മെസ്സിക്കു പകരക്കാരൻ ആരാകും?; മൂന്നു താരങ്ങളിൽ നോട്ടമിട്ട് പി.എസ്.ജി

കരാർ പുതുക്കില്ലെന്ന് ഉറപ്പായതോടെ അർജന്‍റൈൻ സൂപ്പർതാരം ലയണൽ മെസ്സിക്കു പകരക്കാരാനെ കണ്ടെത്താനുള്ള നീക്കത്തിലാണ് ഫ്രഞ്ച് വമ്പന്മാരായ പാരിസ് സെന്‍റ് ജെർമെയ്ൻ (പി.എസ്.ജി). താരത്തെ ക്ലബിൽ നിലനിർത്താനുള്ള മാനേജ്മെന്‍റിന്‍റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് പകരക്കാരനുവേണ്ടിയുള്ള അന്വേഷണവും തുടങ്ങിയത്.

ബാഴ്സലോണയുമായുള്ള കരാർ അവസാനിച്ചതോടെ 2021ൽ ഫ്രീ ട്രാൻസ്ഫറിലാണ് മെസ്സി പി.എസ്.ജിയിലെത്തുന്നത്. ആദ്യ സീസണിൽ താരത്തിന് തിളങ്ങാനായില്ലെങ്കിലും ഇത്തവണ മികച്ച ഫോമിലാണ്. താരത്തിന്‍റെ അഭാവം ക്ലബിൽ വലിയ വിടവുണ്ടാക്കുമെന്ന കാര്യത്തിൽ മാനേജ്മെന്‍റിനും സംശയമില്ല. അതുകൊണ്ടു തന്നെ മെസ്സിയുടെ ഓൾറൗണ്ട് മികവിനൊത്ത താരത്തെ തന്നെ പകരക്കാരനായി ക്ലബിലെത്തിക്കാനാണ് പി.എസ്.ജിയുടെ നീക്കം.

പ്രധാനമായും മൂന്നു താരങ്ങളെയാണ് ക്ലബ് നോട്ടമിടുന്നത്. ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിന്‍റെ സെർജി നാബ്രി, എ.സി മിലാന്‍റെ പോർചുഗീസ് മുന്നേറ്റതാരം റാഫേൽ ലിയോ, ലിവർപൂൾ താരം മുഹമ്മദ് സലാ എന്നിവർക്കുവേണ്ടിയാണ് ക്ലബ് വലവിരിക്കുന്നത്. സീസണിൽ നിറംമങ്ങിയ നാബ്രി വരും സീസണിൽ ബയേണിൽ ഉണ്ടാകുമോയെന്ന കാര്യം അനിശ്ചിതത്വത്തിലാണ്.

കഴിഞ്ഞ സമ്മറിൽ 2026 വരെ കരാർ പുതുക്കിയ താരത്തിന് ഇത്തവണ പ്രതീക്ഷക്കൊത്ത് ഉയരാനായിട്ടില്ല. ഈ സമ്മർ ട്രാൻസ്ഫറിൽ താരം ക്ലബ് വിട്ടേക്കുമെന്ന അഭ്യൂഹമുണ്ട്. അങ്ങനെയെങ്കിൽ താരം പി.എസ്.ജിയിലേക്കാകും ചേക്കേറുക. നിലവിൽ ലോകത്തിലെ മികച്ച മുന്നേറ്റ താരങ്ങളിൽ ഒരാളാണ് റാഫേൽ ലിയോ. സീസൺ അവസാനത്തോടെ താരം എ.സി മിലാൻ വിടുമെന്ന് റിപ്പോർട്ടുകളുണ്ട്. പ്രീമിയർ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും താരത്തിനായി താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്.

പി.എസ്.ജി കൂടി കളത്തിലിങ്ങുന്നതോടെ താരത്തിനായി കടുത്ത മത്സരം തന്നെ നടക്കും. പ്രീമിയർ ലീഗിൽ ലിവർപുൾ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത സീസണുകളിലൊന്നാകും ഇത്തവണ. എന്നാൽ, ക്ലബിന്‍റെ ഈജിപ്ഷ്യൻ സൂപ്പർതാരം മുഹമ്മദ് സലാ മിന്നും ഫോമിൽതന്നെയാണ്. 43 മത്സരങ്ങളിൽനിന്നായി 37 ഗോളുകളാണ് താരം നേടിയത്. ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടമായതോടെ സലാ ഇത്തവണ ക്ലബ് വിടുമെന്നാണ് പുറത്തുവരുന്ന വിവരം.

മെസ്സിയുടെ വിടവ് സലായിലൂടെ പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പി.എസ്.ജി. മെസ്സി ബാഴ്സലോണയിലേക്കു തന്നെ മടങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. മെസ്സിക്കൊപ്പം ബ്രസീൽ സൂപ്പർതാരം നെയ്മറും ബാഴ്സലോണയിലേക്ക് മടങ്ങിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

Tags:    
News Summary - Three players who could replace Lionel Messi at PSG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT