കൈകൾ കുറുകെ വെച്ച് യമാൽ കാട്ടിയ അടയാളം; അതിനൊരു ചരിത്രമുണ്ട്...

ഗോൾ നേടിയ ശേഷം ലമീൻ യമാൽ കാണിക്കുന്ന ഈ അടയാളം എന്തെന്നറിയുമോ..? ഗോൾ നേടിയ ശേഷം കാണിക്കുന്ന വെറുമൊരു ഒരു ആഹ്ലാദ പ്രകടനം മാത്രമല്ലിത്. കൈകൾ കുറുകെ വെച്ച് യമാൽ കാട്ടിയ അടയാളം എന്തിനെ സൂചിപ്പിക്കുന്നു എന്നറിയുമോ..? 304 എന്ന നമ്പർ ആണിത്.

ലമീൻ ജനിച്ചത് സ്‌പെയിനിലെ കറ്റലോണിയ മേഖലയിലെ റോക്കഫോണ്ടയിലാണ്. ഈ പ്രദേശത്തിന്‍റെ പോസ്റ്റൽ കോഡാണ്‌ 08304. കറ്റലോണിയയിലെ ഏറ്റവും ദരിദ്രമായ പ്രദേശവും ആഫ്രിക്കൻ അഭയാർഥികൾ കൂട്ടത്തോടെ വന്നിറങ്ങുന്ന ഇടവുമാണിത്. മൊറാക്കോക്കാരനായ യമാലിന്റെ പിതാവ് മുനീർ നസൗറിയും ഇക്വറ്റൊറിയൽ ഗിനിയൻ വംശജയായ മാതാവ് ഷയില എബാനയും കണ്ടുമുട്ടിയത് ഇവിടെയാണ്‌. യമാൽ ജനിച്ചതും പന്തുതട്ടി തുടങ്ങിയതും ഇവിടെ നിന്നുതന്നെ. തന്‍റെ വേരുകൾ ഇവിടെയാണ് എന്നറിഞ്ഞ് അഭിമാനിക്കുന്നയാളാണ്‌, വന്നവഴി മറക്കാത്ത യുവതാരം. എന്നാൽ, സ്പെയിനിലെ തീവ്ര വലതുപക്ഷ പാർട്ടി VOX ഈ പ്രദേശത്തെ വിളിക്കുന്നത്‌ വന്നുകയറിയ ദേശവിരുദ്ധരുടെ 'ചാണകക്കുടം' എന്നാണ്.

 

തന്റെ വേരുകളിൽ താൻ അഭിമാനിക്കുന്നുവെന്നും, സന്തോഷ നേരങ്ങളിൽ, താൻ ജനിച്ചുവളർന്ന ഇടം ഓർമിക്കുന്നതുകൊണ്ട് അതിന്റെ അടയാളമായി പോസ്റ്റൽ കോഡിന്റെ ഭാഗമായ 304 പ്രദർശിപ്പിക്കുന്നു എന്നുമാണ് 17കാരനായ താരത്തിന്‍റെ വിശദീകരണം. ശെരിക്കും വൈകാരികമായ ഒരു ആഹ്ലാദ പ്രകടനം. 




 


ബെൻഫിക്കയെ തകർത്ത് ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ

(Web Desk)


യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ ബെൻഫിക്കയെ ഒന്നിനെതിരെ മൂന്ന് ഗോളിന് (1-3) തകർത്ത് ബാഴ്സലോണ ക്വാർട്ടറിൽ കടന്നു. നേരത്തെ ആദ്യ പാദത്തിൽ 1-0 ത്തിന് ബാഴ്സലോണ ജയിച്ചിരുന്നു.

കാറ്റലോണിയയുടെ സ്വന്തം തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ ലാമിൻ യമാലിന്റെയും റഫീഞ്ഞയുടെ തകർപ്പൻ പ്രകടനമാണ് ബാഴ്സയെ അനായാസം ക്വാർട്ടറിലെത്തിച്ചത്.

കളിയുടെ 11ാം മിനിറ്റിൽ റഫീഞ്ഞയിലൂടെയാണ് ബാഴ്സലോണ ആദ്യം ലീഡെടുക്കുന്നത്. ഗോളിന് വഴിയൊരുക്കിയത് ലാമിൻ യമാലിന്റെ ഉജ്ജ്വല മുന്നേറ്റമാണ്. ബെൻഫിക്കയുടെ പ്രതിരോധ നിരയെ വെട്ടിയൊഴിഞ്ഞ് മുന്നേറിയ യമാൽ ബോക്സിനരികിൽ നിന്ന് നീട്ടി നൽകിയ ഒന്നാന്തരം പാസിലൂടെയാണ് റഫീഞ്ഞ ലക്ഷ്യം കണ്ടത്.

13ാം മിനിറ്റിൽ നിക്കോളസ് ഓട്ടോമെൻഡിയിലൂടെ ബെൻഫിക്ക ഗോൾ തിരിച്ചടിച്ചു. ഡിജോങ്ങിന്റെ കോർണർ കിക്ക് ഹെഡ് ചെയ്ത് ഓട്ടോമെൻഡി വലയിലാക്കുകയായിരുന്നു.

27ാം മിനിറ്റിൽ ആ മാജിക്കൽ ഗോൾ പിറക്കുന്നത്. ഇടതുവിങ്ങിൽ നിന്നും ലെവൻഡോസ്കി തൊടുത്തുവിട്ട ഫ്രീകിക്ക് പോസ്റ്റിനരികെ കാത്തുനിന്ന തലകളെയെല്ലാം ഒഴിഞ്ഞ് വലതുവശത്തെ ത്രോയിലേക്കാണ് പോയത്. എന്നാൽ, ഞൊടിയിടയിൽ പാഞ്ഞെത്തി പുറത്തുപോകും മുൻപ് പന്ത് കൈക്കലാക്കിയ ലാമിൻ യമാൽ വീണ്ടും ഗോൾ മുഖത്തേക്ക് നീങ്ങി. ബോക്സ് ലൈനിന് അരികിൽ നിന്ന് തൊടുത്ത ഒരു ഇടങ്കാലൻ മഴവില്ല് ബെൻഫിക്കയുടെ ഗോൾ കീപ്പറെ മറികടന്ന് പോസ്റ്റിലെത്തി (2-1).

ലാമിന്റെ മാജിക്കൽ ഗോളിലൂടെ വീണ്ടും മുന്നിലെത്തിയ ബാഴ്സലോണ 42ാം മിനിറ്റിൽ റഫീഞ്ഞയുടെ ഗോളിലൂടെ ലീഡ് ഇരട്ടിയാക്കുകയായിരുന്നു(3-1). ക്വാർട്ടറിൽ ബെറൂസിയ ഡോർട്ടുമുണ്ടോ ലില്ലയോ ആയിരിയിക്കും ബാഴ്സയുടെ എതിരാളികൾ.

Tags:    
News Summary - What does Lamine Yamal's 304 celebration mean

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.