെ പ്രധാന ലക്ഷ്യം. 2017-ൽ ലിവർപൂളിൽ ചേർന്നതിന് ശേഷം, റോബർട്സൺ ചെങ്കുപ്പായക്കാരുടെ പ്രതിരോധനിരയിലെ ഒരു പ്രധാന ഭാഗമായി മാറി. കഴിഞ്ഞ സീസണിൽ ലിവർപൂൾ പ്രീമിയർ ലീഗ് കിരീടം നേടിയപ്പോൾ, ലീഗിൽ കളിച്ച 34 മത്സരങ്ങളിൽ 27 എണ്ണത്തിലും അദ്ദേഹം ആദ്യ ഇലവനിൽ ഉണ്ടായിരുന്നു.

Tags:    
News Summary - Will Robertson leave Liverpool?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.