‘ഞാൻ സ്​പെയിൻ വിടാതിരുന്നാൽ വംശീയവാദികൾക്ക് എന്റെ മുഖം വീണ്ടും വീണ്ടും കണ്ടുകൊണ്ടിരിക്കാം’; നിരന്തര അധിക്ഷേപത്തിൽ കണ്ണുനിറഞ്ഞ് വിനീഷ്യസ്

മാഡ്രിഡ്: താൻ അനുഭവിക്കുന്ന നിരന്തര വംശീയ അധിക്ഷേപത്തിൽ കണ്ണുനിറഞ്ഞ് ബ്രസീൽ താരം വിനീഷ്യസ് ജൂനിയർ. വംശീയതക്കെതിരായ കാമ്പയിനിന്റെ ഭാഗമായി ‘വൺ സ്കിൻ’ എന്ന സന്ദേശത്തിൽ ചൊവ്വാഴ്ച റയൽ മാഡ്രിഡ് തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ നടക്കുന്ന സ്​പെയിൻ-ബ്രസീൽ സൗഹൃദ മത്സരത്തിന് മുന്നോടിയായുള്ള വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വിനീഷ്യസ്.

സ്‌പെയിൻ വിടാൻ ഒരിക്കലും എന്റെ മനസ്സ് അനുവദിക്കുന്നില്ലെന്നും അങ്ങനെ ചെയ്താൻ വംശീയവാദികൾക്ക് അവർ ആഗ്രഹിക്കുന്നത് ലഭിക്കുമെന്നും താരം പറഞ്ഞു. ഞാൻ സ്​പെയിനിൽ തുടരുമ്പോൾ വംശീയവാദികൾ എന്റെ മുഖം കൂടുതൽ കൂടുതൽ കണ്ടുകൊണ്ടിരിക്കും. കൂടുതൽ ഫുട്ബാൾ കളിക്കാൻ ആഗ്രഹമുണ്ടെങ്കിലും ഇങ്ങനെ മുന്നോട്ട് പോകാൻ പ്രയാസമാണെന്നും വിനീഷ്യസ് കൂട്ടിച്ചേർത്തു. ലാലിഗയിൽ കഴിഞ്ഞ സീസണിൽ പത്ത് തവണയോളമാണ് വിനീഷ്യസ് വംശീയ അധിക്ഷേപത്തിനിരയായത്.

‘സ്‌പെയിൻ വിടാൻ ഒരിക്കലും എന്റെ മനസ്സ് അനുവദിക്കുന്നില്ല. അങ്ങനെ ചെയ്താൻ വംശീയവാദികൾക്ക് അവർ ആഗ്രഹിക്കുന്നത് ലഭിക്കും. ഞാൻ സ്​പെയിനിൽ തുടരുമ്പോൾ വംശീയവാദികൾ എന്റെ മുഖം കൂടുതൽ കൂടുതൽ കണ്ടുകൊണ്ടിരിക്കും. ഞാൻ ഒരു ധീരനായ കളിക്കാരനാണ്. ഞാൻ റയൽ മാഡ്രിഡിനായി കളിക്കുകയും ഞങ്ങൾ ധാരാളം കിരീടങ്ങൾ നേടുകയും ചെയ്യുന്നു. അത് പലർക്കും ദഹിക്കുന്നില്ല. എനിക്ക് കൂടുതൽ ഫുട്ബാൾ കളിക്കാൻ ആഗ്രഹമുണ്ട്, പക്ഷേ മുന്നോട്ട് പോകാൻ പ്രയാസമാണ്’ -വിനീഷ്യസ് കണ്ണീരോടെ പറഞ്ഞു.

കഴിഞ്ഞ ആഴ്ച ഒസാസുനക്കെതിരായ മത്സരത്തിൽ വിനീഷ്യസിനെതിരെ കാണികളിൽനിന്ന് വംശീയാധിക്ഷേപം ഉണ്ടായതായി റയൽ പരാതിപ്പെട്ടിരുന്നു. കഴിഞ്ഞ ജൂണിൽ താരത്തിനെതിരെ വംശീയാധിക്ഷേപം നടത്തിയ നാലുപേർക്ക് 60,001 യൂറോ പിഴയിടുകയും രണ്ട് വർഷത്തേക്ക് സ്റ്റേഡിയം വിലക്ക് ഏ​ർപ്പെടുത്തുകയും ചെയ്തിരുന്നു. മേയിൽ മറ്റു രണ്ടുപേർക്ക് 5,000 യൂറോ പിഴയും ഒരു വർഷത്തെ സ്റ്റേഡിയം വിലക്കും ഏർപ്പെടുത്തി. ഒക്ടോബറിൽ സെവിയ്യയിലും തുടർന്ന് ബാഴ്സലോണയിലും ഈ മാസമാദ്യം വലൻസിയയിലുമെല്ലാം വിനീഷ്യസിന് നേരെ വംശീയാധിക്ഷേപം ഉണ്ടായിരുന്നു.

Tags:    
News Summary - Vinicius with tears in at the constant racial abuse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.