ഇന്ത്യൻ കോച്ച് മനോലോ മാർക്വേസ്
കൊൽക്കത്ത: ഭുവനേശ്വറിലെ കലിംഗ മൈതാനത്ത് ദിവസങ്ങൾക്ക് മുമ്പ് സൂപ്പർ കപ്പ് ഫൈനലിനൊടുവിൽ എഫ്.സി ഗോവ കപ്പുയർത്തുമ്പോൾ രാജ്യത്തെ സോക്കർ സീസണിന് അതോടെ കർട്ടൻ വീഴുകയായിരുന്നു. ചാമ്പ്യന്മാരായ മനോലോ മാർക്വേസിന്റെ ടീം ഗംഭീര ചടങ്ങിൽ കിരീടം ഏറ്റുവാങ്ങുമെന്ന് കരുതിയെങ്കിൽ തെറ്റി. മൈതാനത്ത് നടക്കേണ്ട കിരീടധാരണം അകത്തെ മുറിയിലൊതുങ്ങി. ടീം പക്ഷേ, കപ്പുമായി കോണിയിറങ്ങി മൈതാനത്തെത്തി ആഘോഷമാക്കിയതായിരുന്നു ഏക ആശ്വാസം. നിലവിലെ ഇന്ത്യൻ ഫുട്ബാൾ എത്തിനിൽക്കുന്ന സ്ഥിതിഗതികളെക്കുറിച്ച യഥാർഥ ചിത്രം നൽകുന്നതായിരുന്നു ഈ അവസാന ചടങ്ങ്.
ഛേത്രി യുഗത്തിന് അന്ത്യം
വിരമിച്ചിട്ടും പകരക്കാരനില്ലാത്തതിനാൽ തിരിച്ചുവരേണ്ടിവന്ന സുനിൽ ഛേത്രി നയിച്ച സുവർണ കാലഘട്ടം അവസാനം കുറിച്ചത് കൂടിയായി ഈ സീസൺ. തന്റെ അവസാന മത്സരം ശരിക്കും ഇന്ത്യൻ ഫുട്ബാളിന് പ്രതീക്ഷ പകരുന്നതാകേണ്ടതായിരുന്നു. എന്നാൽ, ഫിഫ ലോകകപ്പ് യോഗ്യത പോരാട്ടങ്ങളിൽനിന്ന് ഇന്ത്യ പുറത്തായി. കോച്ച് ഇഗോർ സ്റ്റിമാക്കിന് തൊപ്പി തെറിക്കുകയും ചെയ്തു. അതിന്റെ പേരിലെ കോടതി നടപടികൾ ഇപ്പോഴും തുടരുന്നു. തന്നെ ബലിയാടാക്കിയെന്ന ആരോപണവുമായി സ്റ്റിമാക്ക് മാധ്യമങ്ങളെ കാണുന്നതും കണ്ടു.
ടെക്നിക്കൽ സമിതി നൽകിയ നിർദേശങ്ങൾ അവഗണിച്ച് പിൻഗാമിയായി മനോലോ മാർക്വേസിനെ പ്രഖ്യാപിച്ച ഫുട്ബാൾ ഫെഡറേഷന് പക്ഷേ, കാര്യങ്ങൾ മുന്നോട്ടു പോകുമെന്ന് തോന്നുന്നില്ല. വൈകാതെ മാർക്വേസ് ദേശീയ പരിശീലക പദവി വിട്ട് പഴയ തട്ടകമായ ഗോവയിലേക്ക് തന്നെ മടങ്ങുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. അപ്പോൾ പിന്നെ പരിശീലകൻ ആരാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്. ജാംഷഡ്പൂരിനെ ഉയരങ്ങളിലേക്ക് നയിച്ച ഖാലിദ് ജമീൽ എത്തുമെന്ന സൂചനകൾ നിലനിൽക്കുന്നു.
ഇന്ത്യൻ ഫുട്ബാളിനെ ആരു രക്ഷിക്കും?
സീസണ് ആരംഭം കുറിച്ച് നടക്കുന്ന ടൂർണമെന്റാണ് ഡ്യൂറൻഡ് കപ്പ്. പ്രമുഖ ക്ലബുകൾ താരങ്ങളുടെ മാറ്റുരക്കാനും തന്ത്രങ്ങൾ പരീക്ഷിക്കാനും അവസരമായി കാണുന്ന മത്സരങ്ങൾ. ഇത്തവണ പക്ഷേ, ഹൈദരബാദ് ടീം ആളെ തികക്കാനാകാതെ പിന്മാറുന്നത് കണ്ടു. 18 അംഗ സ്ക്വാഡിനെ പ്രഖ്യാപിക്കാനാകാത്തതായിരുന്നു പ്രശ്നം. മുമ്പ് ദേശീയ ചാമ്പ്യന്മാരായ ടീംആണെന്നോർക്കണം. ആവശ്യമായ സാമ്പത്തിക പിന്തുണ മുതൽ ക്ലബും കളികളും നടത്തുന്ന വിഷയങ്ങൾ വരെ എല്ലാം പരാജയപ്പെട്ടാണ് ടീം ഈ അവസ്ഥയിലെത്തിയത്. ഇതു ദേശീയ ടീമിന്റെ കൂടി അവസ്ഥയായി മാറുകയാണ്. മറുവശത്ത്, കാര്യമായ പേരും വിലാസങ്ങളുമില്ലാതെ എത്തിയ നോർത്ത് ഈസ്റ്റ് ഡ്യുറൻഡ് കപ്പിൽ കിരീടവുമായി മടങ്ങുകയും ചെയ്തു. അവിടെ തുടങ്ങിയ ടീം വടക്കു കിഴക്കിന് ഇന്ത്യൻ ഫുട്ബാളിൽ കൂടുതൽ വിലാസങ്ങൾ നൽകുകയും ചെയ്തു.
ഗംഭീരം ഐ.എസ്.എൽ സീസൺ
കേരളത്തിന്റെ സ്വന്തം ടീമായ മഞ്ഞപ്പട ചീറ്റിപ്പോയെങ്കിലും ഐ.എസ്.എൽ ഇത്തവണ മികച്ച കളികളുമായി ആവേശമായി. അക്ഷരാർഥത്തിൽ മുന്നിൽനിന്ന മോഹൻ ബഗാൻ തന്നെ കിരീടവുമായി മടങ്ങി. മൊറോക്കോ താരം അലാവുദ്ദീൻ അജാരി ഗോളിലും അസിസ്റ്റിലും മുന്നിൽനിന്ന് സീസണിലെ താരമായി. വെറ്ററൻ താരം സുനിൽ ഛേത്രി തന്റെ പ്രതിഭാ വിലാസം തെളിയിച്ച് ബംഗളൂരുവിനെ ഫൈനൽ വരെയെത്തിച്ചു. ടീം ഇന്ത്യയെ ഗോളടിപ്പിക്കാൻ ശരിക്കും വിയർത്ത മനോലോ മാർക്വേസ് ഛേത്രി ഇന്ത്യൻ ടീമിൽ തിരിച്ചെത്തൽ നിർബന്ധമെന്ന് തിരിച്ചറിഞ്ഞു.
ഐ ലീഗ് ആരു നേടി?
ചാമ്പ്യന്മാർ ആരെന്ന് ഇനിയും തീരുമാനാകാത്ത ടൂർണമെന്റാണ് ഐ ലീഗ്. ഒന്നാമതെത്തിയ ചർച്ചിലിനെ ആക്കണോ അതോ കോടതി കയറിയ ഇന്റർ കാശിയെ പ്രഖ്യാപിക്കണോ എന്ന് തീരുമാനമായിട്ടില്ല. കിരീടം ഏറ്റുവാങ്ങിയ ചർച്ചിലിനോട് മണിക്കൂറുകൾ കഴിഞ്ഞ് തിരിച്ചുനൽകാൻ ഫെഡറേഷൻ ആവശ്യപ്പെടുന്നതും കണ്ടു. കളിയുടെ സംപ്രേഷണം ദേശീയ വിതരണ ശൃംഖല പോലുമില്ലാത്ത ശ്രാച്ചി സ്പോർട്സ് എന്ന ഏജൻസിക്ക് നൽകിയതിന്റെ പേരിൽ തുടക്കത്തിലേ പഴി കേട്ടു. പിന്നീട് സോണിക്ക് കൈമാറി തലയൂരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.