കോഴിക്കോട്ടെ ഫുട്ബോൾ ആരാധകരുടെ മനസിൽ ഒളിമങ്ങാത്ത ഓർമകൾ സമ്മാനിച്ച ഓട്ടോ ചന്ദ്രൻ നിര്യാതനായിരിക്കുന്നു. കളത്തിലിറങ്ങാതെ കാൽപന്ത് പ്രണയം കൊണ്ട് കളിക്കാരെ പോലെ താരമായി വളർന്ന ഓട്ടോ ചന്ദ്രനെ കുറിച്ച് അബ്ദുൽ സലിം ഇ.കെ. എഴുതുന്നു.
കൊച്ചിയിൽ കലൂർ സ്റ്റേഡിയത്തിൽ കേരളാ ബ്ലാസ്റ്റേർസിന്റെ മഞ്ഞക്കടലിരമ്പത്തിന് ഒപ്പമിരുന്ന് ഏതെങ്കിലും ഫുട്ബോൾ മൽസരങ്ങൾ കണ്ടിട്ടുണ്ടോ ?
അതിഥേയ ടീമിന് ആവേശം പകരാൻ കൊട്ടും കുരവയുമായെത്തുന്ന പതിനായിരങ്ങൾ. എതിർ ടീമിന്റെ നീക്കങ്ങൾക്ക് ഗ്യാലറിയിൽ ശ്മശാന മൂകത. ഈ അന്തരീക്ഷത്തിൽ ഏത് വമ്പൻ ടീമും കേരളത്തിന്റെ സ്വന്തം മഞ്ഞപ്പടയുടെ മുന്നിൽ മൽസരത്തിനിറങ്ങുമ്പോൾ ഒന്ന് പതറുക സ്വാഭാവികം.
ഇന്ത്യയിലുംഫുട്ബാൾ തീർത്തും പ്രഫഷണലായി. ഒപ്പം നമ്മുടെ കാണികളും ഇന്ത്യൻ സൂപ്പർ ലീഗ് മൽസരങ്ങൾ ഹോം എവേ രീതിയിൽ സംഘടിപ്പിച്ചപ്പോമ്പോഴുണ്ടായ സ്വാഭാവികമായ മാറ്റമാണത്. നവ മാധ്യമങ്ങളുടെ സാധ്യതകൾ പൂർണമായും ഉപയോഗപ്പെടുത്തി നേടിയെടുത്ത പതഞ്ഞൊഴുകുന്ന ഫുട്ബോൾ ആവേശം.
എന്നാൽ ജഡ്ക്ക വണ്ടിക്കാരൻ കുട്ടനും ഇറച്ചി കച്ചവടക്കാരൻ ആലിക്കോയയുമൊക്കെ മിച്ചം പിടിച്ച കാശിൽ നിന്നാണ് കോഴിക്കോടിന്റെ ഫുട്ബോൾ സംഘാടനത്തിന്റെ ചരിത്രം തുടങ്ങുന്നത്.
അവിടെ പുതിയ പാലം കോയട്ടി ഹാജിയുടെ മുള ഗ്യാലറിയിലിരുന്ന് കുട്ടൻസ് ടീമിന്റെയും (പിന്നീട് ചലഞ്ചേഴ്സ് ) ആലിക്കോയയുടെ യൂണിവേഴ്സലിന്റേയുമൊക്കെ കളി കാണാനെത്തിയിരുന്നവർ കൂടുതലും വലിയങ്ങാടിയിലേയും മിഠായിത്തെരുവിലേയും കോട്ടപ്പറമ്പിലേയും പാളയത്തേയും കച്ചവടക്കാരും പോർട്ടർമാരും കൂലിത്തൊഴിലാളികളും ഡ്രൈവർമാരുമൊക്കെയായിരുന്നു. മോട്ടോർ മണി അയ്യരും, സുബ്രമഹ്ണ്യം ഹോട്ടൽ നായരും, ഫ്രൂട്സ് കച്ചവടക്കാരൻ ആലിക്കോയയുമൊക്കെ ഇവർക്കൊപ്പം ചേരും.
ഇവരുടെ മുന്നിൽ കളിക്കുക എന്നത് ഒരു കാലത്ത് ഇന്ത്യൻ ഫുട്ബോളിന്റെ മക്കയായ കൽക്കത്തയിലെ വമ്പൻ ടീമുകൾക്ക് പോലും ആവേശമായിരുന്നു . അതിനൊരു കാരണവുമുണ്ടായിരുന്നു. അവർക്കിടയിൽ അറിയാതെ ഒരു "കോഴിക്കോടൻ ഫുട്ബോൾ സംസ്കാരം " രൂപപ്പെട്ടിരുന്നു.
നല്ല കളി ആര് കളിച്ചാലും അവരെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുക. യഥാർത്ഥ സ്പോട്സ് മാൻ സ്പിരിറ്റ് .മേവാലാലാലും ഗുലാബ് സിംഗും കിട്ടുവും അസീസും ലത്തീഫും മോയിനും ലായിഖും ചെങ്കാസിയും ഉമറും ഹുസൈൻകില്ലറും മൂസയുമൊക്കെ ഇങ്ങനെ കോഴിക്കോട്ടുകാരുടെ കൈയടി ഏറ്റുവാങ്ങി കളിക്കളത്തിൽ പന്തുമായി കുതിച്ചവർ...ആ തലമുറയുടെ പിൻമുറക്കാരിലൊരാളായിരുന്നു എൻ.പി.ചന്ദ്രൻ എന്ന കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട ഓട്ടോചന്ദ്രൻ.
കോഴിക്കോട്ടെ ഫുട്ബോൾ ഗ്യാലറികളിൽ ഏറ്റവും അധികം പേർ തിരിച്ചറിയുന്ന മുഖം. അബ്ദുറഹിമാൻ ഹാജിയും ഇലത്താളവുമായെത്തുന്ന അപ്പുവും ചന്ദ്രനുമൊക്കെ ചേർന്ന് കോഴിക്കോട്ടെ ഗ്യാലറികൾ ഇളക്കിമറിച്ചു.
ഹബീബും അക്ബറും ചെയിൻ സിംഗും മഗൻ സിംഗും ഇന്ദർ സിംഗുമൊക്കെ ഹൈദരാബാദിലും ബിക്കാനീറിലും ജലന്ധറിലും കളിക്കുന്നതിനേക്കാൾ ആവേശത്തിൽ ഗ്യാലറിയുടെ ആരവങ്ങളിൽ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ പന്തുതട്ടി.
ടെലിവിഷൻ സംപ്രേക്ഷണം മലയാളികളുടെ സ്വപ്നത്തിൽ പോലുമില്ലാത്ത കാലത്ത് കണ്ണൂരിലും കൊച്ചിയിലും , കൊല്ലത്തും തിരുവനന്തപുരത്തുമൊക്കെ ടൂർണമെന്റുകൾ തീരുംവരെ സംഘം ചേർന്ന് മുറിമെടുത്ത് താമസിച്ച് കളി കണ്ടിരുന്ന "ട്രാവലിംഗ് ഫാൻ " ആയിരുന്നു ഈ സംഘങ്ങൾ. സംസ്ഥാനത്തിന്റെ പുറത്തേക്കും നല്ല കളികൾ തേടി ഇവർ സഞ്ചരിച്ചു.
സെവൻസ് ആയാ ലും ഇലവൻസ് ആയാലും കോഴിക്കോട് നടക്കുന്ന ഏത് ടൂർണമെന്റിലും മികച്ച കളിക്കാരനെ കണ്ടെത്തി പ്രത്യേക സമ്മാനം നൽകിയിരുന്നു പണ്ട് ഓട്ടോ ഓടിച്ചും പിന്നീട് ആർ.ടി.ഒ.ഓഫീസ് ഏജന്റായും ഉപജീവനം കഴിച്ചിരുന്ന കോഴിക്കോട് തോപ്പയിൽ സ്വദേശി ചന്ദ്രൻ.
ചന്ദ്രന്റെ ഓട്ടോ റിക്ഷയുടെ നമ്പറായ KLD 5373 മെസ്സിയുടേയോ റൊണാൾഡോയുടെയോ ജഴ്സി നമ്പർ പോലെ പരിചിതമായിരുന്നു അക്കാലത്തെ കോഴിക്കോട്ടെ ഫുട്ബോൾ പ്രേമികൾക്ക്. പത്രങ്ങളിലും റേഡിയോയിലും കളികൾ വിലയിരുത്തുന്നവരുടെ നിരയിലും ചന്ദ്രന് എന്നും സ്ഥാനമുണ്ടായിരുന്നു. കോഴിക്കോട് കളിക്കാനെത്തുന്ന ഇന്ദർ സിംഗ്, സുബ്രതോ ഭട്ടാചാര്യ തുടങ്ങി പല കളിക്കാരുമായും വ്യക്തി ബന്ധങ്ങളും പുലർത്തിയിരുന്നു ചന്ദ്രൻ .
സ്വന്തം ടീം ജയിക്കാൻ എന്ത് തന്ത്രവും പയറ്റാം എന്ന് വിശ്വസിക്കുന്ന ഇന്നത്തെ "ഡൈ ഹാർഡ് ഫാൻസ്" നല്ല കളി ആര് കളിച്ചാലും കൈയടിക്കുന്ന , മികച്ച കാണിക്കുള്ള സമ്മാനം സ്ഥിരമായി ഏറ്റുവാങ്ങിയിരുന്ന ചന്ദ്രനെ പോലെയുളളവരെ എങ്ങനെയാവും വിലയിരുത്തുക?
കോഴിക്കോട്ടെ ഗ്യാലറിയിലും ഇന്ന് ഈ ഫുട്ബോൾ സൗഹൃദങ്ങളൊന്നും കാണാൻ കഴിഞ്ഞെന്നു വരില്ല. കോഴിക്കോട്ടെ കാണികളും "പ്രഫഷണൽ" ആയി മാറിയിരിക്കുന്നു.കളിക്കുന്നവർക്കും സംഘാടകർക്കും ഫുട്ബോൾ ഒരു പക്ഷേ വരുമാനമാർഗ്ഗമായിരിക്കാം. എന്നാൽ ജീവിതത്തിലെ പിരിമുറുക്കങ്ങൾക്കിയിൽ നിന്ന് ഒന്നര മണിക്കൂർ ഒന്ന് വിട്ടു നിൽക്കാൻ ആഗ്രഹിച്ചെത്തുന്ന സാധാരണ മനുഷ്യർക്കോ? അതിലപ്പുറം വിദ്വേഷം പകർത്തി രക്തസമ്മർദ്ധമുയർത്തേണ്ട കാര്യമുണ്ടോ? ലോകകപ്പ് പടിവാതിൽക്കൽ എത്തിയ ഈ സമയത്ത്, ലോകം മുഴുവൻ ഫുട്ബോൾ ഫാനുകൾ തിമർക്കുന്ന ഈ സമയത്ത് നമ്മെ വിട്ടു പോയ എൻ.പി. ചന്ദ്രൻ ജീവിതം കൊണ്ട് പഠിപ്പിച്ചത് അതാണ്.
ഫുട്ബോൾ ഒരു കളിയാണ്...അതിൽ എതിർ കളിക്കാരേ ഉള്ളൂ. കളത്തിന് പുറത്തെ ശത്രുക്കളില്ല...കളത്തിലിറങ്ങാതെ കാൽപ്പന്ത് പ്രണയം കൊണ്ട് കളിക്കാരെപ്പോലെ താരമായി വളർന്ന പ്രിയപ്പെട്ട ചന്ദ്രേട്ടന്, "കോഴിക്കോടൻ ഫുട്ബോളിന്റെ ട്വൽത്ത് മാന് "കണ്ണീർ പ്രണാമം....
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.